Connect with us

Alappuzha

പുതിയ വൈദ്യുതി കണക്ഷന്‍ വീട് പൊളിച്ചുപണിയുന്നവര്‍ക്ക് കടുത്ത ബാധ്യതോ

Published

|

Last Updated

ആലപ്പുഴ: വീട് പൊളിച്ചു പണിയുന്നവര്‍ കരുതിയിരിക്കുക. വീട് പൊളിക്കുതിനൊപ്പം നിങ്ങള്‍ക്കിനി നിലവിലെ വൈദ്യുതി കണക്ഷനും ഉപേക്ഷിക്കേണ്ടിവരും. ഇതിനാകട്ടെ പുതുതായി നിശ്ചയിച്ചിട്ടുള്ള കൂടിയ ഡെപ്പോസിറ്റ് അടക്കുകയും പുതിയ നടപടിക്രമങ്ങള്‍ പാലിക്കുകയും വേണം.

വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ നടപ്പിലാക്കിയ സപ്ലൈ കോഡിലെ പുതിയ നിര്‍ദേശമാണ് വീട് ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ പൊളിച്ചു പണിയുന്നവര്‍ക്ക് കനത്ത ബാധ്യത അടിച്ചേല്‍പ്പിക്കുന്നത്.
താമസിക്കുന്നതിനുള്ള വീട് ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ പൊളിച്ചു പണിയുന്നവര്‍ക്ക് നിലവിലെ വൈദ്യുതി കണക്ഷന്‍ ഉപയോഗിക്കാനാകില്ലെന്നും ഇത് വൈദ്യുതി ബോര്‍ഡിനെ തിരികെ ഏല്‍പ്പിച്ച് പുതിയ താത്കാലിക കണക്ഷന്‍ എടുക്കണമെന്നുമാണ് റെഗുലേറ്ററി കമ്മീഷന്‍ സപ്ലൈ കോഡിലൂടെ വ്യക്തമാക്കിയിട്ടുള്ളത്. ഇത് ഉപഭോക്താക്കള്‍ക്ക് കനത്ത ബാധ്യതയാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവില്‍ വീട് പൊളിച്ചു പണിയുന്നതിന് മുമ്പ് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ക്ക് രേഖാമൂലം അപേക്ഷ സമര്‍പ്പിച്ചാല്‍ താത്കാലിക ഷെഡിലേക്ക് കണക്ഷന്‍ മാറ്റി സ്ഥാപിക്കുകയും വീട് പണി പൂര്‍ത്തിയാകുന്ന മുറക്ക് പുതിയ കെട്ടിടത്തിലേക്ക് കണക്ഷന്‍ പുനസ്ഥാപിച്ചു നല്‍കുകയും ചെയ്യുമായിരുന്നു. ഇതിന് തുച്ഛമായ ഫീസ് മാത്രമാണ് ഈടാക്കി വന്നത്. എന്നാല്‍ സപ്ലൈ കോഡ് നിലവില്‍ വന്നതോടെ വീടോ കെട്ടിടമോ പൊളിച്ചു പണിയുന്നതിന് മുമ്പ് നിലവിലുള്ള വൈദ്യുത കണക്ഷന്‍ പൂര്‍ണമായും വിച്ഛേദിക്കണമെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്.
കുടിശ്ശിക കഴിച്ചുള്ള ഡെപ്പോസിറ്റ് തുക തിരികെ നല്‍കുകയും ചെയ്യും. കെട്ടിട നിര്‍മാണത്തിന് മാത്രമായി താത്കാലിക കണക്ഷന് അപേക്ഷിക്കാം. ഇതിന് പക്ഷെ, പുതിയ വൈദ്യുതി കണക്ഷന്‍ എടുക്കുന്ന എല്ലാ നടപടി ക്രമങ്ങളും പാലിക്കുകയും പുതിയ കണക്ഷനാവശ്യമാകുന്ന ഡെപ്പോസിറ്റുകളും മറ്റും അടക്കുകയും വേണം. കെട്ടിടം പണി പൂര്‍ത്തിയാകുന്നതോടെ സ്ഥിരമായ കണക്ഷന് വേണ്ടി അപേക്ഷിക്കണം. അപ്പോഴേക്കും താത്കാലിക കണക്ഷന്റെ ഡെപ്പോസിറ്റ് തുക കുടിശിക കഴിച്ച് തിരികെ ലഭിക്കും. എന്നാല്‍ പുതിയ സ്ഥിരമായ കണക്ഷന് അതാത് കാലത്തെ വര്‍ധിച്ച ഡെപ്പോസിറ്റ് തുകയും മറ്റും നല്‍കേണ്ടി വരുന്നത് ഉപഭോക്താക്കള്‍ക്ക് കനത്ത തിരിച്ചടിയാകും. അതെ സമയം, ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരെ ഇത്തരം നടപടിക്രമങ്ങളില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
ബി പി എല്‍ പട്ടികയിലുള്ളവര്‍ക്ക് താമസത്തിനുള്ള വീട് പൊളിച്ചുപണിയുന്നതിന് നിലവിലെ സംവിധാനം തന്നെയായിരിക്കും. അവര്‍ക്ക് നിലവിലെ കണക്ഷന്‍ നിലനിര്‍ത്തി നല്‍കുന്നതാണ്. വീട് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പുതിയ കെട്ടിടത്തിലേക്ക് കണക്ഷന്‍ മാറ്റി നല്‍കുകയും ചെയ്യും.
വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി കണക്ഷന്‍ മാറ്റി സ്ഥാപിക്കുന്നതിനും സപ്ലൈ കോഡിലെ പുതിയ വ്യവസ്ഥകള്‍ ബാധകമല്ല. എന്നാല്‍ കാലങ്ങളായി തുടര്‍ന്നുവരുന്ന നിലവിലെ വൈദ്യുതി കണക്ഷന്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ കെട്ടിടങ്ങള്‍ പൊളിച്ചു പണിയുന്നതിന് തടസ്സമായുള്ള റെഗുലേറ്ററി കമ്മീഷന്റെ സപ്ലൈ കോഡ് നടപ്പാകുന്നതോടെ വീട് നിര്‍മാതാക്കള്‍ വൈദ്യുതി കണക്ഷന് വേണ്ടി മാത്രം ആയിരക്കണക്കിന് രൂപ ചെലവഴിക്കേണ്ടിവരുന്ന സ്ഥിതിയാണുള്ളത്. ഇതിനെതിരെ രാഷ്ട്രീയ പാര്‍ട്ടികളൊന്നും തന്നെ ഇതേ വരെ രംഗത്ത് വരാത്തതിനാല്‍ സപ്ലൈ കോഡ് തടസ്സം കൂടാതെ നടപ്പാക്കാന്‍ വൈദ്യുതി ബോര്‍ഡിന് കഴിയുമെന്ന സ്ഥിതിയാണുള്ളത്.
വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെയോ മറ്റു ട്രേഡ് യൂനിയന്‍ സംഘടനകളുടെയോ പ്രതികരണവും ഇതേ വരെയുണ്ടായിട്ടില്ല. അതേസമയം, വയര്‍മാന്‍മാരുടെ സംഘടന ഇതിനെതിരെ പ്രക്ഷോഭത്തിന് തുടക്കം കുറിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി തമ്പാന്‍ പറഞ്ഞു.