മരണക്കളിക്ക് ഇറ്റലി,ഇംഗ്ലണ്ട്,ഉറുഗ്വെ

Posted on: May 21, 2014 12:14 am | Last updated: May 21, 2014 at 12:14 am

ഡി ഫോര്‍ ഡെത്ത്. അതേ, ഗ്രൂപ്പ് ഡി ബ്രസീല്‍ ലോകകപ്പിലെ മരണഗ്രൂപ്പാണ്. ഉറുഗ്വെ, ഇറ്റലി, ഇംഗ്ലണ്ട് എന്നിങ്ങനെ മൂന്ന് മുന്‍ ചാമ്പ്യന്‍മാര്‍. കോണ്‍കകാഫില്‍ നിന്നുള്ള കോസ്റ്ററിക്ക എന്നിവരാണ് നോക്കൗട്ട് ടിക്കറ്റിനായി മത്സരിക്കുന്നത്. സങ്കടകരമായ അവസ്ഥയെന്തെന്നാല്‍ മൂന്ന് മുന്‍ ചാമ്പ്യന്‍മാരിലൊരാള്‍ (ചിലപ്പോള്‍ രണ്ടു പേര്‍ !) ഗ്രൂപ്പ് റൗണ്ടില്‍ വീഴുമെന്നതാണ്.
1990 ലോകകപ്പില്‍ മൂന്നാം സ്ഥാനത്തിനുള്ള പ്ലേ ഓഫില്‍ ഇറ്റലിയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വന്നിരുന്നു. ഇറ്റാലിയ ലോകകപ്പില്‍ ജയം അസൂറിപ്പടക്കൊപ്പം നിന്നു. അതായിരുന്നു, ലോകകപ്പ് ചരിത്രത്തില്‍ ഇംഗ്ലണ്ടിന്റെ അവസാന മികച്ച അധ്യായം. അതിന് ശേഷം ഇംഗ്ലീഷ് പട ലോകകപ്പ് വേദികളില്‍ പച്ചതൊട്ടിട്ടില്ല. 1966 ലോകകപ്പില്‍ ഉറുഗ്വെയും ഇംഗ്ലണ്ടും ഗ്രൂപ്പ് റൗണ്ടില്‍ ഏറ്റുമുട്ടിയിരുന്നു. എന്നാല്‍, കോസ്റ്ററിക്ക മുന്‍ ചാമ്പ്യന്‍മാരുമായി ഒരിക്കല്‍ പോലും ലോകകപ്പില്‍ മുഖാമുഖം വന്നിട്ടില്ല. ഇറ്റലിയും ഉറുഗ്വെയും കഴിഞ്ഞ വര്‍ഷം ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ മൂന്നാം സ്ഥാനത്തിനുള്ള പ്ലേ ഓഫില്‍ മത്സരിച്ചു. ഒപ്പത്തിനൊപ്പം നിന്ന മത്സരം ഷൂട്ടൗട്ടിലാണ് തീര്‍ന്നത്. ഇറ്റലിക്കായിരുന്നു അന്തിമ ജയം. ആവേശകരമായ മത്സരങ്ങളാണ് ഡി ഗ്രൂപ്പ് പ്രദാനം ചെയ്യുന്നത്. കൂട്ടത്തില്‍ ദുര്‍ബലരായ കോസ്റ്ററിക്കക്ക് സമനിലയോടെ മുന്‍ ചാമ്പ്യന്‍മാരുടെ വഴി മുടക്കാന്‍ സാധിക്കും. അതുകൊണ്ടു തന്നെ ടികോസിനെ എഴുതിത്തള്ളരുതെന്ന് ഇംഗ്ലണ്ട് കോച്ച് റോയ് ഹോഗ്‌സന്‍ മുന്നറിയിപ്പ് നല്‍കുന്നു.
ലോകകപ്പ് കളിക്കാന്‍ വരുമ്പോള്‍ കാല്‍ക്കുലേറ്റര്‍ കൂടി കരുതേണ്ട അവസ്ഥയാണ് പലപ്പോഴും ഉറുഗ്വെക്ക്. കാരണം, അനായാസ മുന്നേറ്റം പലപ്പോഴും സാധിക്കാറില്ല. ഇത്തവണ തന്നെ ജോര്‍ദാനെ പ്ലേ ഓഫില്‍ മറികടന്നാണ് വരവ്. അവസാന നിമിഷം വരെ കാത്തിരിപ്പ് ഉറുഗ്വെയുടെ തലയിലെഴുത്താണ്. 2010 ലോകകപ്പിന് യോഗ്യത നേടിയത് പ്ലേ ഓഫില്‍ കോസ്റ്ററിക്കയെ കണ്ണീരണിയിച്ചു കൊണ്ടായിരുന്നു.
2010 ല്‍ സെമിഫൈനല്‍ വരെ കുതിച്ച സ്‌ക്വാഡിലെ പ്രധാനികള്‍ ഇപ്പോഴും ഓസ്‌കര്‍ ടബരെസിന്റെ പടയിലുള്ളതാണ് ഉറുഗ്വെയുടെ കരുത്ത്. ലോകഫുട്‌ബോളിലെ അപകടകാരികളായ രണ്ട് സ്‌ട്രൈക്കര്‍മാര്‍ ഉറുഗ്വെന്‍ നിരയിലാണ് – ലിവര്‍പൂളിന്റെ ലൂയിസ് സുവാരസും പി എസ് ജിയുടെ എഡിന്‍സന്‍ കവാനിയും. ഡിയഗോ ഫോര്‍ലാന് പഴയ കരുത്തില്ലെങ്കിലും ടീമിന് ആവേശമേകാന്‍ സാധിക്കും. രണ്ട് തവണ കിരീടം ഉയര്‍ത്തിയ ഉറുഗ്വെ അവരുടെ മൂന്നാം കിരീടം സ്വപ്‌നം കാണുന്നു. എസ്പാനിയോളിന്റെ ക്രിസ്റ്റ്യന്‍ സ്റ്റുവാനിയാണ് ടീമിലെ മറ്റൊരു പ്രധാനി.
അടുത്ത തലമുറയിലെ കളിക്കാരും ടബരെസിന്റെ സ്‌ക്വാഡിനെ സമ്പന്നമാക്കുന്നു. സ്‌പെയ്‌നില്‍ തകര്‍ത്താടിയ അത്‌ലറ്റിക്കോ മാഡ്രിഡ് ക്ലബ്ബിന്റെ ഡിഫന്‍ഡര്‍ ജോസ് മരിയ ജിമിനെസ്. യോഗ്യതാ റൗണ്ടില്‍ മൂന്ന് തവണ ജിമിനെസിനെ ആദ്യ ലൈനപ്പില്‍ ഉള്‍പ്പെടുത്തി ടബരെസ് യുവതാരത്തിന് ആത്മവിശ്വാസം പകര്‍ന്നിരുന്നു. പതിനെട്ട് വയസുള്ള താരം ഉറുഗ്വെയുടെ അണ്ടര്‍ 20 ടീമിനെ ലോകകപ്പില്‍ നയിച്ചാണ് പക്വത അറിയിച്ചത്. 1930 ല്‍ പ്രഥമ ലോകചാമ്പ്യന്‍മാരായി മാറിയ ഉറുഗ്വെ 1950 ല്‍ ബ്രസീലിനെ മാറക്കാനയിലെ ഫൈനലില്‍ ഞെട്ടിച്ചാണ് രണ്ടാം കിരീടം ഉയര്‍ത്തിയത്. ബ്രസീല്‍ മണ്ണില്‍ അവര്‍ വിജയത്തേരോടിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല.
48 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇംഗ്ലണ്ട് ലോകകപ്പില്‍ മുത്തമിട്ടത്. ആതിഥേയത്വം വഹിച്ചപ്പോഴായിരുന്നു ആ നേട്ടം. വിദേശ മണ്ണില്‍ ആ വിജയം ആവര്‍ത്തിക്കാന്‍, പ്രതിഭാധനരായ താരങ്ങളുണ്ടായിട്ടും ഇക്കാലമത്രയും ഇംഗ്ലണ്ടിന് സാധിച്ചില്ല.
2002 ല്‍ ബ്രസീലിനെതിരെ ക്വാര്‍ട്ടറില്‍ ലീഡ് ചെയ്തു നിന്ന ശേഷമാണ് ഇംഗ്ലണ്ട് തോല്‍വിയിലേക്ക് വഴുതിയത്. അന്ന് റൊണാള്‍ഡീഞ്ഞോയുടെ മാന്ത്രിക ഫ്രീകിക്കായിരുന്നു ഇംഗ്ലണ്ട് ഗോളി സീമാനെ കബളിപ്പിച്ചത്. 2006 ല്‍ പോര്‍ച്ചുഗലിനോടും 2010 ല്‍ ജര്‍മനിയോടും തോറ്റ് ഇംഗ്ലണ്ട് മടങ്ങി. ഫ്രാങ്ക് ലംപാര്‍ഡിന്റെ ഗോള്‍ നിഷേധിക്കപ്പെട്ടത് കഴിഞ്ഞ തവണ ജര്‍മനിക്കെതിരെ ഇംഗ്ലണ്ടിന് ലഭിക്കേണ്ടിയിരുന്ന ആധിപത്യം നഷ്ടമാക്കി. തുടര്‍ന്ന് 4-1 നായിരുന്നു ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞത്.
ഇത്തവണ വിധി മാറ്റിയെഴുതാനാണ് ഇംഗ്ലണ്ട് കോച്ച് റോയ് ഹൊഗ്‌സന്‍ പദ്ധതിയിടുന്നത്. കളിക്കാരോട് ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാന്‍ ഹൊഗ്‌സന്‍ ആഹ്വാനം ചെയ്തു. ഈഗോ വെച്ച് ആരും ലോകകപ്പിന് വരേണ്ടതില്ല. കാമുകിമാര്‍ക്കൊപ്പമുള്ള ചുറ്റലും കുറയ്ക്കണം. കോച്ച് അന്ത്യശാസനം നല്‍കുന്നു.
എന്നാല്‍, എല്ലാ ലോകകപ്പിലുമെന്ന പോലെ ഇംഗ്ലണ്ട് കളിക്കാരുടെ കാമുകി-ഭാര്യ സംഘം ഒരുമിച്ച് വേദിയിലെത്താനാണ് പദ്ധതിയിടുന്നത്. എന്നാല്‍, ക്യാപ്റ്റന്‍ സ്റ്റീവന്‍ ജെറാര്‍ഡ് സഹതാരങ്ങള്‍ക്ക് ഉപദേശം നല്‍കിയിട്ടുണ്ട്. ലോകകപ്പിനിടെ കുടുംബകാര്യം വേണ്ടെന്ന്. രണ്ട് കളി ജയിക്കുമ്പോഴേക്കും കിരീടം നേടിയ ഭാവം കൈവരുന്നതാണ് ഇംഗ്ലണ്ടിന്റെ ശാപം. 2002 ലോകകപ്പില്‍ ബ്രസീലിനെതിരെ വ്യക്തമായ ആധിപത്യമുണ്ടായിട്ടും ഇംഗ്ലണ്ട് തോറ്റത് ഉദാഹരണം. പന്ത് ബ്ലോക്ക് ചെയ്യാന്‍ മടിച്ച് ഡേവിഡ് ബെക്കാം ഒഴിഞ്ഞു മാറിയതായിരുന്നു റൊണാള്‍ഡീഞ്ഞോയുടെ പാസില്‍ റിവാള്‍ഡോയുടെ ഗോളില്‍ കലാശിച്ചത്. ബെക്കാമിന്റെ ജയിച്ച കളി !
സെസാര്‍ പ്രാന്‍ഡെലിയുടെ കീഴില്‍ ഇറ്റലി അനുദിനം മെച്ചപ്പെട്ടു വരികയാണ്. 2012 യൂറോ കപ്പ് റണ്ണേഴ്‌സപ്പായ ഇറ്റലിയുടെ വജ്രായുധം മരിയോ ബലോടെല്ലി എന്ന വികടന്‍ സ്‌ട്രൈക്കറാണ്.
ഒരേ സമയം പ്രശ്‌നക്കാരും ഉപകാരിയുമാണ് ബലോടെല്ലി. കുട്ടിത്തം വിടാത്ത ബലോടെല്ലിയുടെ മൂഡ് ശരിയാണെങ്കില്‍ ഇറ്റലിക്ക് പേടിക്കാനില്ല. അല്ലാത്ത പക്ഷം ആന്ദ്രെ പിര്‍ലോയെ പോലുള്ള പരിചയ സമ്പന്നരുടെ മിടുക്കിനെ ആശ്രയിക്കേണ്ടി വരും അസൂറിപ്പടക്ക്.
1990 ഇറ്റാലിയ ലോകകപ്പിലായിരുന്നു കോസ്റ്ററിക്കയുടെ അരങ്ങേറ്റം. പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി ടികോസ് അരങ്ങേറ്റം അവിസ്മരണീയമാക്കി.