Connect with us

National

ബംഗാളില്‍ തൃണമൂല്‍ ആക്രമണം ഭയന്ന് സിപിഎമ്മുകാര്‍ ബിജെപിക്കാരാകുന്നു

Published

|

Last Updated

ബര്‍ദ്വാന്‍: പശ്ചിമബംഗാളില്‍ രണ്ട് സീറ്റിലേക്ക് ഒതുങ്ങിയ സി പി എമ്മിന്റെ അണികള്‍ തൃണമൂല്‍ ആക്രമണങ്ങളില്‍ നിന്ന് രക്ഷ തേടാന്‍ വീടിന് മുന്നില്‍ ബി ജെ പി പതാക തൂക്കുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തൃണമൂല്‍ പ്രവര്‍ത്തകര്‍ വീടുകള്‍ കയറി ആക്രമണം തുടങ്ങിയ സാഹചര്യത്തിലാണ് ദേശീയതലത്തില്‍ വന്‍ഭൂരിപക്ഷം നേടിയ ബി ജെ പിയുടെ പതാക തൂക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമുള്ള ആദംപൂരില്‍ സി പി എം സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്തവര്‍ ആശങ്കയുടെ മുള്‍മുനയിലാണ് കഴിയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍
ഇവിടെയുള്ള രണ്ട് ബൂത്തുകളില്‍ സി പി എം സ്ഥാനാര്‍ഥികള്‍ക്ക് 48, 142 വോട്ടുകള്‍ ലീഡ് ലഭിച്ചിരുന്നു. എങ്കിലും പ്രദേശമുള്‍ക്കൊള്ളുന്ന ബര്‍ദ്വാന്‍ ഈസ്റ്റ് മണ്ഡലത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി സുനില്‍ മണ്ഡല്‍ ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. മുമ്പ് സി പി എം കോട്ടയായിരുന്ന മണ്ഡലത്തിലെ ബൂത്തുകളുടെ ഫലം പരിശോധിച്ചപ്പോഴാണ് രണ്ട് ബൂത്തുകളില്‍ സി പി എമ്മിന് ലീഡ് കണ്ടത്. ഈ സാഹചര്യത്തിലാണ് ഇവിടെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തുന്നത്. പലരും സി പി എം പതാകകള്‍ ഒളിപ്പിച്ചു. ആക്രമണം ഉണ്ടായാല്‍ പോലീസ് തങ്ങളുടെ രക്ഷക്കെത്തില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് വീടിന് മുന്നില്‍ ബി ജെ പി പതാക തൂക്കുന്നതെന്ന് ഒരു പ്രദേശവാസി പറഞ്ഞു. റെയ്‌ന ഏരിയാ കമ്മിറ്റി സെക്രട്ടറി അക്തര്‍ അലിയെ ബന്ധപ്പെട്ടപ്പോള്‍ പുറത്ത് ബി ജെ പി പ്രവര്‍ത്തകരെന്ന് തോന്നിക്കുന്ന രീതിയില്‍ പെരുമാറാനാണ് അദ്ദേഹം നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് പേര് വെളിപ്പെടുത്താന്‍ വിസമ്മതിച്ച പ്രദേശവാസി പറഞ്ഞു. ബി ജെ പി പ്രവര്‍ത്തകരെന്ന് കരുതി തൃണമൂല്‍ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാനാകുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പതാകകള്‍ പല സ്ഥലങ്ങളില്‍ ഒളിപ്പിച്ച സി പി എം പ്രവര്‍ത്തകര്‍ മോദിയെ അഭിനന്ദിച്ച് കൊണ്ട് പ്രകടനവും നടത്തി. സി പി എം പതാകകള്‍ക്ക് പകരം പല സ്ഥലങ്ങളിലും ബി ജെ പി പതാകകളും തൂക്കിയിട്ടുണ്ട്. ആദംപൂര്‍ നിവാസികള്‍ 25 കിലോമീറ്റര്‍ അകെലെയുള്ള ശ്യാംസുന്ദര്‍പൂരിലെ പാര്‍ട്ടി പ്രവര്‍ത്തകരെ ബന്ധപ്പെട്ടാണ് 250 ഓളം ബി ജെ പി പതാകകള്‍ സംഘടിപ്പിച്ചത്. ശ്യാം സുന്ദര്‍പൂരില്‍ ബി ജെ പി പതാകകള്‍ കിട്ടുന്ന വലിയ മാര്‍ക്കറ്റുണ്ട്. ബി ജെ പി പതാകക്ക് വന്‍ ഡിമാന്റാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ബൈക്കുകളിലാണ് സി പി എം പ്രവര്‍ത്തകര്‍ ബി ജെ പി പതാകകള്‍ എത്തിക്കുന്നത്. എന്നാല്‍ ആദംപൂരിന് തൊട്ടടുത്ത ഗ്രാമത്തിലുള്ളവര്‍ സി പി എം നേതൃത്വത്തിന്റെ നിര്‍ദേശത്തിന് കാത്തിരിക്കുകയാണ്. “മെയ് 24 വരെ തങ്ങള്‍ കാത്തുനില്‍ക്കും. അതിനിടയില്‍ പാര്‍ട്ടി ഒരു നിര്‍ദേശം മുന്നോട്ട് വെച്ചില്ലെങ്കില്‍ തങ്ങള്‍ ബി ജെ പിയിലേക്ക് പോകുമെന്ന് സി പി എം പ്രവര്‍ത്തകന്‍ പറഞ്ഞു.
അതേസമയം പ്രവര്‍ത്തകരെല്ലാം ബി ജെ പി അനുഭാവികളാണെന്ന് നടിക്കുകയാണോ എന്ന ചോദ്യത്തിന് തൃണമൂല്‍ ആക്രമണങ്ങള്‍ ഭയന്ന് പല സ്ഥലങ്ങളിലും തങ്ങളുടെ പ്രവര്‍ത്തകര്‍ ബി ജെ പിയിലേക്ക് ചേക്കേറുന്നതായി ഏരിയാ കമ്മിറ്റി സെക്രട്ടറി അക്തര്‍ അലി പറഞ്ഞു. ഇത് അപകടകരമായ പ്രവണതയാണ്. വിഷയം ജില്ലാ കമ്മിറ്റിയില്‍ ഉന്നയിച്ചതായും അദ്ദേഹം പറഞ്ഞു. റെയ്‌നയില്‍ നിന്നുള്ള സി പി എം എം എല്‍ എ ഇതേക്കുറിച്ച് പ്രതികരികരിച്ചില്ല.
അതേസമയം സി പി എം പ്രവര്‍ത്തകരുടെ നിലപാട് മാറ്റത്തെ ബി ജെ പി നേതാക്കള്‍ അഭിനന്ദിച്ചു. ബി ജെ പി തങ്ങളുടെ രക്ഷക്കെത്തുമെന്ന ധാരണയില്‍ സി പി എം പ്രവര്‍ത്തകരെടുത്തിരിക്കുന്നത് നല്ല തീരുമാനമാണെന്ന് ബര്‍ദ്വാന്‍ ജില്ലാ ബി ജെ പി ജനറല്‍ സെക്രട്ടറി സന്ദീപ് നന്ദി പറഞ്ഞു. തൃണമൂല്‍ ആക്രമണങ്ങളില്‍ നിന്ന് പാര്‍ട്ടി അവരുടെ രക്ഷ ഉറപ്പ് വരുത്തും. പാര്‍ട്ടിയില്‍ ചേരാന്‍ താത്പര്യമുള്ളവരെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം അദാംപൂരില്‍ വീടുകളില്‍ കയറി ആക്രണം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളെ തൃണമൂല്‍ കോണ്‍ഗ്രസ് റെയ്‌ന-2 ബ്ലോക്ക് പ്രസിഡന്റ് അന്‍സാര്‍ അലി മണ്ഡല്‍ നിഷേധിച്ചു. ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ലെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.