തെക്കന്‍ ഭാഗത്ത് വിഎസ് ഫാക്ടര്‍ കണ്ടില്ല

Posted on: May 17, 2014 8:16 am | Last updated: May 17, 2014 at 8:16 am

vscartoonതിരുവനന്തപുരം: അടുത്തകാലത്തായി സന്നിഗ്ധ ഘട്ടങ്ങളിലെല്ലാം പാര്‍ട്ടിയോട് പോരടിച്ചുനിന്നിരുന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ തന്റെ പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി പാര്‍ട്ടിയോട് ചേര്‍ന്നുനിന്ന് പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണ രംഗത്ത് നിറഞ്ഞു നിന്നെങ്കിലും വി എസ് അച്യുതാനന്ദന് ഏറെ പിന്തുണയുണ്ടെന്ന് കരുതപ്പെടുന്ന തെക്കന്‍ ജില്ലകളിലെ മണ്ഡലങ്ങളിലൊന്നും ഇടതുപക്ഷത്തിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല.
വി എസ് അനുകൂലികള്‍ ഏറെയുള്ള മാവേലിക്കര, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിലൊന്നും സി പി എമ്മിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
തിരുവനന്തപുരത്ത് ഇടതു സ്ഥാനാര്‍ഥി ഒരു മണ്ഡലത്തില്‍പോലും ലീഡ് ചെയ്തില്ല.
മാവേലിക്കരയില്‍ ചങ്ങനാശ്ശേരി, കുട്ടനാട്, ചെങ്ങന്നൂര്‍, കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം എന്നീ മണ്ഡലങ്ങളില്‍ യു ഡി എഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ് ലീഡ് ചെയ്തപ്പോള്‍ മാവേലിക്കരയില്‍ മാത്രമാണ് ഇടതുസ്ഥാനാര്‍ഥി ചെങ്ങറ സുരേന്ദ്രന്‍ മുന്നിട്ടു നിന്നത്.
കൊല്ലത്ത് പുനലൂരും ചടയമംഗലത്തും ചാത്തന്നൂരും മാത്രമാണ് പ്രദേശത്തെ മണ്ഡലത്തിലെ എം എല്‍ എ കൂടിയായ ഇടതു സ്ഥാനാര്‍ഥി എം എ ബേബിക്ക് ലീഡ് ലഭിച്ചത്.
ഇവിടെ ചവറ, കുണ്ടറ, കൊല്ലം, ഇരവിപുരം, എന്നിവിടങ്ങളില്‍ യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രനാണ ്മുന്നിട്ടു നിന്നത്. എന്നാല്‍, ബേബി നിലവില്‍ എം എല്‍ എയായ കുണ്ടറയില്‍ പോലും അദ്ദേഹം എതിര്‍ സ്ഥാനാര്‍ഥിയേക്കാള്‍ 6911 വോട്ടിന് പിറകിലാണ്.
വി എസിന്റെ ജന്മനാടായ ആലപ്പുഴയില്‍ അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കരുനാഗപ്പള്ളി എന്നീ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ സി വേണുഗോപാല്‍ ലീഡ് ചെയതപ്പോള്‍ സി പി എമ്മിന്റെ ജില്ലാ സെക്രട്ടറി കൂടിയായ ഇടതു സ്ഥാനാര്‍ഥി മുന്നിട്ട് നിന്നത് കായംകുളത്ത് മാത്രമാണ്.
പത്തനംതിട്ടയില്‍ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, തിരുവല്ല, റാന്നി, ആറന്മുള, കോന്നി എന്നീ മണ്ഡലങ്ങളിലെല്ലാം യു ഡി എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി മുന്നിട്ടു നിന്നപ്പോള്‍ അടൂരില്‍ മാത്രമാണ് ഇടതു സ്വതന്ത്രന്‍ ഫീലിപ്പോസ് തോമസ് ലീഡ് ചെയ്തത്.
വി എസ് ഫാക്ടര്‍ തിരഞ്ഞെടുപ്പില്‍ ഏശിയില്ലെന്ന് തന്നെയാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. ഇത് വി എസ് അച്യുതാനന്ദന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടുന്നതോടൊപ്പം ഔദ്യോഗിക വിഭാഗത്തിന് വി എസിനെതിരെ പുതിയ ആയുധവുമാകും.