എല്ലാവരും തോല്‍ക്കുന്ന തിരഞ്ഞെടുപ്പ്‌

Posted on: May 20, 2014 6:00 am | Last updated: May 20, 2014 at 5:31 pm

എല്ലാവരും മുന്‍കൂട്ടി പ്രവചിച്ചതിനേക്കാള്‍ (അഥവാ പ്രതീക്ഷിച്ചതിനേക്കാള്‍) ‘നന്നായി’ മാറിയ ഒരു തിരഞ്ഞെടുപ്പ് ഫലം തന്നെയാണിത്. ആര്‍ക്ക് ‘നന്നായി’ എന്നത് മറ്റൊരു കാര്യം. ആപേക്ഷികതാ സിദ്ധാന്തം പറയുന്നതുപോലെ നിങ്ങള്‍ എവിടെ നിന്നു നോക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇതിന്റെ ഗുണദോഷങ്ങള്‍ കാണുക. അഖിലേന്ത്യാ തലത്തില്‍ യാതൊരു സംശയത്തിനുമിട നല്‍കാത്ത വിധം ബി ജെ പിയും എന്‍ ഡി എയും അതിനെല്ലാമുപരി നരേന്ദ്രമോദിയും ഇന്ത്യ ഭരിക്കണമെന്നാണ് ജനവിധി. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നിടത്തോളം ഈ ജനവിധി അംഗീകരിച്ചേ പറ്റൂ. ഇതിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ അറിയാത്തതുകൊണ്ടല്ല ഇങ്ങനെ പറയുന്നത്. ഒന്നാമത്തെ കാര്യം ഇതംഗീകരിക്കാതെ വഴിയില്ല എന്ന സത്യമാണ്. എന്തുകൊണ്ട് ഇങ്ങനെ വന്നുവെന്നാണന്വേഷിക്കുന്നതെങ്കില്‍ അതിനുള്ള കാരണങ്ങള്‍ (വ്യത്യസ്ത വീക്ഷണത്തില്‍) ഏറെ കണ്ടെത്താനാകും. 1984ല്‍ ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തെത്തുടര്‍ന്നുണ്ടായ സഹതാപ തരംഗത്തിലൊഴിച്ചാല്‍ അതിന് ശേഷം ഒരിക്കലും ഒരു കക്ഷിക്കും ഇന്ത്യയുടെ പാര്‍ലിമെന്റല്‍ വ്യക്തമായ ഭൂരിപക്ഷം നേടാനായിട്ടില്ല. രാജീവ് ഗാന്ധി വധം ഉയര്‍ത്തിയ സഹതാപ തരംഗമുണ്ടായിട്ടും 1991ല്‍ കോണ്‍ഗ്രസിന് ഒറ്റക്ക് ഭൂരിപക്ഷമുണ്ടാക്കാനായില്ല. തന്നെയുമല്ല, ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് അതിന്റെ ഏറ്റവും മോശപ്പെട്ട (50 അംഗങ്ങള്‍) അംഗസംഖ്യയുള്ള ഒന്നായി ഈ ലോക്‌സഭ രൂപപ്പെടുകയാണ്. രാജ്യസഭയില്‍ ഭൂരിപക്ഷം തത്കാലമില്ലെങ്കിലും ചില ‘സഖ്യ സാധ്യതകള്‍’ ഇനിയും തുറന്നുകിടക്കുന്നതിനാല്‍ അതും മോദിക്ക് നേടാനാകും.
എന്തുകൊണ്ടിത്ര വലിയ ജയം? ഉറച്ച സര്‍ക്കാര്‍, കഴിവുറ്റ നേതാവ്, രാജ്യത്തിന്റെ വികസനം, അഭിമാനം… ഇങ്ങനെ പലതുമാണ് ഇവരെ അനുകൂലിക്കുന്നവര്‍ പറയാന്‍ സാധ്യതയുള്ള കാരണങ്ങള്‍. ഗുജറാത്തിലെ ‘മാതൃകാ വികസന’ത്തിന്റെ വിശദാംശങ്ങളൊക്കെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. വികസന മോഹത്തില്‍ പെട്ട കേവല ‘നഗര മധ്യവര്‍ഗ’ത്തിന്റെ പിന്തുണയൊന്നുമല്ല ഇപ്പോള്‍ മോദിക്ക് കിട്ടിയിരിക്കുന്നത് എന്നോര്‍ക്കുക. ‘വികസനം’ എന്ന മുദ്രാവാക്യത്തില്‍ മതിമറന്ന് വോട്ട് ചെയ്യുന്നവരൊന്നുമല്ല, ഇന്ത്യയിലെ ഗ്രാമീണര്‍. മോദിയുടെ എതിരാളികള്‍ പറയുന്നതുപോലെ, നാട്ടില്‍ വന്‍ തോതില്‍ വര്‍ഗീയ വിഭജന വാദം വളര്‍ത്തി, ഒരു പറ്റം പേരെ കൂടെ നിര്‍ത്താന്‍ മോദിക്കും പാര്‍ട്ടിക്കും കഴിഞ്ഞത് വിജയത്തിനൊരു കാരണമാകാം. ‘ഗുജറാത്തിന്റെ മറ്റൊരു മാതൃക'(2002) നമ്മുടെ മുന്നിലുണ്ട്. മുസാഫര്‍ നഗര്‍ സംഭവങ്ങള്‍ മുന്നില്‍ വെച്ച് മോദിയും സംഘവും കളിച്ച കളി യു പിയിലെ മുന്നേറ്റത്തിന് സഹായകമായിട്ടുണ്ട്. എന്നാല്‍, അത്ര മാത്രം കൊണ്ട് ഈ നേട്ടമുണ്ടാക്കാനാകില്ല. ഇതില്‍ അടങ്ങിയിരിക്കുന്ന വിപരീത(നെഗറ്റീവ്) ഘടകങ്ങള്‍ നമുക്കൊക്കെ അറിയാം.
ഒരു തിരഞ്ഞെടുപ്പില്‍ പോലും വിജയിക്കാത്ത ഒരാള്‍ പ്രധാനമന്ത്രിയായ പത്ത് വര്‍ഷം ഈ നാട്ടിലുണ്ടായ അനുഭവങ്ങള്‍ മാത്രം മതി അവര്‍ പുറത്ത് പോകണമെന്ന് പറയാന്‍. ഒന്നാം യു പി എ ഭരണത്തില്‍ ചില ജനക്ഷേമ പരിപാടികളുണ്ടായിരുന്നു. എന്നാല്‍, അതിന്റെ രണ്ടാം വരവോടെ ഏറ്റവും ജനവിരിദ്ധ ഭരണകൂടമായി മാറി. എല്ലാ മാസവും രണ്ട് പ്രാവശ്യം വെച്ച് പെട്രോളിനും ഡീസലിനും അത് വഴി മുഴുവന്‍ ജീവിതാവശ്യങ്ങള്‍ക്കും വന്‍ വില വര്‍ധനയുണ്ടാക്കിയ സര്‍ക്കാറാണിത്. അഴിമതിയെന്നതിന്റെ മാനങ്ങള്‍ തന്നെ മാറി. 1991ല്‍ തുടങ്ങിയ ‘പരിഷ്‌കാരങ്ങള്‍’ എങ്ങനെ ഒരു ജനതയെ കൊള്ളയടിക്കുന്ന നയങ്ങളായി മാറിയെന്ന് ജനങ്ങള്‍ കണ്ടു. കേവലം ഒരു കുടുംബത്തിന്റെ മഹത്വത്തില്‍ വിശ്വസിച്ച് ജനങ്ങള്‍ അവരെ പിന്തുണക്കുമെന്ന് അന്ധമായി വിശ്വസിക്കുന്ന സംഘമായി കോണ്‍ഗ്രസ് മാറി. നിരവധി തിരഞ്ഞെടുപ്പുകളില്‍ ഇതിന്റെ സുചന കണ്ടതാണ്.
കോണ്‍ഗ്രസ് വരില്ലെന്ന് ഉറപ്പായതോടെ മൂന്നാം മുന്നണിയെന്ന പതിവ് പല്ലവി പലരും ഉയര്‍ത്താന്‍ തുടങ്ങി. ഇടതുപക്ഷം എല്ലാ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തും ലാലുവിനേയും മുലായത്തെയും ജയലളിതയെയും പട്‌നായിക്കിനെയുമെല്ലാം കൂട്ടി നടത്തുന്ന ഒരു മിമിക്രി പരിപാടിയാണിത്. സൗകര്യം കിട്ടുമ്പോള്‍ ഇവരൊക്കെ തഞ്ചം പോലെ യു പി എയിലേക്കോ എന്‍ ഡി എയിലേക്കോ പോകുമെന്ന് തീര്‍ച്ച. 1996-97 കാലം ആരും മറക്കില്ല. തന്നെയുമല്ല, ഈ മൂന്നാം മുന്നണിയെന്ന സംഘത്തിന് കോണ്‍ഗ്രസില്‍ നിന്ന് വ്യത്യസ്തമായ എന്ത് നയങ്ങളാണുള്ളത്? ഇടതുപക്ഷം ഭരണം കിട്ടാത്ത കാലത്ത് നവ ലിബറല്‍ നയങ്ങളെ എതിര്‍ക്കുന്നുവെന്നെങ്കിലും കരുതാം. (ഭരണം കിട്ടിയാല്‍ എന്താണവസ്ഥയെന്ന് നാം കണ്ടു.) വാചകത്തില്‍ പോലും അങ്ങനെ പറയുന്നവരല്ല, മൂന്നാം മുന്നണിയിലെ കക്ഷികള്‍.
ചുരുക്കത്തില്‍ എന്തായിരുന്നു ശരാശരി ഇന്ത്യക്കാരന്റെ മുന്നിലുള്ള സാധ്യതകള്‍? കോണ്‍ഗ്രസിനോ മൂന്നാം മുന്നണിക്കോ അല്ലെങ്കില്‍ പിന്നെ ബി ജെ പിയല്ലേ വഴി? അഴിമതിയും കെടുകാര്യസ്ഥതയും വിലക്കയറ്റവുമെല്ലാം കൊണ്ട് പൊറുതി മുട്ടിയ ജനത എല്ലാ കോര്‍പറേറ്റ് മാധ്യമങ്ങളുടെയും സംഘടിത പ്രചാരണത്തിന്റെ ബലത്തില്‍ അവതരിപ്പിക്കപ്പെട്ട ‘മോദിയെന്ന മോഹത്തില്‍’ അടിപ്പെട്ടു പോയെങ്കില്‍ അവരെ എങ്ങനെ കുറ്റപ്പെടുത്താനാകും? പ്രത്യേകിച്ചും നഗരകേന്ദ്രീകൃത, അഭ്യസ്തവിദ്യ, യുവജനതയും അവരെ ആകര്‍ഷിക്കുന്ന നവലിബറല്‍ മാധ്യങ്ങളും (വിശേഷിച്ചും ഐ ടി മാധ്യമങ്ങള്‍) മറ്റും ഉയര്‍ത്തിക്കൊണ്ടുവന്ന ഒരു (വ്യാ)മോഹം.
പിന്നെ മോദിയുടെ മതേതരത്വത്തോടും മറ്റുമുള്ള സമീപനങ്ങളുടെ പ്രശ്‌നം. അതൊക്കെ ചിന്തിച്ചിട്ടാണോ നാം വോട്ട് ചെയ്യുന്നത്? യു പിയിലെയും ബീഹാറിലെയും ഗ്രാമീണര്‍ 1977ല്‍ ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥക്കെതിരെയാണ് ഇത്തരത്തില്‍ പ്രതികരിച്ചത് എന്നു തോന്നുന്നു. അവരുടെ മുന്നില്‍ മായാവതി, മുലായം, പിന്നെ രാഹുല്‍ ഗാന്ധി.. ഇവരേക്കാളൊക്കെ സ്വീകാര്യനായി അവര്‍ മോദിയെ കണ്ടെങ്കില്‍ അവരെ കുറ്റപ്പെടുത്തുന്നതെങ്ങനെ? മോദിക്കനുകൂലമായി ഒരു ഹിന്ദുത്വാനുകൂലാന്തരീക്ഷമുണ്ടാക്കിയതും സംഘ്പരിവാറിന്റെ സംഘബലം മുഴുവന്‍ രംഗത്തിറങ്ങിയതുമെല്ലാം ഇതിനെ സഹായിച്ചുവെന്നും കാണാം.
1998 മുതല്‍ ഏതാണ്ട് ആറ് വര്‍ഷത്തിലധികം കാലം അടല്‍ ബിഹാരി വാജ്പയ് ഇന്ത്യ ഭരിച്ചിരുന്നതാണ്. പക്ഷേ, അന്ന് ബി ജെ പി ഒറ്റക്ക് ഭൂരിപക്ഷം നേടിയിരുന്നില്ല. തീവ്രഹിന്ദുത്വ നിലപാടിലേക്ക് പോയാല്‍ നിയന്ത്രിക്കാന്‍ കഴിവുള്ള പലരും അന്നൊപ്പമുണ്ടായിരുന്നു. തമിഴ്‌നാട്ടിലെ ഡി എം കെ സഖ്യവും ബീഹാറിലെ ജെ ഡി യുവും ഒറീസയിലെ നവീന്‍ പട്‌നായിക്കുമെല്ലാം. ഇന്നവരെയൊന്നും മോദിക്ക് ആശ്രയിക്കേണ്ടതില്ല. തന്നെയുമല്ല, വാജ്പയ് അല്ല മോദി. അതുകൊണ്ടു തന്നെ ഏറെ വിവാദമുയര്‍ത്താവുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് ഉറപ്പ് നല്‍കുന്ന കാശ്മീരിന്റെ പ്രത്യേക പദവി, ഏക സിവില്‍ കോഡ്, ബാബരി മസ്ജിദ് പൊളിച്ചിടത്ത് രാമക്ഷേത്ര നിര്‍മാണം… തുടങ്ങിയ പല നടപടികളിലേക്കും മോദി കടന്നേക്കുമെന്ന ഭയം വ്യാപകമായുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറയായ മതേതരത്വത്തിന്റെ ഭാവി സംബന്ധിച്ച് സംശയങ്ങള്‍ ന്യായമാണ്.
എന്നാല്‍ ഈ ലേഖകന്‍ കരുതുന്നത്, മറ്റൊരു രീതിയിലാണ്. ബി ജെ പിയുടെ ഒളിച്ചുവെക്കപ്പെട്ട അജന്‍ഡയാണ് വര്‍ഗീയതയെന്നും അധികാരം കിട്ടിയാല്‍ അവരത് പുറത്തെടുക്കുമെന്നുമാണ് പൊതുവെ പലരും പറയുന്നത്. എന്നാല്‍, യാഥാര്‍ഥ്യം മറ്റൊന്നാണ്. വര്‍ഗീയത അവരുടെ പുറത്തു കാട്ടുന്ന പരിപാടിയാണ്. അതിലൂടെയാണവര്‍ക്ക് അധികാരത്തിലെത്താനാകുക. എന്നാല്‍, അവര്‍ മറച്ചുവെച്ചിരിക്കുന്ന അജന്‍ഡ കോര്‍പറേറ്റ്‌വത്കരണവും സ്വകാര്യവത്കരണവും തന്നെയാണ്. മഹാവികസനമെന്നാല്‍ അതിസമ്പന്നരായ അംബാനിമാരുടെയും അദാനിമാരുടെയും വികസനം തന്നെയാണ് എന്ന് ഗുജറാത്ത് തെളിയിക്കുന്നു. അഴിമതിയുടെ കാര്യത്തില്‍ മുന്‍ എന്‍ ഡി എ സര്‍ക്കാര്‍ ഒരു വിധത്തിലും മോശമായിരുന്നില്ല. ടു ജി സ്‌പെക്ട്രമടക്കം (പെട്രോള്‍ വില നിര്‍ണയാധികാരം സര്‍ക്കാര്‍ ഒഴിയുന്നതു പോലുള്ള) നിരവധി പരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിച്ചത് ആ സര്‍ക്കാറാണ്. ശവപ്പെട്ടി കുംഭകോണം പോലുള്ള അഴിമതികള്‍ നാം മറന്നിരിക്കാമെന്ന് മാത്രം. മാത്രമല്ല, ‘ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് 2004ല്‍ തിരഞ്ഞെടുപ്പിനെ നേരിട്ട എന്‍ ഡി എയുടെ അനുഭവം നമ്മുടെ മുന്നിലുണ്ട്.
പക്ഷേ, ആരായിരിക്കും മോദി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിരോധിക്കാനുണ്ടാകുക എന്നതാണ് പ്രധാന പ്രശ്‌നം. ഇപ്പോള്‍ നിലവിലുള്ള മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ക്കൊന്നും അതിന് ശേഷിയില്ല. ഇത്രയധികം മോദി തരംഗമുണ്ടായിട്ടും അതിനെ ഒരു പരിധിവരെ പ്രതിരോധിച്ചവരെ നാം മറക്കരുത്. ജയലളിത, നവീന്‍ പട്‌നായിക്(ഒഡീഷ) മമത ബാനര്‍ജി. മറ്റൊരു രീതിയില്‍ കേരളത്തിലെ യു ഡി എഫും. ഇതെന്തുകൊണ്ട് സാധ്യമായെന്ന് പഠിക്കണം. ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവുമായുള്ള ചങ്ങാത്തവും (നായിഡുവിന്റെ ബദ്ധശത്രുവായ തെലങ്കാന വിഭജനവാദികളുമായുള്ള ബാന്ധവവും ഒരുപോലെ) ബി ജെ പിയെ സഹായിച്ചതായി കാണാം. ചുരുക്കത്തില്‍, ഇന്ത്യയുടെ തെക്ക്, കിഴക്കന്‍ തീരം ഏതാണ്ട് പൂര്‍ണമായും മോദിയെ പ്രതിരോധിച്ചിരിക്കുന്നു. (അവരൊക്കെ മോദിക്കൊപ്പം നാളെ ചേര്‍ന്നുകൂടെന്നില്ലെങ്കിലും)
ഇടതുപക്ഷത്തിന്റെ ദയനീയാവസ്ഥയെപ്പറ്റി പിന്നീട് വിശദമായി എഴുതേണ്ടതുണ്ട്. സ്വയംകൃതാനര്‍ഥം കൊണ്ട് അവര്‍ തകര്‍ന്നതാണെന്ന് നമ്മള്‍ പറഞ്ഞാല്‍ അവര്‍ അംഗീകരിക്കാനൊന്നും പോകുന്നില്ല. ഒരു തെറ്റും പറ്റാത്ത നേതാക്കളാണല്ലോ ആ കക്ഷിക്കുള്ളത്. യു പി എയും യു ഡി എഫും ഏറെ തകര്‍ന്നു നിന്നിട്ടു പോലും സരിതയും വിലക്കയറ്റവും തമ്മിലടിയും എല്ലാറ്റിലുമുപരി ഗാഡ്ഗിലും കസ്തൂരിരംഗനും സഹായിച്ചിട്ടുപോലും 2004ന്റെ ഏഴയലത്തെത്താന്‍ ഇവര്‍ക്കായില്ല. മൂന്ന് നാല് മണ്ഡലങ്ങളിലൊഴിച്ചാല്‍ ഇവരുടെ ജയത്തിനും വലിയ ശോഭയില്ല.(കേരളത്തില്‍) ബംഗാള്‍ ജനതയുടെ നിലപാടില്‍ ഒട്ടും അയവില്ല. ഇടതുപക്ഷം സ്വയം നവീകരിക്കാനും ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനും തയ്യാറാകുമെന്ന് വീണ്ടും ആഗ്രഹിക്കുന്നു, അവര്‍ അതിന് തയ്യാറാകില്ലെങ്കിലും. കൊല്ലം, തിരുവനന്തപുരം മണ്ഡലങ്ങളിലെ ജനവിധിയെങ്കിലും ഒന്ന് പരിശോധിക്കാന്‍ ഇടതുപക്ഷം തയ്യാറായെങ്കില്‍!
വാല്‍ക്കഷണം: പശ്ചിമ ബംഗാളിലെ ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന സിംഗൂരിലെ കാര്‍ (ടാറ്റ, നാനോ) കമ്പനിയെ ജനങ്ങള്‍ തുരത്തിയോടിച്ചതിനെ ഏതിര്‍ത്തയാളാണ് സംസ്ഥാനത്തെ അന്നത്തെ മുഖ്യമന്ത്രി. ആ കാര്‍ നേരെ ഓടിയെത്തിയത് മോദിയുടെ ഗുജറാത്തിലാണ്. അത്രയേ മൂലധന കോര്‍പറേറ്റുകള്‍ക്ക് രാഷ്ട്രീയമൂല്യമുള്ളൂവെന്നര്‍ഥം.