തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രം: നടപ്പാക്കണമെന്ന് ശിപാര്‍ശ

Posted on: April 29, 2014 12:01 am | Last updated: April 29, 2014 at 12:01 am

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലെ പരസ്യങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ ഉദ്ദേശിച്ച് തയ്യാറാക്കിയ കേരള വസ്തുവകകള്‍ വിരൂപമാക്കല്‍ തടയല്‍ ബില്ലിനോട് രാഷ്ട്രീയ കക്ഷികള്‍ക്ക് യോജിപ്പ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് യോജിപ്പുണ്ടായത്. വഴിസൂചികകളും സ്ഥലനാമ ബോര്‍ഡുകളും പരസ്യം ഒട്ടിച്ച് കേടുവരുത്തുന്നത് കര്‍ശനമായി തടയണമെന്ന് യോഗം നിര്‍ദേശിച്ചു. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനാ ബോര്‍ഡുകള്‍ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നത് തടയണം. തിരഞ്ഞെടുപ്പ് വേളകളിലല്ലാതെ സംഘടനകളും സ്ഥാപനങ്ങളും പരസ്യം സ്ഥാപിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദിഷ്ട നിയമത്തില്‍ വ്യവസ്ഥ വേണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.
യോഗത്തിലെ നിര്‍ദേശങ്ങള്‍ കൂടി കരട് ബില്ലില്‍ ഉള്‍പ്പെടുത്തി സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു. തദ്ദേശഭരണ പൊതുതിരഞ്ഞെടുപ്പില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രവും ഫോട്ടോ പതിച്ച വോട്ടര്‍ പട്ടികയും നിര്‍ബന്ധമാക്കാനുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം നടപ്പാക്കാനാവശ്യമായ സഹായം നല്‍കാന്‍ സര്‍വകക്ഷി യോഗം സര്‍ക്കാറിനോടഭ്യര്‍ഥിച്ചു.
ത്രിതല പഞ്ചായത്തുകളിലെ വോട്ടെടുപ്പിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത മള്‍ട്ടിപോസ്റ്റ് വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് മുപ്പത്തഞ്ച് കോടിയോളം രൂപ ചെലവ് വരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ശശിധരന്‍ നായര്‍ വ്യക്തമാക്കി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫോട്ടോ പതിച്ച വോട്ടര്‍ പട്ടിക വാര്‍ഡ് അടിസ്ഥാനത്തില്‍ പുനഃക്രമീകരിക്കാനുള്ള പ്രാരംഭ ജോലികള്‍ കമ്മീഷന്‍ ആരംഭിച്ചു. ഈ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ സഹായം അനിവാര്യമാണെന്ന കമ്മീഷണറുടെ നിര്‍ദേശം യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ അംഗീകരിച്ചു.
ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ്് യന്ത്രവും ഫോട്ടോ പതിച്ച വോട്ടര്‍പട്ടികയും ഉപയോഗിക്കുന്നതുമൂലം തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികള്‍ ഗണ്യമായി കുറക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് യോഗത്തില്‍ കക്ഷി നേതാക്കള്‍ അഭിപ്രായപ്പെട്ടു.