യു എസില്‍ കനത്ത നാശം വിതച്ച് ടൊര്‍ണാഡോ

Posted on: April 30, 2014 11:45 pm | Last updated: April 30, 2014 at 11:45 pm
SHARE

US_tornado_295വാഷിങ്ടണ്‍: അമേരിക്കയില്‍ ആഞ്ഞടിച്ച ടൊര്‍ണാഡോ ചുഴലിക്കാറ്റ് രണ്ട് ദിവസത്തിനിടെ 35പേരുടെ ജീവനെടുത്തു. രാജ്യത്ത് ആറ് സംസ്ഥാനങ്ങളിലായി ദുരന്തം വിതച്ച കാറ്റ് വന്‍ നാശനഷ്ടങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. കാറ്റ് ഏറെ ബാധിച്ച മിസിസിപ്പി, അലാബാമ, ടെന്നസി എന്നീ സംസ്ഥാനങ്ങളില്‍ 17പേര്‍ മരിച്ചിട്ടുണ്ട്. അര്‍ക്കന്‍സാസ്, ഐഓവ, ഓക്‌ലഹോമ എന്നിവിടങ്ങളിലായി 18പേരുമാണ് മരിച്ചത്. എന്നാല്‍ 70 ദശലക്ഷത്തോളം പേരെ ബാധിക്കും വിധം കാലാവസ്ഥ ഭയാനകമായതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പല സ്ഥലങ്ങളിലും റോഡ് ഗതാഗതം താറുമാറായി കിടക്കുന്നത് സുരക്ഷാ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. കാറ്റിനൊപ്പം കനത്ത മഴയും തുടരുന്നതിനാല്‍ വെള്ളപ്പൊക്ക ഭീഷണിയും നേരിടുന്നുണ്ട്. ഞായറാഴ്ച്ചയാണ് ടൊര്‍ണാഡോ യു എസില്‍ വീശാന്‍ ആരംഭിച്ചത്. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ആയിരത്തോളം പുനരധിവാസ കേന്ദ്രങ്ങളാണ് തുറന്നിട്ടുള്ളത്. 2,000ത്തോളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തത്തും വടക്കന്‍ മിസിസിപ്പി, അലാബാമ, ലൂസിയാന എന്നിവിടങ്ങളില്‍ കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പറഞ്ഞു.
ദുരന്തം നടന്നതറിഞ്ഞ് പ്രസിഡന്റ് ബരാക് ഒബാമ നടുക്കം രേഖപ്പെടുത്തി. ദുരന്തത്തെ അതിജീവിക്കാന്‍ കഴിയട്ടെ എന്ന് അദ്ദേഹം പ്രത്യശ പ്രകടിപ്പിച്ചതായും വൈറ്റ്ഹൗസ് വ്യക്തമാക്കി.