Connect with us

National

കൂടുതല്‍ അവശ്യ മരുന്നുകള്‍ക്ക് വിലനിയന്ത്രണം വന്നേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: അര്‍ബുദം, എയ്ഡ്‌സ്, മലേരിയ പോലുള്ള രോഗങ്ങള്‍ക്കുള്ള മരുന്നുകളെ വിലനിയന്ത്രണ സംവിധാനത്തിനു കീഴില്‍ കൊണ്ടുവരാന്‍ നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് അതോറിറ്റി (എന്‍ പി പി എ) നീക്കം ആരംഭിച്ചു. വില നിയന്ത്രണ സംവിധാനത്തിനു കീഴില്‍ വരാത്ത ചില അവശ്യ മരുന്നുകളെക്കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചതായി എന്‍ പി പി എ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ചില മരുന്നുകളുടെ വില ഗണ്യമായി വര്‍ധിക്കുകയും അതുവഴി ചികിത്സ ചെലവേറിയതുമാകുകയും ചെ യ്യുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതു തടയുന്നതിന് സാധ്യമായ വഴികള്‍ ആരായുകയാണെന്നും ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
അര്‍ബുദം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കുള്ള വിലയില്‍ 600 ശതമാനം വരെയാണ് വര്‍ധനയുണ്ടായിരിക്കുന്നത്. ഇതിന് നിയന്ത്രണം ആവശ്യമാണ്. മലേരിയ, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ക്കെതിരെയുള്ള മരുന്നുകളുടെ വിലക്കയറ്റവും എന്‍ പി പി എ പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ മെയ് വരെയുള്ള സ്ഥിതിയനുസരിച്ച് അവശ്യ മരുന്നകളുടെ വിഭാഗത്തില്‍ 348 മരുന്നുകളാണ് വിലനിയന്ത്രണ സംവിധാനത്തിന്റെ പരിധിയില്‍ വരുന്നത്. ഇംപ്ലിമെന്റേഷന്‍ ഓഫ് ഡ്രഗ് പ്രൈസ് കണ്‍ട്രോള്‍ ഓഡര്‍ 2013 പ്രകാരമാണ് ഇത്രയും മരുന്നുകളെ ഈ പട്ടികയില്‍ പെടുത്തിയിരിക്കുന്നത്. രാജ്യത്തെ മരുന്നുകളുടെ വില നിശ്ചയിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഔദ്യോഗിക ഏജന്‍സിയാണ് എന്‍ പി പി എ.