ജില്ലയിലെങ്ങും ആഹ്ലാദ പ്രകടനം

Posted on: May 17, 2014 8:50 am | Last updated: May 17, 2014 at 8:56 am

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര, വയനാട്, കോഴിക്കോട് മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വിജയം കോഴിക്കോട് ജില്ല മുഴുക്കെ യു ഡി എഫ് പ്രവര്‍ത്തകര്‍ക്ക് ആഹ്ലാദത്തിന് വകയൊരുക്കി. വടകരയില്‍ വിജയിച്ച മുല്ലപ്പള്ളി രാമചന്ദ്രനും കോഴിക്കോട്ട് വിജയിച്ച എം കെ രാഘവനും വയനാട്ടില്‍ വിജയിച്ച എം ഐ ഷാനവാസും ഇന്നലെ തന്നെ മണ്ഡലങ്ങളുടെ വിവിധ ഭാഗങ്ങളില്‍ വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്താനെത്തി.
ആഹ്ലാദ പ്രകടനങ്ങള്‍ക്ക് പോലീസ് അധികൃതര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സാന്നിധ്യത്തില്‍ തന്നെ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ മുന്‍ തിരഞ്ഞെടുപ്പുകളിലെ പോലെ കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. നാദാപുരം മേഖലയിലെ അരൂര്‍ കല്ലുമ്പുറത്തിനടുത്ത് പ്രകടനം നടത്തിയ യു ഡി എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ഇടതുമുന്നണിക്കാര്‍ കൈയേറ്റത്തിന് മുതിര്‍ന്നതായി പരാതിയുയര്‍ന്നു. പെരുമുണ്ടച്ചേരി ചുഴലിയില്‍ പ്രകടനത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞതായി യു ഡി എഫ് നേതാക്കള്‍ ആരോപിച്ചു.
മുല്ലപ്പള്ളിയുടെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കുറ്റിയാടി, മേപ്പയൂര്‍, പയ്യോളി, വടകര, നാദാപുരം മേഖലയിലെ അരൂര്‍ കല്ലുമ്പുറും, പെരേങ്കാട്കുന്ന്, പെരുമുണ്ടച്ചേരി ചുഴലി, എന്നിവിടങ്ങളില്‍ പ്രകടനം നടന്നു.
കുറ്റിയാടി വേളം കാക്കുനിയില്‍ ആഹ്ലാദ പ്രകടനം നടത്തുകയായിരുന്ന നാല് യൂത്ത് ലീഗ് പ്രവര്‍ത്തകരെ സി പി എം പ്രവര്‍ത്തകര്‍ അക്രമിച്ചതായി പരാതിയുയര്‍ന്നു. പരുക്കേറ്റ കണ്ണോടംകണ്ടി ജസീര്‍(20), മത്തത്ത് യൂനുസ്(21), കുനിയില്‍ മീത്തല്‍ സലാം(20), പുത്തൂര്‍ കൈതക്കല്‍ മുഹമ്മദ്(28) എന്നിവരെ വടകര ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എം കെ രാഘവന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കോഴിക്കോട് നഗരത്തിലും തലക്കുളത്തൂര്‍, താമരശ്ശേരി, കൊടുവള്ളി, നരിക്കുനി, നടുവണ്ണൂര്‍ എന്നിവിടങ്ങളിലും പ്രകടനം നടന്നു. കൊടുവള്ളിയില്‍ ആഹ്ലാദം പങ്കിടാനെത്തിയ രാഘവന്‍ തുറന്ന വാഹനത്തില്‍ വോട്ടര്‍മാരെ അഭിവാദ്യംചെയ്തു.
വയനാട് മണ്ഡലത്തില്‍പെട്ട തിരുവമ്പാടിയിലും പരിസരങ്ങളിലും യു ഡി എഫിന്റെ വിജയത്തില്‍ കാര്യമായ ആഹ്ലാദം കണ്ടില്ല. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ ചൊല്ലി തിരഞ്ഞെടുപ്പിന് മുമ്പു തന്നെ ഈ ഭാഗങ്ങളില്‍ ഉരുണ്ടുകൂടിയ പ്രതിഷേധം തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഇന്നലെ നിശബ്ദം പ്രകടമാക്കുകയായിരുന്നു.
ദേശീയ തലത്തിലെ തിളക്കമാര്‍ന്ന വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നരിക്കുനി, മടവൂര്‍, ആരാമ്പ്രം ഭാഗങ്ങളില്‍ ബി ജെ പി പ്രവര്‍ത്തകരും പ്രകടനം നടത്തി.