സരിതയുടെ ക്ഷേത്ര ദര്‍ശനം: ജാമ്യ വ്യവസ്ഥാലംഘനം

Posted on: April 29, 2014 1:19 am | Last updated: April 29, 2014 at 12:20 am

പത്തനംതിട്ട:സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ സംസ്ഥാനം വിട്ടു പോകരുതെന്ന കോടതിയുടെ ഉത്തരവ് മറികടന്ന് മൂകാംബികയില്‍ പോയത് ജാമ്യ വ്യവസ്ഥാ ലംഘനമാണെന്ന് പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. സരിത എസ് നായര്‍ കര്‍ണാടകയിലെ മൂകാംബിക ക്ഷേത്രത്തില്‍ കഴിഞ്ഞ 18നാണ് ദര്‍ശനത്തിന് പോയത്.
സംസ്ഥാനം വിട്ടു പോകരുതെന്ന ഉപാധികളോടെയാണ് നാല് മാസം മുമ്പ് സരിതക്ക് കോടതി ജാമ്യം അനുവദിച്ചത്. കേസ് ആവശ്യത്തിന് കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാകാനുള്ള അനുമതി മാത്രമാണ് കോടതി സരിതക്ക് നല്‍കിയത്. ഇത് ദുരുപയോഗം ചെയ്താണ് മൂകാംബിക യാത്ര നടത്തിയത്. സരിതയെ തിരിച്ചറിഞ്ഞ ചിലര്‍ ഓട്ടോഗ്രാഫ് വാങ്ങാന്‍ ചുറ്റും തടിച്ചു കൂടിയിരുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ചത് ചൂണ്ടിക്കാട്ടി കോട്ടയം ഡി വൈ എസ് പിയും അന്വേഷണ ഉദ്യോഗസ്ഥനുമായ വി അജിത്ത് ഹരജി സി ജെ എം കോടതിയില്‍ നല്‍കിയിരുന്നു.
യാത്രയുടെ തെളിവും ഹാജരാക്കി. കേസുമായി ബന്ധപ്പെട്ട് പ്രതിക്ക് കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാകാനുള്ള അനുമതി ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നഹരജി പരിഗണിക്കവെയാണ് കോടതി വാക്കാലുള്ള പരാമര്‍ശം നടത്തിയത്. തര്‍ക്കം ഉണ്ടെങ്കില്‍ മേയ് അഞ്ചിനകം ആക്ഷേപം സമര്‍പ്പിക്കാന്‍ സരിതയുടെ അഭിഭാഷകന്‍ പ്രിന്‍സ് പി തോമസിന് സമയം അനുവദിച്ചു. ഇനി കേസ് മേയ് അഞ്ചിന് പരിഗണിക്കും.
ക്ഷേത്ര ദര്‍ശനത്തിനാണെങ്കില്‍ പോലും ജാമ്യത്തിലുള്ള പ്രതി കോടതി നിര്‍ദേശം ലംഘിച്ച് കേരളം വിട്ടുപോയത് ഗുരുതരമായ കുറ്റമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ചതായി തെളിഞ്ഞാല്‍ സരിതയുടെ ജാമ്യം റദ്ദാക്കാന്‍ പോലും പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെടാവുന്നതാണ്.