Connect with us

Malappuram

മലപ്പുറത്ത് ഭൂരിപക്ഷം കൂടുമോ? പൊന്നാനിയില്‍ അട്ടിമറി വിജയം നേടുമോ ?

Published

|

Last Updated

മലപ്പുറം: നാളെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടക്കുമ്പോള്‍ ജില്ലയിലെ പ്രധാന പന്തയം മലപ്പുറത്ത് ഇ അഹമ്മദിന്റെ വിജയ ശതമാനം കൂടുമോ, കുറയുമോ. പൊന്നാനിയില്‍ വി അബ്ദുര്‍റഹ്മാന്‍ അട്ടിമറി വിജയം നേടുമോ എന്നുള്ളതാണ്.
പൊന്നാനിയില്‍ അബ്ദുര്‍റഹ്മാന്‍ അട്ടിമറി വിജയം നേടുമോ എന്ന കാര്യത്തിലാണ് ഏറെ പന്തയങ്ങള്‍ നടക്കുന്നത്. ആയിരം മുതല്‍ ലക്ഷങ്ങള്‍ വരെയാണ് പന്തയം വെക്കുന്നത്. ബ്രോസ്റ്റിനും മറ്റും പന്തയം വെക്കുന്നവരുമുണ്ട്.
ജില്ലയിലെ ബസ് സ്റ്റോപ്പിലും റെയില്‍വേ സ്റ്റേഷനിലും ട്രെയിനിനുള്ളിലും ചായക്കടകളിലുമെല്ലാം ഇതുതന്നെയാണ് ചര്‍ച്ച. ആരൊക്കെ പരാജയപ്പെട്ടാലും തങ്ങളുടെ സ്ഥാനാര്‍ഥി വിജയിക്കുമെന്ന കാര്യത്തില്‍ മലപ്പുറത്തെയും പൊന്നാനിയിലെയും ലീഗ് പ്രവര്‍ത്തകര്‍ക്ക് യാതൊരു സംശയവുമില്ല. മലപ്പുറത്തെക്കാള്‍ എല്ലാവരും കാതോര്‍ക്കുന്നത് പൊന്നാനിയിലെ ഫലമാണ്. കടുത്ത മത്സരം നടന്ന പൊന്നാനിയില്‍ വി അബ്ദുര്‍റഹ്മാന്‍ അട്ടിമറി വിജയം നേടുമോ എന്നാണ് എല്ലാവരും നോക്കുന്നത്. ഇ ടി മുഹമ്മദ് ബശീര്‍ വിജയിക്കുകയാണെങ്കില്‍ തന്നെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം നിലനിര്‍ത്താനാവില്ലെന്നാണ് യു ഡി എഫ് കേന്ദ്രങ്ങള്‍ തന്നെ സമ്മതിക്കുന്നത്. എന്നാല്‍ പൊന്നാനിയിലും കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷം കൂടുമെന്നാണ് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ പി എ മജീദ് അവകാശപ്പെടുന്നത്.
സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം ഇ അഹമ്മദിനായിരിക്കുമെന്നാണ് മുസ്‌ലിം ലീഗ് ഉറപ്പിച്ച് പറയുന്നത്. കഴിഞ്ഞ തവണ അഹമ്മദിന് മുഖ്യ എതിരാളിയായ ടി കെ ഹംസയെക്കാള്‍ 11,5597 വോട്ടിന്റെ ഭൂരിപക്ഷമാണുണ്ടായിരുന്നത്. ഇത്തവണ ഇതിനെക്കാള്‍ കൂടുതലുണ്ടാവുമെന്നാണ് ലീഗുകാര്‍ അവകാശപ്പെടുന്നത്.
ചില ബേക്കറികളില്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പ്രമാണിച്ച് പച്ച ലഡുവും പച്ച ഹലുവയും എത്തിയിട്ടുണ്ട്. വിഷുവിനെത്തിയ പടക്കങ്ങളെല്ലാം തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിന് കൂടി കണ്ട് കച്ചവടക്കാര്‍ കൂടുതല്‍ ഓര്‍ഡറുകള്‍ എടുത്തിരുന്നു. ബാന്‍ഡ് വാദ്യക്കാരെയും ശിങ്കാരിമേളക്കാരെയുമെല്ലാം ഇരുമുന്നണി പ്രവര്‍ത്തകരും ഇതിനകം ബുക്ക് ചെയ്ത കഴിഞ്ഞിട്ടുണ്ട്.
വോട്ടെണ്ണല്‍ ദിവസം പ്രത്യേക ബസ്
തിരൂരങ്ങാടി: വോട്ടെണ്ണല്‍ ദിവസമായ നാളെ പരപ്പനങ്ങാടിയില്‍ നിന്ന് മലപ്പുറത്തേക്ക് പ്രത്യേക ബസ് സര്‍വീസ് നടത്തും. നാളെ പുലര്‍ച്ചെ 4.30ന് പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് പുറപ്പെടുന്ന സ്വകാര്യ ബസ് വേങ്ങരവഴിയാണ് മലപ്പുറത്ത് എത്തുക എന്ന് ജോയിന്റ് ആര്‍ ടി ഒ അറിയിച്ചു.
സ്‌കൂള്‍ ബസുകളുടെ കളര്‍ മാറ്റി
മലപ്പുറം: സ്‌കൂള്‍ ബസുകളുടെ കളര്‍ ഗോള്‍ഡന്‍ യെല്ലാ ആക്കിയതായി ആര്‍ ടി ഒ. എം പി അജിത്കുമാര്‍ അറിയിച്ചു. നേരത്തെ ഇത് ക്രീം യെല്ലോ ആയിരുന്നു. വിന്‍ഡോ ലെവലിന് താഴെയായി 150 മില്ലിമീറ്റര്‍ വീതിയില്‍ ഗോള്‍ഡന്‍ബ്രൗണ്‍ കളറില്‍ ബോഡര്‍ ഇടണം. ഇത്തരത്തില്‍ പെയ്ന്റ് അടിച്ച വാഹനങ്ങള്‍ക്ക് മാത്രമേ ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് നല്‍കൂ.
മര്‍ദിച്ചതായി പരാതി
എടപ്പാള്‍: കുറിയുടെ അടവ് തെറ്റിയതിന് കുറി നടത്തിപ്പുകാരന്‍ അംഗത്തിനെ മര്‍ദിച്ചതായി പരാതി. ചോനൂര്‍ പടിക്കപ്പറമ്പില്‍ ഇബ്‌റാഹിം (30) ആണ് കുറി നടത്തിപ്പുകാരനായ ചേകനൂര്‍ സ്വദേശി മര്‍ദിച്ചതായി ആരോപിച്ച് എടപ്പാള്‍ സി എച്ച് സിയില്‍ ചികിത്സ തേടിയിരിക്കുന്നത്. ആഴ്ച്ചക്കുറിയില്‍ ഒരു നറുക്കിന്റെ പണം നല്‍കാത്തതിന് കുറി നടത്തിപ്പുകാരന്‍ മര്‍ദിച്ചതായാണ് ഇബ്‌റാഹിം ആരോപിക്കുന്നത്. ചങ്ങരംകുളം പോലീസ് പരാതി നല്‍കി.