ഇടനിലക്കാരുടെ പകല്‍ക്കൊള്ള: കേരളത്തിലെത്തുമ്പോള്‍ ഇറച്ചിക്കോഴിക്ക് ഇരട്ടി വില

Posted on: April 30, 2014 11:54 pm | Last updated: April 30, 2014 at 11:54 pm

കൊല്ലങ്കോട്: തമിഴ്‌നാട്ടില്‍ നിന്ന് 50 മുതല്‍ 60 രൂപ നിരക്കില്‍ ലഭിക്കുന്ന ഇറച്ചിക്കോഴി ഇടനിലക്കാരുടെ പകല്‍ക്കൊള്ള മൂലം കേരളത്തിലെത്തുമ്പോള്‍ വില 100 രൂപയിലധികം. ഇറച്ചിക്കോഴിയുടെ നികുതി ഈടാക്കുന്നതിനുള്ള അടിസ്ഥാന വില വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിയോടുള്ള പകവീട്ടലാണ് കോഴിവില കുത്തനെ ഉയര്‍ത്തി ആവശ്യക്കാരെ കൊള്ളയടിക്കുന്നത്.
കഴിഞ്ഞ വര്‍ഷം തമിഴ്‌നാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കോഴിയുടെ ഉത്പാദനം ഗണ്യമായി കുറഞ്ഞതായി വരുത്തിതീര്‍ക്കുകയും ക്ഷാമത്തിന്റെ പേരില്‍ വര്‍ധിപ്പിച്ച വില കുറയ്ക്കാന്‍ കോഴികച്ചവടക്കാര്‍ ഇതുവരെ തയാറായിട്ടുമില്ല. മുമ്പ് ഒരു കിലോ ഇറച്ചികോഴിക്ക് അടിസ്ഥാനവില 70 രൂപ നിശ്ചയിച്ച് 12.5 ശതമാനം നികുതിയും ഒരു ശതമാനം സെസുമാണ് അന്യ സംസ്ഥാനത്തുനിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന കോഴിക്ക് ഈടാവക്കിവന്നിരുന്നത്.
പിന്നീട് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ അടിസ്ഥാനവില 95 രൂപയാക്കി പുതുക്കി നിശ്ചയിച്ച് അതിന്റെ 14.5 ശതമാനം നികുതി ഈടാക്കാന്‍ തുടങ്ങിയതോടെയാണ് വില വര്‍ധനവ് ആരംഭിക്കുന്നത്.
ഇറച്ചികോഴിക്ക് നികുതിയിനത്തില്‍ അഞ്ച് രൂപയുടെ വര്‍ധനവുണ്ടായതോടെ കോഴിക്കച്ചവടക്കാര്‍ ഇറച്ചികോഴിക്ക് 30 മുതല്‍ 40 രൂപ വരെ വില വര്‍ധിപ്പിക്കുകയും ചെയ്തു. സംസഥാനത്ത് നിരവധി കോഴിവില്‍പ്പന കേന്ദ്രങ്ങളുണ്ടെങ്കിലും അന്യസംസ്ഥാനത്തുനിന്ന് കോഴി എത്തിക്കുന്ന ഇടനിലക്കാര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. അതുകൊണ്ട് ഇവര്‍ നിശ്ചയിക്കുന്നതാണ് വില.
ഉത്സവ സീസണായതോടെ മത്സ്യ മാംസങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിയതോടെ വിലയും കുത്തനെ കൂടി. ഹോട്ടലുകളില്‍ കോഴിയില്ലാത്ത വിഭവങ്ങള്‍ക്ക് പ്രിയം കുറഞ്ഞുവന്നതും ഇറച്ചിക്കോഴി വില കൂടാന്‍ ഇടയാക്കിയിട്ടുണ്ട്. കോഴിവില വര്‍ധിച്ചതുകാരണം സര്‍ക്കാരിനും ഇടനിലക്കാര്‍ക്കും മികച്ച വരുമാനം ലഭിക്കുമ്പോള്‍ നഷ്ടം സഹിക്കേണ്ടത് ആവശ്യക്കാരാണ്.—