കുട്ടിക്കടകളില്‍ കച്ചവടം തകൃതി

Posted on: May 21, 2014 12:29 am | Last updated: May 21, 2014 at 12:29 am

കല്‍പ്പറ്റ: കല്‍പ്പറ്റ- മാനന്തവാടി സംസ്ഥാന പാതയിലൂടെ സഞ്ചരിച്ചാല്‍ ഒരു ഡസനോളം പച്ചക്കറി തട്ടുകടകള്‍ കാണാം. നിങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ കുട്ടികെളയാണ് മിക്ക കടകളിലും കാണാന്‍ സാധിക്കുക. കടക്കാരന്‍ പുറത്ത് പോയെന്ന് കണക്കുകൂട്ടാന്‍ വരട്ടെ. അവിടെ കാണുന്ന കുട്ടികള്‍ തന്നെയാണ് കടയുടമകള്‍. വിഷുവിന് ശേഷമുണ്ടായ വിലയിടിവും വേനല്‍ മഴയെ തുടര്‍ന്ന് ഉണ്ടായ കൃഷി നാശവും പച്ചക്കറി വാങ്ങാന്‍ കച്ചവടക്കാര്‍ എത്താതിരുന്നതും മാതാപിതാക്കള്‍ക്ക് നേരിടുന്ന ദുരിതം കണ്ടു മടുത്ത ഒരു പറ്റം കൗമാരക്കാരനാണ് പുതിയ ആശയവുമായി രംഗത്ത് എത്തിയിരിക്കുന്നത്. എന്തിനാണ് തങ്ങള്‍ ഇത്തരമൊരു ബിസിനസിലേക്ക് ഇറങ്ങിവരാന്‍ ഇടയായതെന്ന് അവര്‍ തന്നെ പറയുന്നു. പയ്യമ്പള്ളി സെന്റ് കതെറിന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥി എസ് ബിന്‍ബില്‍ പറയുന്നത് ‘ ഞങ്ങള്‍ ഈ കടയിട്ടത് ഇപ്പോള്‍ ചന്തയില്‍ എത്തിക്കാന്‍ ആവശ്യക്കാരില്ലാത്ത പച്ചക്കറികള്‍ കിടന്ന് നശിക്കുന്നതു കണ്ടപ്പോള്‍ വിഷമം തോന്നി, അതോടൊപ്പം മാതാപിതാക്കളെ എങ്ങനെ രക്ഷിക്കാമെന്നുള്ള ചിന്തയുമാണ് ഇത്തരമൊരു ആശയം ഉടലെടുത്തത്.
ഞങ്ങളുടെ മാതാപിതാക്കള്‍ കൃഷിയിറക്കിയതാണ് വില്‍പനക്ക് വെച്ചിരിക്കുന്നത്.
ഇടനിലക്കാരില്ലാത്തതിനാല്‍ ഉപഭോക്താവിനും ലാഭമാണ്. ലക്ഷങ്ങള്‍ മുടക്കി ഇറക്കിയ കൃഷിക്ക് ഇങ്ങനെ വിപണി കണ്ടെത്തിയതുകൊണ്ട് അധിക ലാഭമെന്നും ലഭിച്ചില്ലെങ്കിലും നഷ്ടമില്ലാതെ കടന്നു കൂടാം.
കൊയ്‌ലേരി മേഖലയിലാണ് തട്ടുകള്‍ അധികം കാണാന്‍ കഴിയുക. ഒരുകടയില്‍ മൂന്നും നാലും വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് വിപണനം നടത്തിവരുന്നത്. ആറാട്ടുതറ ഗവ. ഹൈസ്‌കൂള്‍,മാനന്തവാടി എച്ച് എസ് എസ്, പയ്യമ്പള്ളി സെന്റ് കാതറിന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് വില്‍പന നടത്തുന്നവരില്‍ അധികവും. മഞ്ചേരി, മലപ്പുറം, കുറ്റിയാടി,കോഴിക്കോട് എന്നിവടങ്ങളില്‍ നിന്നുള്ള കച്ചവടക്കാരായിരുന്നു വയനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പച്ചക്കറി വാങ്ങാന്‍ എത്തിയിരുന്നത്. ഇവരുടെ വരവ് നിലച്ചതോടെയാണ് കര്‍ഷകര്‍ പ്രതിസന്ധിലായത്. കുട്ടി കടകളില്‍ നിന്നുംദിനം പ്രതി നൂറുകണക്കിന് യാത്രക്കാരാണ് പയറും , പാവക്കയും , വെള്ളരിയും, മത്തങ്ങയും , ചീരയും കപ്പയും ഒക്കെ വാങ്ങാന്‍ എത്തുന്നത്.
സാധാരണ വഴിയോരക്കച്ചവടക്കാരോട് ചെയ്യുന്ന അതേ തന്ത്രമായ വില പേശലും തക്യതിയായി നടക്കുന്നുണ്ട്. ചെറിയ സംരഭത്തില്‍ നിന്നു നല്ല വരുമാനം ലഭിക്കുന്നു എന്നാണ് കുട്ടികള്‍ പറയുന്നത്. ആറാട്ടുതറ ഗവ. ഹൈസ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി പി സ്റ്റാലിന്‍ പറയുന്നു ‘എനിക്ക് ശരാശരി 50 കിലോ വഴുതനങ്ങയും 40കിലോ കപ്പയും 200 കിലോ പയറും 100 കിലോ മത്തനും ഒരു ദിവസം വില്‍ക്കാന്‍ സാധിക്കുന്നു ‘. കുട്ടികള്‍ക്ക് മറ്റൊരു കഥകൂടി പറയാനുണ്ട് ,വേനല്‍ മഴക്ക് ശേഷം ഇപ്പോള്‍ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരില്‍ വന്‍ ഇടിവ് ഉണ്ടായിരിക്കുന്നു’.
ഒരേക്കര്‍ സ്ഥലത്ത് കൃഷിക്ക് സ്ഥല വാടക ഉള്‍പ്പടെ 75,000 രൂപ ചെലവായി.പയറിനു 20 രൂപയും, പാവക്കക്ക് 25 രൂപയും കിട്ടിയിരുന്നു എന്നാല്‍ വേനല്‍ മഴക്ക് ശേഷം എട്ടു രൂപയും 10രൂപയും ആയി വില ഇടിഞ്ഞു.പച്ചക്കപ്പയുടെ വില 25 രൂപയില്‍ നിന്ന് ഏഴുരൂപയിലേക്ക് ഇടിഞ്ഞു ഈ കലയിളവില്‍.കുട്ടികടകള്‍ ക്ലാസുകള്‍ ആരംഭിക്കുന്ന മുറക്ക് അവധി ദിനങ്ങളിലേക്ക് ചുരുക്കാനാണ് പദ്ധതി.