അമ്പലംവിഴുങ്ങികളുടെ ആത്മീയതയും രാജഭക്തിയുടെ രാഷ്ട്രീയവും

Posted on: April 30, 2014 6:00 am | Last updated: April 30, 2014 at 12:41 am

‘നേര്‍ച്ചപ്പെട്ടി തുറന്നുകിടന്നാല്‍ ഏത് പുണ്യാളച്ചനും കൈയിട്ടു വാരും. ഭണ്ഡാരം പൂട്ടിയിട്ടില്ലെങ്കില്‍ പ്രതിഷ്ഠയും മോഷ്ടിച്ചെന്നുവരും.’ പ്രസിദ്ധ നാടകകൃത്ത് അന്തരിച്ച എന്‍ എന്‍ പിള്ള തന്റെ ഒരു കഥാപാത്രത്തെക്കൊണ്ടിങ്ങനെ പറയിക്കുന്നത് അരങ്ങില്‍ പലരും കേട്ടിരിക്കും.“’എമ്പ്രാന്‍ അല്‍പ്പം കട്ടുഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും’” എന്ന് നമ്പ്യാരാശാനും പാടിയിട്ടുണ്ട്. ഇപ്പോഴത്തെ ശ്രീപത്മനാഭക്ഷേത്രത്തിന്റെ നടത്തിപ്പുകാരുടെ സ്വര്‍ണം കടത്തല്‍ കണ്ടിട്ടൊന്നുമല്ല മേല്‍പ്പറഞ്ഞ നിരീക്ഷണങ്ങള്‍ ഉണ്ടായിട്ടുള്ളത്. ദൈവത്തിനെന്തിനാണ് പൊന്‍കുരിശ് എന്ന് ചോദിച്ച് പള്ളിയിലെ പൊന്‍ കുരിശടിച്ചുമാറ്റിയ ബഷീറിന്റെ കഥാപാത്രം പൊന്‍കുരിശു തോമ്മാ ജന്മവാസന കൊണ്ട് ആള്‍ കള്ളനാണെങ്കിലും ഉള്ളാലെ ആളൊരു സോഷ്യലിസ്റ്റാണ്. പരോപകാരിയാണ് അന്യരുടെ ദുഃഖത്തില്‍ മനസ്സലിവുള്ളവനായിരുന്നു. ഒന്നുമല്ലെങ്കിലും വല്യ പള്ളിയിലെ പൊന്‍കുരിശ് മോഷ്ടിച്ചെങ്കിലെന്താ പൊന്‍കുരിശു തോമ്മാ എന്ന അപരാഭിധാനം അവന് ലഭിച്ചു. ദൈവത്തിനെന്തിനാ പൊന്‍കുരിശ്? കര്‍ത്താവ് മരിച്ചത് മരക്കുരിശിലല്ലേ എന്ന തോമ്മായുടെ ചോദ്യം. ദീര്‍ഘ കാലത്തേക്കു നാട്ടുകാരുടെ നാവിന്‍ തുമ്പില്‍ നിന്നുയര്‍ന്നുകൊണ്ടിരുന്നു.
പ്രജാവാത്സല്യത്തിനും ശ്രീപത്മനാഭ ഭക്തിക്കുമൊക്കെ പേര് കേട്ട തിരുവിതാംകൂര്‍ രാജുകുടുംബം ഘട്ടം ഘട്ടമായി നടത്തിക്കൊണ്ടിരിക്കുന്ന സ്വര്‍ണക്കടത്ത് കുറേക്കാലമായി പൊതുജനശ്രദ്ധയില്‍ പെട്ടിരിക്കുന്നു. വന്‍തോതിലുള്ള സ്വര്‍ണശേഖരം, വിലപിടിപ്പുള്ള രത്‌നക്കല്ലുകള്‍ മറ്റൊട്ടേറെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ ഇവയുടെ ഒക്കെ ഉടമസ്ഥത കൈയാളുന്ന, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ നിന്നെടുത്തുമാറ്റി സര്‍ക്കാര്‍ നിയന്ത്രണം ഉറപ്പ്‌വരുത്തുന്ന തരത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെയും മറ്റും മാതൃകയിലുള്ള ഒരു ബോര്‍ഡിനെ ഏല്‍പ്പിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുകയാണ്. അതിന്റെ വിധി വരുന്നതിന് മുമ്പാണ് സുപ്രീം കോടതി നിയമിച്ച അമിക്കസ് ക്യൂറി, അവിടുത്തെ വിഗ്രഹത്തെ സാക്ഷിയാക്കി നടന്നുകൊണ്ടിരിക്കുന്ന പകല്‍ക്കൊള്ളയെക്കുറിച്ചു വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.“വിഗ്രഹങ്ങള്‍ക്ക് കണ്ണുണ്ടെങ്കിലും അവ കാണുന്നില്ല; ചെവിയുണ്ടെങ്കിലും കേള്‍ക്കുന്നില്ല വായുണ്ടെങ്കിലും ഭക്ഷിക്കുന്നില്ല. അവയെ ഉണ്ടാക്കിയവര്‍ അവയെപ്പോലെയാകുന്നു എന്നും വിഗ്രഹവന്ദനയെ എതിര്‍ത്തിരുന്ന ദൈവഭക്തന്മാര്‍ പണ്ടേ പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ പുരോഹിതന്മാരുടെ ബധിരകര്‍ണങ്ങളില്‍ അത് പതിഞ്ഞില്ല.
ക്രിസ്തുവിന് ഏകദേശം 600 വര്‍ഷം മുമ്പ് ജീവിച്ചിരുന്ന യിരെമ്യാവ് എന്ന പ്രവാചകന്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നതായി ബൈബിളില്‍ വായിക്കുന്നു.“ആഭരണപ്രിയയായ പെണ്‍കുട്ടിക്കെന്ന പോലെ ജനങ്ങള്‍ സ്വര്‍ണം കൊണ്ട് തങ്ങളുടെ ദേവന്മാര്‍ക്ക് കിരീടങ്ങള്‍ നിര്‍മിക്കുന്നു. പുരോഹിതന്മാര്‍ അവരുടെ ദേവന്മാരില്‍ നിന്ന് സ്വര്‍ണവും വെള്ളിയും രഹസ്യമായി എടുത്തു സ്വന്തം കാര്യത്തിന് ചെലവഴിക്കുന്നു. അതില്‍ കുറേ ഭാഗം വേശ്യാലയങ്ങളിലെ കുലടകള്‍ക്കു പോലും കൊടുക്കുന്നു. മനുഷ്യരെ എന്നതുപോലെ അവര്‍ തങ്ങളുടെ ദേവന്മാരെ വസ്ത്രങ്ങള്‍ കൊണ്ടലങ്കരിക്കുന്നു. തുരുമ്പില്‍ നിന്നും തേയ്മാനത്തില്‍ നിന്നും സ്വയം രക്ഷിക്കാന്‍ കഴിയാത്തവയാണ് വെള്ളികൊണ്ടും സ്വര്‍ണംകൊണ്ടും തടികൊണ്ടും ഉള്ള ഈ ദേവന്മാര്‍. ജയിലിലിടക്കപ്പെട്ട് വധശിക്ഷക്കു വിധിക്കപ്പെട്ടവനെ നാനാവശത്തുമുള്ള വാതിലുകള്‍ അടച്ചു സൂക്ഷിക്കുമല്ലോ അതുപോലെ ദേവന്മാരെ കൊള്ളക്കാര്‍ അപഹരിക്കാതിരിക്കാന്‍ പുരോഹിതര്‍ വാതിലുകളും പൂട്ടുകളും ഓടാമ്പലുകളും കൊണ്ട് അവരുടെ ക്ഷേത്രം സുരക്ഷിതമാക്കുന്നു. വേണ്ടതിലേറെ വിളക്കുകള്‍ അവര്‍ കത്തിക്കുന്നു. അവയില്‍ ഒന്നുപോലും കാണാന്‍ അവരുടെ ദേവന്മാര്‍ക്കു കഴിയുന്നില്ല. അവയെ സേവിക്കുന്നവര്‍ ലജ്ജിതരാണ്. കാരണം അവരാണ് ഈ ദേവന്മാരെ തറയില്‍ വീഴാതെ നിറുത്തുന്നത്. ഇവയൊന്നും സ്വയം ചലിക്കാനും തട്ടിത്താഴെയിട്ടാല്‍ എഴുന്നേല്‍ക്കാനും കഴിവില്ല. എങ്കിലും ഇവക്കു മുമ്പില്‍ കാഴ്ചകള്‍ അര്‍പ്പിക്കപ്പെടുന്നു. ഇത് വിറ്റ് പണം ഉണ്ടാക്കി പുരോഹിതന്മാര്‍ ചെലവിടുന്നു. അവരുടെ ഭാര്യമാര്‍ ഇവയില്‍ ഒരു ഭാഗം ഉപ്പിട്ട് സൂക്ഷിക്കുന്നു. പക്ഷേ, പാവങ്ങള്‍ക്കോ നിസ്സഹായര്‍ക്കോ ഒന്നും നല്‍കുന്നില്ല. ഈ വക കാരണങ്ങളാല്‍ ഇവ യഥാര്‍ഥ ദേവന്മാരല്ല എന്നും നിങ്ങള്‍ക്കു മനസ്സിലാക്കാം. അതിനാല്‍ അവയെ ഭയപ്പെടേണ്ട.”(ബൈബിള്‍ യിരെമ്യാ-6:18-29)
നിവേദ്യ പായസത്തോടൊപ്പം ക്ഷേത്രത്തിലെ സ്വര്‍ണം സാക്ഷാല്‍ മഹാ രാജാവ് തന്നെ പുറത്തേക്കു കടത്തുന്നു എന്ന് പണ്ട് വി എസ് അച്യുതാനന്ദന്‍ പറഞ്ഞപ്പോള്‍ ഭൗതികവാദിയും കമ്മ്യൂണിസ്റ്റുകാരനും ഒക്കെ ആയ വി എസ് സഖാവ് ക്ഷേത്രകാര്യത്തില്‍ ഇടപെട്ട് അഭിപ്രായം പറയുന്നത് എന്തിന് എന്ന് ചോദിച്ചവര്‍ അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് വന്നപ്പോള്‍ നിശ്ശബ്ദരായിരിക്കുന്നു. ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കെന്നൊക്കെ പറയുന്ന ഇന്ത്യയില്‍ അങ്ങനെ വല്ലതും നോക്കാനുണ്ടോ? ഇവിടെ എല്ലാം എല്ലാവരുടെയും ആണ് ആര്‍ക്കും എന്തിനെക്കുറിച്ചും അവര്‍ക്ക് ബോധ്യമുള്ള കാര്യങ്ങള്‍ പറയുകയും എഴുതുകയും ചെയ്യാം. സ്വന്തം കാര്യസാധ്യത്തിനായി“’മന്നവേന്ദ്ര വിളങ്ങുന്നു നിന്‍മുഖം’” എന്ന് പാടാന്‍ അവകാശമുള്ള ഇവരുടെ അവകാശം പോലെ തന്നെ മന്നവേന്ദ്രന്റെ മുഖത്തെ ചെളി ചെളിയാണെന്ന് പറയാനും ഉടുമുണ്ട്. ഉരിഞ്ഞുപോയ രാജാവിന്റെ നഗ്നത വിളിച്ചു പറയാന്‍ ഉള്ള ചെറിയ ബാലന്റെ അവകാശവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വാര്‍ത്തകള്‍ പായസത്തില്‍ കലര്‍ത്തിയുള്ള നിവേദ്യ പാത്രത്തിലെ ലളിതമായ സ്വര്‍ണം കടത്തലിനേക്കാള്‍ ഗൗരവമുള്ളതാണ്. മണ്ണില്‍ കലര്‍ത്തി ലോറിയില്‍ സ്വര്‍ണം കടത്തുന്നു പോലും.!! ഭക്തജനം അവരുടെ ഇഷ്ടമൂര്‍ത്തിക്ക് നല്‍കുന്ന സ്വര്‍ണവും പണവും വന്‍ തോതില്‍ വെട്ടിക്കലിന് വിധേയമാകുന്നു എന്നാണ് പുതിയ വാര്‍ത്ത. സ്വര്‍ണം ലോറിയില്‍ കടത്താന്‍ ഒത്താശ ചെയ്ത രാജു എന്ന സ്വര്‍ണപ്പണിക്കാരന് ലഭിച്ച പാരിതോഷികം 20 കിലോ സ്വര്‍ണവും പത്ത് ലക്ഷം രൂപയും. തഞ്ചാവൂര്‍ ജ്വല്ലറിയാണ് ക്ഷേത്രത്തില്‍ നിന്ന് ലോറികളില്‍ സ്വര്‍ണം കടത്തിയത്. ക്ഷേത്രത്തിലെ സ്വര്‍ണപ്പണിക്കാരനായ രാജുവാണ് ഈ മൊഴി നല്‍കിയതെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ക്ഷേത്രത്തിലേക്കു സംഭാവനയായി ലഭിക്കുന്ന സ്വര്‍ണം കട്ടികളായും പാളികളായും മാറ്റാറുണ്ട്. ഇതാണ് പിന്നീട് പുറത്തേക്കു കടത്തുന്നത്. ഈ രാജു, മഹാരാജാവിന്റെ ഏറെ അടുത്ത ആളാണെന്നും പറയപ്പെടുന്നു. ഇത്തരം സേവനങ്ങള്‍ക്കുള്ള പ്രതിഫലമായി ലഭിച്ചതാണ് 20 കിലോ സ്വര്‍ണവും പത്ത് ലക്ഷം രൂപയും. ഇയാളിപ്പോള്‍ തിരുവനന്തപുരം നഗരത്തില്‍ സ്വന്തമായി ജ്വല്ലറി നടത്തുകയാണത്രേ.
ഒറ്റക്കല്‍ മണ്ഡപത്തിന്റെ സ്വര്‍ണം പൂശലില്‍ ആരോപിക്കപ്പെട്ട ക്രമക്കേടിന് പുറമെ നിലവറയിലെ കണക്കില്‍ പെടാത്ത സ്വര്‍ണവും മറ്റും വിലപിടിപ്പുള്ള സാമഗ്രികളും യഥേഷ്ടം തിരിമറി ചെയ്യുന്നതും കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. ഈ മുറികളുടെ താക്കോലുകളൊന്നും അമിക്കസ് ക്യൂറിക്കു നല്‍കുകയുണ്ടായില്ല. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറികള്‍ തുറന്നു പരിശോധിച്ചപ്പോഴാണ് നിലവറകള്‍ക്കുള്ളിലെ നെറികേടുകള്‍ പുറം ലോകം അറിയുന്നത്. മണ്ണില്‍ പൂഴ്ത്തി വെച്ച സ്വര്‍ണശേഖരം, കരിഞ്ചന്തയില്‍ വില്‍ക്കാന്‍ പാകത്തില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന വില പിടിപ്പുള്ള കടുംശര്‍ക്കരയോഗം, കൃത്യമായ കണക്കുകള്‍ കാണിക്കാത്ത സംഭാവന തുകയുടെ കൂട്ടിവെക്കല്‍. ആദായ നികുതി ഇളവിന്റെ ആനുകൂല്യം അനുഭവിക്കുന്ന ക്ഷേത്രവരുമാനം യാതൊരു തരത്തിലുള്ള പൊതുതാത്പര്യത്തിനും പ്രയോജനപ്പടുത്താന്‍ കഴിയാത്ത തരത്തില്‍ ഏതാനും ചിലര്‍ ചേര്‍ന്ന് ധൂര്‍ത്തടിക്കുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.
1610ല്‍ നിര്‍മിച്ചതെന്നു കരുതുന്ന കോടികള്‍ വില മതിക്കുന്ന ഇരവികുലശേഖരന്റെ തങ്കപ്രതിമ, മുറിച്ചുമാറ്റിയ നിലയില്‍ ആണ് കണ്ടെത്തിയത്. പണിപ്പുരയില്‍ നിന്നും പിടിച്ചെടുത്തത് 86 കിലോ തൂക്കമുള്ള സ്വര്‍ണക്കട്ടിയാണ്. ഗുരുതരമായ കൃത്യവിലോപമാണ് തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റ് നടത്തിയിരിക്കുന്നത്. ഭക്തജനങ്ങളെ വഞ്ചിക്കുന്ന ക്ഷേത്ര ഭരണ സമിതിയെ പിരിച്ചുവിടണമെന്നാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലെ ശിപാര്‍ശ. അഞ്ഞൂറില്‍പ്പരം പേജുള്ള ഈ റിപ്പോര്‍ട്ട് പാടെ തള്ളിക്കളയണമെന്നാണ് രാജകുടുംബവും മറ്റും സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാജകുടുംബത്തിന്റെ ആവശ്യത്തെ അനുകൂലിച്ചുകൊണ്ടും ഗോപാല്‍സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ട് ചുരുട്ടിക്കൂട്ടി ചവറ്റുകൊട്ടയിലിടണമന്നും ലേഖനങ്ങളിലെന്ന പോലെ ചാനല്‍ ചര്‍ച്ചകളിലും പലപ്പോഴും നപുംസകനിലപാടുകള്‍ സ്വീകരിക്കുക വഴി ശ്രദ്ധേയനായി തീര്‍ന്ന ഒരു മാധ്യമ നിരീക്ഷകന്‍ കണ്ഠക്ഷോഭം ചെയ്യുന്നതു കേട്ടപ്പോള്‍ ‘അമ്പമ്പോ ഈ തിരുവിതാംകൂറുകാരുടെ ഒരു രാജഭക്തി’ എന്ന് ആശ്ചര്യപ്പെട്ട് തലയില്‍ കൈവച്ചുപോയി. ആനയെ കണ്ടിട്ടില്ലെങ്കില്‍ ആനപ്പിണ്ഡത്തെയെങ്കിലും വണങ്ങി സായൂജ്യം അടയുന്ന ഈ കൂട്ടരുടെ വാദഗതികള്‍ നല്ല തമാശ തന്നെയാണ്.
തിരുവിതാംകൂര്‍ രാജകുടുംബം ഇന്ത്യയിലെ മറ്റ് രാജകുടുംബങ്ങളെ പോലെ ആയിരുന്നില്ലത്രേ. അവര്‍ പ്രജാക്ഷേമ തത്പരരും നാട്ടുരാജ്യങ്ങള്‍ ഇന്ത്യാ യൂനിയനില്‍ ലയിച്ചപ്പോള്‍ ഒരു വിസമ്മതവും പ്രകടിപ്പിക്കാതെ തന്നെ ജനാധിപത്യത്തിന്റെ നുകം സ്വമേധയാ എടുത്തു സ്വന്തം ചുമലില്‍ വെച്ചവരും ആയിരുന്നത്രേ. രാജ കുടുംബങ്ങളുടെ സമ്പത്ത് അത് തിരുവിതാംകൂറിലെയായാലും ഹൈദരാബാദിലെ ആയാലും മൈസൂരിലെ ആയാലും എല്ലാം ജനങ്ങളെ കൊള്ളയടിച്ചും പിടിച്ചു പറിച്ചും ശേഖരിച്ചവയാണെന്ന ചരിത്രപഠനത്തെ നിഷേധിച്ചിട്ടു കാര്യമൊന്നുമല്ല. അയല്‍ നാടുകളെ കൊള്ളയടിച്ചും ജനങ്ങളെ ഉത്പ്പാദനോന്മുഖമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിപ്പിച്ച് സ്വജീവന്‍ പണയപ്പെടുത്തിക്കൊണ്ടു പോലും ചത്തും കൊന്നും ദുര്‍ബലരെ കൊള്ളയടിച്ചും ജീവിക്കുന്നതില്‍ ഹരം കൊള്ളിച്ചും, പോകുന്ന വഴിക്കൊക്കെ കെട്ടിലമ്മമാരെ സ്വന്തമാക്കി അവരുമായി അവിഹിത ബന്ധം സ്ഥാപിച്ചു ജനങ്ങള്‍ ഇഷ്ടദൈവങ്ങള്‍ക്കു കാണിക്കയര്‍പ്പിച്ച സ്വര്‍ണവും പണവും ഒക്കെ അത്തരം അഭിസാരികമാരുടെ മേനിയഴകിന് കൊഴുപ്പ് കൂട്ടാന്‍ വഴിവിട്ടുപയോഗിച്ചതിന്റെയും ഒക്കെ ചരിത്രം തിരുവിതാംകൂര്‍ രാജകുടുംബത്തിനും ബാധകമല്ലാതെ വരുന്നില്ല. തിരുവിതാംകൂറില്‍ ആദ്യമായി രാജകീയ ധൂര്‍ത്തിനെതിരെ ഒളിപ്പോര്‍ സംഘടിപ്പിച്ച് രക്തസാക്ഷിത്വം വഹിച്ച എട്ടുവീട്ടില്‍ പിള്ളമാരും വേണാട്ടരചന്മാരുമായി നടന്ന ഏറ്റുമുട്ടലിന് ആദ്യ വേദിയായതും ഇപ്പോഴത്തെ ഈ പത്മാഭസ്വാമിക്ഷേത്രവും അതിലെ നിലവറ രഹസ്യങ്ങളും മുതല്‍പ്പടി മുറികളുടെ പൂട്ടുകെട്ടുകളെക്കുറിച്ച് നടന്ന തര്‍ക്കവും ആയിരുന്നു എന്ന കാര്യം ചരിത്ര വിദ്യാര്‍ഥികള്‍ക്കറിയാം.
രാജാക്കന്മാരുടെ ക്ഷേത്ര ഭക്തി, ജനങ്ങളെ കൂടെ നിര്‍ത്താനുള്ള വെറും അടവ് മാത്രമാണെന്നതിന് ലോക ചരിത്രം തന്നെ സാക്ഷിയാണ്. തനിക്കുള്ളതത്രയും അമ്പലത്തിന് നല്‍കിയിട്ട് അമ്പലം അപ്പാടെ തന്റെതാക്കുന്ന അടവ്! ഏറെ കൊട്ടി ഘോഷിക്കപ്പെട്ട മാര്‍ത്താണ്ഡ വര്‍മയുടെ തൃപ്പടിദാനം ഒക്കെ ഇത്തരം ഒരടവിന്റെ ഭാഗം മാത്രമായിരുന്നു. ക്ഷേത്രത്തിന്റെ മേല്‍ക്കൂരയും തറയും ഒക്കെ സ്വര്‍ണം പൂശുക, ഇഷ്ടമൂര്‍ത്തികള്‍ക്ക് സ്വര്‍ണവിഗ്രഹം തീര്‍ക്കുക സ്വര്‍ണക്കൊടിമരം തീര്‍ക്കുക ഇത്തരം ഫ്യൂഡല്‍ കോമാളിത്തരങ്ങളൊക്കെ ഇന്നത്തെ ഖജനാവ് കൊള്ളയടിക്കലിന്റെ പൂര്‍വകാല മാതൃകയായിരുന്നു.
ഇപ്പോഴത്തെ ഈ തര്‍ക്കം ഏതാനും ചില സ്വകാര്യ പരാതിക്കാരും തിരുവിതാംകൂര്‍ രാജകുടുംബവും മാത്രം ഉള്‍പ്പെട്ട ഒരുതര്‍ക്ക വിഷയം മാത്രമായിക്കാണാതെ നാടിന്റെ പൊതുസമ്പത്ത് കൊള്ളയടിക്കപ്പെടുന്ന ഒരു സംഭവം എന്ന നിലയില്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടുകയും നഷ്ടപ്പെട്ട സമ്പത്തിനെ കേന്ദ്രീകരിച്ച് വിശ്വസനീയമായ അന്വേഷണം നടത്തുകയും വേണം. അവശേഷിച്ച സ്വത്ത് പൊതുഖജനാവിലേക്ക് മുതല്‍കൂട്ടാക്കാനുള്ള അടിയന്തര നടപടികള്‍ അതിവേഗം ഉണ്ടാകുകയും വേണം. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ഇതിന് നിമിത്തമാകുമെന്ന് പ്രത്യാശിക്കുക.

ALSO READ  ലൈഫ് പാർപ്പിട പദ്ധതി മാത്രമല്ല, ജീവിതം തന്നെ