ഏഴാം ഘട്ടവും കനത്തു

Posted on: April 30, 2014 11:31 pm | Last updated: April 30, 2014 at 11:33 pm
SHARE

vote indiaന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാംഘട്ട വോട്ടെടുപ്പില്‍ കനത്ത പോളിംഗ് രേഖപ്പെടുത്തി. തെലങ്കാന സംസ്ഥാനം ഇതാദ്യമായി സ്വന്തം ഭരണകര്‍ത്താക്കളെ തിരഞ്ഞെടുക്കാന്‍ വോട്ട് ചെയ്തു. തെലങ്കാനയിലും പശ്ചിമ ബംഗാളിലുമായിരുന്നു ഇന്ന് ഏറ്റവുമധികം പോളിംഗ് രേഖപ്പെടുത്തിയത്. ബി ജെ പി യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയുടെ മണ്ഡലമായ വഡോദരയുള്‍പ്പെടെയുള്ള ഗുജറാത്തിലും കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്.

ഉത്തര്‍പ്രദേശില്‍ 57, ബീഹാര്‍ 60, തെലങ്കാന 70, പഞ്ചാബ് 73, ജമ്മുകാശ്മീര്‍ 26, ഗുജറാത്ത് 62, പശ്ചിമ ബംഗാള്‍ 81.3, ദദ്ര നാഗര്‍ഹവേലി 85 ശതമാനം എന്നിങ്ങനെയാണ് പോളിംഗ്.
കേന്ദ്രമന്ത്രി ചിരഞ്ജീവി ഹൈദരാബാദ് നിയമസഭാ മണ്ഡലത്തില്‍ ക്യൂ ലംഘിച്ച് വോട്ട് ചെയ്യാന്‍ ശ്രമിച്ചത് ഒരു യുവാവ് തടഞ്ഞു. മറ്റുള്ളവരും യുവാവിനൊപ്പം ചേര്‍ന്നതോടെ ചിരഞ്ജീവി ക്യൂവിന്റെ പിന്നിലേക്ക് പോയി. കൂടെയുണ്ടായിരുന്ന മകന്‍ രാംചരണ്‍ തേജ തിരിച്ചുപോയശേഷം പിന്നീടെത്തി വോട്ടു ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ബ ിജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി, പാര്‍ട്ടി പ്രമുഖ നേതാക്കളായ എല്‍ കെ അഡ്വാനി, മുരളീ മനോഹര്‍ ജോഷി, എന്നിവരുള്‍പ്പെടെ പ്രമുഖരുടെ വിധി നിശ്ചയിക്കുന്ന വോട്ടെടുപ്പാണ് നടന്നത്.
ഏഴ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലെയും 89 ലോക്‌സഭാ സീറ്റുകളില്‍ പഞ്ചാബ് (13 സീറ്റ്), ഉത്തര്‍പ്രദേശ് (14), പശ്ചിമബംഗാള്‍ (ഒമ്പത്), ബീഹാര്‍ (ഏഴ്), ഗുജറാത്ത് (26), തെലങ്കാന (17), ജമ്മുകശ്മീര്‍ (ഒന്ന്), ദാദ്ര നഗര്‍ഹവേലി (ഒന്ന്), ദാമന്‍ ദിയു (ഒന്ന്) എന്നിവിടങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.
തെലങ്കാനയിലെ 17 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും 119 നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന തിരഞ്ഞെടുപ്പില്‍ 70 ശതമാനം പേര്‍ വോട്ട് ചെയ്തു. കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് 29-ാമത്തെ സംസ്ഥാനമായി തെലങ്കാന രൂപവത്കരിച്ചത്. പഞ്ചാബിലെ 13 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. മോദിയും സോണിയയും ഉള്‍പ്പെടെ 1.295 സ്ഥാനാര്‍ഥികളാണ് ഇന്നലെ ജനവിധി തേടിയത്. മോദിയുടെ മാതാവ് ഹീരാബെന്‍ ഗാന്ധിനഗറില്‍ രാവിലെ വോട്ട് ചെയ്തു. ഗൂജറാത്തിലെ ചില മണ്ഡലങ്ങളില്‍ വോട്ടിംഗ് യന്ത്രം പണിമുടക്കിയത് പോളിംഗിനെ ബാധിച്ചു. അമൃത്‌സറില്‍ വോട്ടിംഗിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പത്ത് പേര്‍ക്ക് പരുക്കേറ്റു.
ആര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പോലീസ് പറഞ്ഞു. അമൃത്‌സറില്‍ ബി ജെ പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ക്യാപ്റ്റന്‍ അമരിന്ദര്‍ സിംഗുമാണ് ഇവിടെ പോരാട്ടം. ശിരോമണി അകാലിദളിന് നാല് സീറ്റുകളുള്ള പതാബില്‍ കോണ്‍ഗ്രസ് കടുത്ത മത്സരമാണ് നേരിടുന്നത്.
ശ്രീനഗറിലെ നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ലയും മകനും മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ലയും വോട്ട് രേഖപ്പെടുത്തി. വര്‍ഗീയ ഇന്ത്യയില്‍ കാശ്മീര്‍ വലിയ അപകടമാണ് നേരിടുകയെന്ന് ഫാറൂഖ് അബ്ദുല്ല വോട്ട് രേഖപ്പെടുത്തിയ ശേഷം പറഞ്ഞു. ഏഴാം ഘട്ടം പൂര്‍ത്തിയായതോടെ 543 ലോക്‌സഭാ സീറ്റുകളിലേക്കുള്ള 438 സീറ്റുകളിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. 105 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് ഇനി ശേഷിക്കുന്നത്.