മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പ്രൊഫസറെ അറസ്റ്റ് ചെയ്തു

Posted on: May 10, 2014 12:19 am | Last updated: May 9, 2014 at 11:19 pm

ന്യുഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഡല്‍ഹി സര്‍വകലാശാലയിലെ പ്രൊഫസര്‍ ജി എന്‍ സായിബാബയെ ഇന്നലെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തു. നിരോധിക്കപ്പെട്ട മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മുമ്പ് നിരവധി തവണ ഡല്‍ഹി സര്‍വകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസറായ സായിബാബയെ പോലീസ് ചോദ്യം ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ മാവോയിസ്റ്റുകളുടെ സിരാകേന്ദ്രമായി വിശേഷിപ്പിക്കാറുള്ള ഗഡ്ഛിരോളി ജില്ലയില്‍ നിന്നുള്ള പോലീസ് സംഘം ഈ വര്‍ഷാദ്യം സായിബാബയെ കസ്റ്റഡിയിലെടുത്ത് നിരവധി മണിക്കൂറുകള്‍ ചോദ്യംചെയ്തിരുന്നു.
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ വിദ്യാര്‍ഥിയായിരുന്ന ഹേം മിശ്രയെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രൊഫസര്‍ സായിബാബക്കും ചട്ടീസ്ഗഡില്‍ അബുജ്മഡ് വനാന്തരങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മാവോയിസ്റ്റ് കേഡര്‍മാര്‍ക്കും ഇടയില്‍ ഒരു കണ്ണിയായി താന്‍ പ്രവര്‍ത്തിച്ചതായി ഹേം പോലീസിന് മൊഴി നല്‍കിയതോടെയാണ് പ്രൊഫസര്‍ പോലീസിന്റെ നോട്ടപ്പുള്ളിയായത്. എന്നാല്‍ മാവോ ബന്ധം അദ്ദേഹം നിഷേധിച്ചിട്ടുണ്ട്.