വിജയദിനം ആഘോഷിക്കാന്‍ പുടിന്‍ ക്രിമിയയില്‍

Posted on: May 10, 2014 8:58 am | Last updated: May 10, 2014 at 8:53 am

RussiaVictory-090514-ra9മോസ്‌കോ/ ക്രിമിയ: കിഴക്കന്‍ ഉക്രൈനിലെ ക്രിമിയയില്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ സോവിയറ്റ് യൂനിയന്റെ വിജയം ആഘോഷിച്ചത് റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിന്റെ നേതൃത്വത്തില്‍. റഷ്യയില്‍ വിജയദിനം സമുചിതമായി ആഘോഷിച്ചതിന് ശേഷമാണ് പുടിന്‍ ക്രിമിയയിലെത്തിയത്. പുടിന്റെ സന്ദര്‍ശനം പ്രകോപനപരമാണെന്ന് ഉക്രൈന്‍ സര്‍ക്കാര്‍ പ്രതികരിച്ചു. അതേസമയം, കിഴക്കന്‍ ഉക്രൈനിലെ മരിയുപോളില്‍ ഉക്രൈന്‍ സൈനികരും റഷ്യന്‍ അനുകൂലികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് പേര്‍ മരിച്ചു. ഇവിടെ നാളെ ഹിതപരിശോധന നടത്താന്‍ വിമതര്‍ പദ്ധതിയിട്ടിട്ടുണ്ട്.
പുടിന്റെ സന്ദര്‍ശനത്തെ നാറ്റോ അപലപിച്ചു. ഉക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് സൈനികരെ പിന്‍വലിക്കുമെന്ന പുടിന്റെ പ്രഖ്യാപനത്തിലുള്ള സംശയം ബലപ്പെട്ടുവെന്ന് നാറ്റോ പ്രതികരിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ ഏറെ വര്‍ണാഭമായാണ് റഷ്യ വിജയ ദിനം ആഘോഷിച്ചത്. കവചിത വാഹനങ്ങള്‍ യുദ്ധവിമാനങ്ങള്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ തുടങ്ങിയവയുടെ പ്രദര്‍ശനം ലോകശക്തിയാണ് തങ്ങളെന്ന് തെളിയിക്കുന്നതായിരുന്നു. ‘സോവിയറ്റ് ജനങ്ങളുടെ ഉരുക്കുസമാന മനഃശക്തി, ധൈര്യം, കരുത്ത് തുടങ്ങിയവയാണ് യൂറോപ്പിനെ അടിമത്വത്തില്‍ നിന്ന് രക്ഷിച്ചത്. 69 വര്‍ഷം മുമ്പ് നമ്മള്‍ റഷ്യക്കാര്‍ ഒന്നിച്ച് ഫാസിസത്തിനെതിരെ പോരാടി വിജയിച്ചു. ചരിത്രം ആവര്‍ത്തിക്കുന്നു, മറ്റൊരു തരത്തില്‍. കഴിഞ്ഞ കാലം ജര്‍മനിക്കെതിരെ ഉക്രൈനും റഷ്യയും തോളോട് തോള്‍ ചേര്‍ന്ന് പോരാടി. ഇന്ന് ജര്‍മനിയും അമേരിക്കയും ബ്രിട്ടനും തോളോട് തോള്‍ ചേര്‍ന്ന് നമുക്കെതിരെ പോരാടുന്നു’. ചുവപ്പന്‍ ചത്വരത്തില്‍ തടിച്ചുകൂടിയ ആയിരങ്ങളെ അഭിസംബോധന ചെയ്ത് പുടിന്‍ പറഞ്ഞു. നാസികളില്‍ നിന്ന് കരിങ്കടല്‍ ഉപദ്വീപിന്റെ നിയന്ത്രണം ചുവപ്പന്‍ സൈന്യം പിടിച്ചെടുത്തതിന്റെ 70 ാം വാര്‍ഷികവും ഇത്തവണയാണ്. കഴിഞ്ഞ മാസം റഷ്യയുടെ ഭാഗമായ ക്രിമിയയിലും റഷ്യന്‍ ഭാഷ സംസാരിക്കുന്ന ഉക്രൈനിന്റെ മറ്റ് കിഴക്കന്‍ മേഖലകളിലും വിജയദിനം ആഘോഷിച്ചു. അതേസമയം, മരിയോപോളില്‍ റഷ്യന്‍ വിമതര്‍ തമ്പടിച്ച പോലീസ് ആസ്ഥാനം ഉക്രൈന്‍ സൈന്യം ആക്രമിച്ചു. ഇതിലാണ് എട്ട് പേര്‍ മരിച്ചത്.