Connect with us

National

തെലങ്കാനക്കും ആന്ധ്രക്കുമിടയിലെ പുതിയ തര്‍ക്കമായി കേന്ദ്ര ഓര്‍ഡിനന്‍സ്‌

Published

|

Last Updated

ഹൈദരാബാദ്: സീമാന്ധ്രയും തെലങ്കാനയും തമ്മില്‍ തര്‍ക്കത്തിന് വഴിവെച്ച് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഓര്‍ഡിനന്‍സ്. പോലവാരം ജലസേചന പദ്ധതിക്കായി തെലങ്കാനയുടെ 200 ഗ്രാമങ്ങള്‍ സീമാന്ധ്രക്ക് വിട്ടുകൊടുക്കണമെന്ന കേന്ദ്ര ഓര്‍ഡിനന്‍സാണ് വന്‍ പ്രതിഷേധം ക്ഷണിച്ച് വരുത്തിയിരിക്കുന്നത്. ഈ വിഷയത്തില്‍ ടി ആര്‍ എസ് പ്രസിഡന്റ് കെ ചന്ദ്രശേഖര റാവു ആഹ്വാനം ചെയ്ത ബന്ദില്‍ ഇന്നലെ മേഖല സ്തംഭിച്ചു. റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകളടക്കം റോഡിലിറങ്ങിയില്ല. ഹൈദരാബാദ് അടക്കമുള്ള പത്ത് ജില്ലകളില്‍ കടകളും ഹോട്ടലുകളും ബിസിനസ് സ്ഥാപനങ്ങളും അടഞ്ഞ് കിടന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില വളരെ കുറവായിരുന്നു. ടി ആര്‍ എസ് പ്രവര്‍ത്തകര്‍ ആര്‍ ടി സി ഡിപ്പോകള്‍ ഉപരോധിച്ചതോടെ സര്‍ക്കാര്‍ ബസുകള്‍ക്ക് പുറത്തിറങ്ങാനായില്ല. പ്രധാന പരീക്ഷകളെല്ലാം മാറ്റിവെച്ചിരുന്നു.
ഖമ്മം ജില്ലയിലെ 205 ഗ്രാമങ്ങള്‍ ആന്ധ്രാ പ്രദേശിനോട് ചേര്‍ക്കണമെന്നായിരുന്നു കേന്ദ്ര ഓര്‍ഡിനന്‍സിന്റെ ഉള്ളടക്കം. ഇത്തരം ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്രത്തിന് അധികാരമില്ലെന്നാണ് തെലങ്കാനയിലെ നിയുക്ത മുഖ്യമന്ത്രി കൂടിയായ ചന്ദ്രശേഖര റാവു പറയുന്നത്. ജൂണ്‍ രണ്ടിന് ഇരു സംസ്ഥാനങ്ങളും നിലവില്‍ വന്ന ശേഷം ഇരുപക്ഷത്തെയും നേതാക്കളോട് ചര്‍ച്ച നടത്തി മാത്രമേ അത്തരം തീരുമാനം കൈകൊള്ളാനാകൂ എന്ന് റാവു പറയുന്നു.
ഗോദാവരി നദിക്ക് കുറുകേ വരുന്ന ജലസേചന പദ്ധതിയുടെ പേരില്‍ സംസ്ഥാനാന്തര തര്‍ക്കം ഉണ്ടാകാതിരിക്കാനാണ് 205 ഗ്രാമങ്ങള്‍ മുന്‍കൂട്ടി ആന്ധ്രയോട് ചേര്‍ക്കുന്നതെന്നാണ് കേന്ദ്ര നിലപാട്. എന്നാല്‍ ഖമ്മം ജില്ലയിലെ ഭദ്രാചലം, പല്‍വാഞ്ചാ ഡിവിഷനുകളിലെ ഗ്രാമവാസികള്‍ തെലങ്കാനയില്‍ നിന്ന് വേര്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ല. ഓര്‍ഡിനന്‍സിനെതിരെ ശക്തമായ പ്രതിഷേധം അരങ്ങേറുന്നത് ഇവിടെയാണ്.
അതിനിടെ, പോലവാരം പദ്ധതിയെ രാഷ്ട്രീയവത്കരിക്കരുതെന്നും പ്രകോപനപരമായ പ്രതിഷേധത്തിന് മുതിരരുതെന്നും ആന്ധ്രാ നിയുക്ത മുഖ്യമന്ത്രിയും തെലുങ്കു ദേശം പാര്‍ട്ടി മേധാവിയുമായ എന്‍ ചന്ദ്ര ബാബു നായിഡു ആവശ്യപ്പെട്ടു. മുന്‍ സര്‍ക്കാര്‍ ഈ പദ്ധതിക്ക് ദേശീയ പദവി പ്രഖ്യാപിച്ചപ്പോഴും ഗ്രാമങ്ങള്‍ ആന്ധ്രയോട് ചേര്‍ക്കാന്‍ തീരുമാനിച്ചപ്പോഴും എന്ത് കൊണ്ട് മൗനം അവലംബിച്ചുവെന്ന് അദ്ദേഹം ചന്ദ്രശേഖര റാവുവിനോട് ചോദിച്ചു. പുതിയ സംസ്ഥാനത്തിന്റെ വികസനിത്തിനാണ് റാവു ഊന്നല്‍ നല്‍കുന്നതെങ്കില്‍ എല്ലാ സഹായവും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.