നവാസ് ശരീഫിന് പാക്കിസ്ഥാനില്‍ വിമര്‍ശം

Posted on: May 30, 2014 5:55 am | Last updated: May 30, 2014 at 12:55 am

ഇസ്‌ലാമാബാദ്: നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങി ല്‍ പങ്കെടുത്ത പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് ജന്മനാട്ടില്‍ രൂക്ഷ വിമര്‍ശം. കാശ്മീര്‍ പ്രശ്‌നം ഫലപ്രദമായി ഉന്നയിച്ചില്ലെന്നതാണ് പ്രധാന വിമര്‍ശം. നിരവധി വാര്‍ത്താ ചാനലുകള്‍ നവാസ് ശരീഫിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ വിമര്‍ശനാത്മകമായാണ് വിലയിരുത്തിയത്. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിളിച്ചുചേര്‍ത്ത വാര്‍ ത്താസമ്മേളനത്തിന്റെ സമയത്തെ കുറിച്ച് പാക്കിസ്ഥാനിലെ വിവിധ മാധ്യമങ്ങള്‍ സംശയമുന്നയിച്ചു. രണ്ട് പ്രധാനന്ത്രിമാരും കൂടിക്കാഴ്ച നടത്തിയ ദിവസം തന്നെയാണ് വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടിയതെന്നും ഇത് അല്‍പ്പം കൂടി കഴിഞ്ഞിട്ടാകാമായിരുന്നുവെന്നും വിദേശകാര്യ നിരീക്ഷകന്‍ സഫര്‍ ഹിലാലി ചൂണ്ടിക്കാട്ടി. ‘ഇന്ത്യയിലേക്ക് അവരെ അഭിനന്ദിക്കാന്‍ പോയി, തിരിച്ചുവന്നത് കാരണം കാണിക്കല്‍ നോട്ടീസുമായി’ എന്നാണ് പാക്കിസ്ഥാനിലെ പ്രമുഖ ഇംഗ്ലീഷ് പത്രമായ ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ കുറ്റപ്പെടുത്തിയത്. പാക്കിസ്ഥാനിലെ മുഴുവന്‍ മാധ്യമങ്ങളും നവാസ് ശരീഫിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് വന്‍ പ്രാധാന്യമാണ് നല്‍കിയത്. എന്നാ ല്‍, ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയുടെ വാക്കുകള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നാണ് ഭൂരിഭാഗം മാധ്യമങ്ങളുടെയും നിലപാട്. ഇരുരാജ്യങ്ങളും തമ്മില്‍ ഭീകരവാദത്തെ കുറിച്ച് ചര്‍ച്ച ചെയ്തുവെന്നും 26/11ലെ കുറ്റവാളികളുടെ വിചാരണ വേഗത്തലാക്കണമെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെട്ടുവെന്നുമായിരുന്നു വിദേശകാര്യ സെക്രട്ടറി സുജാതാ സിംഗ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.
പി എം എല്‍ ക്യൂ നേതാവ് ചൗധരി ശുജാഅത്ത്, തഹ്‌രീകെ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാ ന്‍ തുടങ്ങിയ രാഷ്ട്രീയ പ്രമുഖര്‍ നവാസ് ശരീഫിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ചിരുന്നു. ഒരിക്കല്‍ പോലും കാശ്മീര്‍ പ്രശ്‌നം ചര്‍ച്ചയില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയാത്തതിനെയും പാക് മാധ്യമങ്ങള്‍ അതിരൂക്ഷമായി വിമര്‍ശിച്ചു. ഇന്ത്യയുമായുള്ള ജലത്തര്‍ക്കത്തെ കുറിച്ച് പാക്കിസ്ഥാന്റെ നിലപാട് ഇന്ത്യയെ അറിയിച്ചില്ലെന്നും വിവിധ പത്രങ്ങള്‍ കുറ്റപ്പെടുത്തി. അതേസമയം, ചില പത്രങ്ങള്‍ ശരീഫിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ ക്രിയാത്മകമായാണ് വിലയിരുത്തിയത്.