പൊന്നാനിയില്‍ ലീഗിന്റെ ഭൂരിപക്ഷം ഇത്രയും കുറഞ്ഞത് ആദ്യം

Posted on: May 17, 2014 12:17 am | Last updated: May 17, 2014 at 12:17 am

etമലപ്പുറം: പൊന്നാനി മണ്ഡലത്തില്‍ മുസ്‌ലിം ലീഗിനുണ്ടായത് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി. 1977 മുതലുള്ള ലീഗിന്റെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ പൊന്നാനിയില്‍ മികച്ച ഭൂരിപക്ഷമാണ് ലീഗ് സ്ഥാനാര്‍ഥികള്‍ നേടിയിട്ടുള്ളത്. എന്നാല്‍ ഇത്തവണ സിറ്റിംഗ് എം പിയായ ഇ ടി മുഹമ്മദ് ബശീര്‍ മത്സരിച്ചിട്ടും ഭൂരിപക്ഷം കുത്തനെ കുറഞ്ഞത് ലീഗിന് തിരിച്ചടിയായി.
എല്‍ ഡി എഫ് സ്വതന്ത്രന്‍ വി അബ്ദുര്‍റഹ്മാനെതിരെ ശക്തമായ പ്രചാരണം നടത്തിയിട്ടും ഭൂരിപക്ഷം ഇടിഞ്ഞത് മുസ്‌ലിം ലീഗ് കേന്ദ്രങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. 1977 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇത്രയും കുറഞ്ഞ ഭൂരിപക്ഷം മറ്റൊരിക്കലും ലീഗ് സ്ഥാനാര്‍ഥിക്ക് ഇവിടെ ലഭിച്ചിട്ടില്ല. 1977 മുതല്‍ മുസ്‌ലിം ലീഗിന്റെ ജി എം ബനാത്ത്‌വാല ഏഴ് തവണ പാട്ടും പൂട്ടി വിജയിച്ച മണ്ഡലമാണിത്. 1977ല്‍ 11,546 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹം നേടിയത്. 1980ല്‍ 50,863 വോട്ടിന്റെ ഭൂരിപക്ഷവും 1984ല്‍ 1,02,326 വോട്ടിന്റെ ഭൂരിപക്ഷവും 1989ല്‍ 1,07,519, 1996ല്‍ 79,295,1998ല്‍ 1,04,244, 1999ല്‍ 1,29,478 വോട്ടിന്റെ ഭൂരിപക്ഷവും ബനാത്ത്‌വാലക്ക് ലഭിച്ചു. 1991ല്‍ ഇബ്‌റാഹിം സുലൈമാന്‍ സേട്ടിന് 95,706 വോട്ടിന്റെ ഭൂരിപക്ഷവും 2004ല്‍ ഇ അഹമ്മദിന് 1,02,758 വോട്ടിന്റെ ഭൂരിപക്ഷവും പൊന്നാനിയില്‍ മുസ്‌ലിം ലീഗിന് ലഭിക്കുകയുണ്ടായി. കഴിഞ്ഞ തവണ ഇ ടി മുഹമ്മദ് ബശീര്‍ തന്നെ എല്‍ ഡി എഫ് സ്വതന്ത്രനായി മത്സരിച്ച ഡോ. ഹുസൈന്‍ രണ്ടത്താണിക്കെതിരെ 82,684 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. പതിനൊന്ന് സ്ഥാനാര്‍ഥികള്‍ കളത്തിലിറങ്ങിയ പൊന്നാനിയില്‍ ശക്തമായ മത്സരമാണ് നടന്നത്. മുസ്‌ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായ പൊന്നാനിയില്‍ ഭൂരിപക്ഷം കുറഞ്ഞത് പരാജയപ്പെട്ടതിന് തുല്യമാണെന്ന് കണക്കാക്കുന്നവരും ലീഗ് നേതൃത്വത്തിലുണ്ട്. ഇ ടി മുഹമ്മദ് ബശീറിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രചാരണങ്ങള്‍ ഫലം കണ്ടുവെന്ന് കരുതുന്നവരും കുറവല്ല. മുസ്‌ലീം ലീഗും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ വിഭാഗീയത നിലനില്‍ക്കുന്ന മണ്ഡലത്തില്‍ എട്ട് വര്‍ഷത്തോളം കെ പി സി സി അംഗവും തിരൂര്‍ നഗരസഭാ വൈസ് ചെയര്‍മാനുമായിരുന്ന വി അബ്ദുര്‍റഹ്മാന് വേണ്ടി പ്രചാരണത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇറങ്ങിയിരുന്നു. അബ്ദുര്‍റഹ്മാന് വോട്ട് അഭ്യര്‍ഥിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫളക്‌സ് ബോര്‍ഡുകള്‍വരെ സ്ഥാപിച്ചിരുന്നു. ഇതിന് അഞ്ചോളം പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്ന സാഹചര്യവുമുണ്ടായി. കോണ്‍ഗ്രസുകാര്‍ പാലം വലിച്ചതാണ് ലീഗിന്റെ വിജയത്തിന് മാറ്റ് കുറയാന്‍ കാരണമായതെന്ന് വിലയിരുത്തുന്ന ലീഗ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കാനുള്ള അവസരം കാത്തിരിക്കുകയാണ്. ബശീറിന്റെ ഭൂരിപക്ഷം കുറയാനിടയായ സാഹചര്യം മണ്ഡലത്തില്‍ യു ഡി എഫിനകത്ത് വരും ദിവസങ്ങളില്‍ വന്‍കോലാഹലങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് കരുതുന്നത്.