Connect with us

Kasargod

പിടിച്ചെടുത്തത് നാല്‍പ്പതോളം രേഖകള്‍: വിമുക്തഭടന്റെ ജാമ്യാപേക്ഷ കോടതി തള്ളി

Published

|

Last Updated

വെള്ളരിക്കുണ്ട്: വീട് കേന്ദ്രീകരിച്ച് കൊള്ള പലിശക്ക് വന്‍തോതില്‍ പണമിടപാട് നടത്തിയ കേസില്‍ റിമാന്റില്‍ കഴിയുന്ന വിമുക്തഭടന്റെ ജാമ്യാ പേക്ഷ കോടതി തള്ളി. ബളാല്‍ കരുവള്ളുടക്കത്തെ വാഴപ്ലാക്കല്‍ മാത്യു ജോസഫിന്റെ(50) ജാമ്യാപേക്ഷയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതി തള്ളിയത്. മാത്യുവിന് ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ട് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വലിയ തോതിലാണ് മാത്യു ജോസഫ് ബ്ലേഡ് ഇടപാടുകള്‍ നടത്തിവരുന്നതെന്ന് ബോധ്യപ്പെട്ട കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വെള്ളരിക്കുണ്ട് സി ഐ. എം കെ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മാത്യുവിന്റെ വീട്ടില്‍ റെയ്ഡ് നടത്തി പണമിടപാടിന് ഉപയോഗിക്കുന്ന നാല്‍പതോളം രേഖകളാണ് കണ്ടെടുത്തത്.
മലയോരത്ത് ഏറ്റവും വലിയ ബ്ലേഡ് ഇടപാടാണ് മാത്യു നടത്തി വരുന്നതെന്ന് അന്വേഷണത്തില്‍ തെളിയുകയായിരുന്നു. മാത്യുവിന്റെ വീടിന്റെ ഡൈനിങ്ങ് ഹാളിലും കിടപ്പുമുറിയിലും മറ്റു മുറികളിലുമെല്ലാം അലമാരകളിലും, മേശവലിപ്പുകളിലുമായി ബ്ലാങ്ക് ചെക്കുകളും മുദ്ര പത്രങ്ങളും ഉള്‍പ്പടെയുള്ള രേഖകള്‍ കണ്ട് പോലീസ് പോലും അമ്പരക്കുകയായിരുന്നു.
പണം വാങ്ങിയവരുടെ ആധാര്‍ കാര്‍ഡുകള്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍, ഡ്രൈവിങ്ങ് ലൈസന്‍സുകള്‍, പാസ്‌പോര്‍ട്ടുകള്‍, സ്വത്തിന്റെ ആധാരം ഉള്‍പ്പടെയുള്ള മറ്റ് പണയ വസ്തുക്കള്‍ തുടങ്ങിയവയെല്ലാം മാത്യുവിന്റെ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തിരുന്നു.

 

 

Latest