Connect with us

Ongoing News

എക്‌സിറ്റ് പോള്‍ ഫലം; തള്ളിയും തലോടിയും പാര്‍ട്ടികള്‍

Published

|

Last Updated

ന്യൂഡല്‍ഹി: എന്‍ ഡി എക്ക് സുനിശ്ചിത വിജയം പ്രവചിക്കുന്ന എക്‌സിറ്റ് പോളിനെ കോണ്‍ഗ്രസും ജെ ഡി യുവും തള്ളി. വെള്ളിയാഴ്ചത്തെ തിരഞ്ഞെടുപ്പ് ഫലത്തെയാണ് വിശ്വസിക്കുന്നതെന്നും 2004 ലെയും 2009 ലെയും ഫലങ്ങള്‍ എക്‌സിറ്റ്‌പോളന് വിപരീതമായിരുന്നുവെന്നും പാര്‍ട്ടികള്‍ പ്രതികരിച്ചു.
ജമ്മുകാശ്മീര്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ലയും എക്‌സിറ്റ് പോളിനെ തള്ളി. ഫലം കെട്ടിച്ചമച്ചതാണെന്നും നരേന്ദ്ര മോദി ഒരിക്കലും പ്രധാനമന്ത്രിയാകില്ലെന്നും സമാജ് വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാള്‍ പറഞ്ഞു.
ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എക്ക് കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ 249 നും 290 നും ഇടയില്‍ സീറ്റുകള്‍ ലഭിക്കുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. മോദി നയിക്കുന്ന എന്‍ ഡി എക്ക് പാര്‍ലിമെന്റിലെ പകുതി സീറ്റുകളാണ് ഫലങ്ങള്‍ പ്രവചിക്കുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങളേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി സഖ്യം. 300 സീറ്റുകളാണ് എന്‍ ഡി എ സ്വപ്നം കാണുന്നത്.
എന്‍ ഡി എക്ക് 270 മുതല്‍ 275 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് ബി ജെ പി വക്താവ് പ്രകാശ് ജാവദേകറിന്റെ കണക്കുകൂട്ടല്‍. സീമാന്ധ്രയില്‍ ടി ഡി പി സഖ്യം ഇത്തവണ എന്‍ ഡി എക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
വെള്ളിയാഴ്ചത്തെ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ കോണ്‍ഗ്രസിന് പ്രയാസമായിരിക്കുമെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് അരൂണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളുന്നതായി കോണ്‍ഗ്രസ് അറിയിച്ചു. ഏതാനും ലക്ഷം ആളുകളെ മാത്രം അണിനിരത്തി തയ്യാറാക്കുന്ന എക്‌സിറ്റ് പോള്‍ ഫലം ഒരിക്കലും യഥാര്‍ഥ്യവുമായി പൊരുത്തപ്പെടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
രാജ്യത്ത് 80 കോടി വോട്ടര്‍മാരുണ്ട്. എങ്ങനെയാണ് ഏതാനും ലക്ഷം ആളുകളെ ഉപയോഗിച്ച് വിധി നിര്‍ണയിക്കുക. വെള്ളിയാഴ്ചത്തെ വിധിക്കാണ് കോണ്‍ഗ്രസ് കാത്തിരിക്കുന്നത്. പാര്‍ട്ടി നേതാവ് ദിഗ് വിജയ് സിംഗ് ട്വീറ്റ് ചെയ്തു. 2004 ലും 2009 ലും എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ തെറ്റായിരുന്നുവെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശക്കീല്‍ അഹ്മദ് പറഞ്ഞു. കേന്ദ്ര മന്ത്രി കമല്‍നാഥും ഇതേ അഭിപ്രായക്കാരനാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ടൈം പാസ് മാത്രമാണെന്നായിരുന്നു കാശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ പ്രതികരണം. എക്‌സിറ്റ് പോളിന്റെ വിശ്വാസ്യതയെയും അദ്ദേഹം ചോദ്യം ചെയ്തു. രാജസ്ഥാനില്‍ ഒരു ചാനലിന്റെ എക്‌സിറ്റ് പോള്‍ ഫലം പ്രകാരം കോണ്‍ഗ്രസിന് ലഭിക്കുക രണ്ട് സീറ്റ് മാത്രമാണ്. മറ്റൊരു ചാനല്‍ പ്രവചിക്കുന്നത് 14 സീറ്റാണ്. ഇരു ചാനലുകളും ഒരേ തിരഞ്ഞെടുപ്പിന്റെ ഫലമല്ലേ പുറത്ത് വിട്ടതെന്ന് ഉമര്‍ അബ്ദുല്ല ചോദിച്ചു. ബീഹാറില്‍ യുനൈറ്റഡ് ജനതാദളിന്റെ പ്രകടനം മോശമായിരിക്കുമെന്നാണ് ചാനലുകള്‍ പ്രവചിക്കുന്നത്. ഫലം കാത്തിരുന്ന് തന്നെ കാണണമെന്നായിരുന്നു ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രതികരണം. പാറ്റ്‌നയില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം.