ഓപറേഷന്‍ കുബേര: നിരപരാധികളെ പീഡിപ്പിക്കരുത്- എസ് എം എ

Posted on: May 27, 2014 1:28 am | Last updated: May 27, 2014 at 1:28 am

കോഴിക്കോട്: ഓപറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട് നടക്കുന്ന റെയ്ഡിന്റെ ഭാഗമായി നിരപരാധികളെ പീഡിപ്പിക്കരുതെന്ന് എസ് എം എ നേതൃയോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കുറ്റവാളികളായ ബ്ലേഡ് മാഫിയകളെ നിയന്ത്രിക്കുന്നതില്‍ ആഭ്യന്തര വകുപ്പ് കാണിക്കുന്ന ജാഗ്രത അഭിനന്ദനമര്‍ഹമാണ്. ഇതിന്റെ മറവില്‍ ഉദ്യോഗസ്ഥര്‍ക്ക് വിരോധം തീര്‍ക്കാന്‍ ഓപ്പറേഷന്‍ കുബേര ദുരുപയോഗം ചെയ്യുന്നത് നിര്‍ത്തണം.
വ്യാജ എസ് എം എസിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് മഹല്ല് ജമാഅത്ത് സെക്രട്ടറിയും പാങ്ങോട് ഗ്രാമപഞ്ചായത്ത് അംഗവുമായ മുഹമ്മദ് ശാഫിയുടെ വീട് റെയ്ഡ് നടത്തിയത് ഇതിന് ഉദാഹരണമാണ്. യോഗത്തില്‍ സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ എം എ റഹീം, ഇ യഅ്ഖൂബ് ഫൈസി, വി എം കോയ മാസ്റ്റര്‍, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം സംബന്ധിച്ചു.