Connect with us

Articles

തിരഞ്ഞെടുപ്പിലും ഫാസിസം കുറുവടി കൊണ്ട് ഭൂപടം വരക്കുന്നു

Published

|

Last Updated

കുറുവടികൊണ്ടും കൊടുവാള്‍ കൊണ്ടും ഭൂപടം വരയുകയും മനുഷ്യരക്തം കൊണ്ട് നിറം കൊടുക്കുകയും ചെയ്യുമെന്നാണ് ഫാസിസത്തെ സാമാന്യരീതിയില്‍ പരിചയപ്പെടുത്താറുള്ളത്. തങ്ങള്‍ വരച്ചിടുന്ന ഭൂപടങ്ങളുടെ പരിധിക്കുള്ളില്‍ അരുതാത്തവ, അത് സംസ്‌കാരങ്ങളായാലും ജീവിതശൈലികളായാലും ആരാധനാ രീതികളായാലും ഫാസിസം അനുവദിക്കാറില്ല. വെച്ചുപൊറുപ്പിക്കാന്‍ സമ്മതിക്കാറില്ല. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ അത്തരം അരുതാത്തവയെ ജീവിതത്തിന്റെ ഭാഗമായിച്ചേര്‍ത്തവര്‍ക്ക് പോലും ഈ ഭൂപട പരിധിക്കുള്ളില്‍ ഫാസിസം ഒരു ഇടം അനുവദിച്ചുതരില്ല. ഹിറ്റ്‌ലര്‍ ജൂതന്‍മാരെ ആട്ടിപ്പുറത്താക്കിയതും ഈ ഒരു ആശയത്തിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുകേള്‍ക്കുന്ന ചില അപശബ്ദങ്ങള്‍ ഫാസിത്തിന്റെ ദൃശ്യമായ കടന്നുകയറ്റത്തിന്റെ വലിയൊരു ഉദാഹരണമാണ്. അദൃശ്യമായ ഒരു ഭീതിയുടെ നിഴലില്‍ ന്യൂനപക്ഷങ്ങളെ തളച്ചിടാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതല്‍തന്നെ ഭാരതത്തില്‍ ഫാസിസം നടത്തിവരുന്നുണ്ട്. പക്ഷേ അദൃശ്യമായ ഭയങ്ങള്‍ സൃഷ്ടിക്കുക എന്ന പരിധിയില്‍ നിന്ന് പുറത്തുവന്ന് ഒരു പൊതുതിരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ക്കിടയില്‍ ഫാസിസം ദൃശ്യമായ രൂപത്തില്‍ തന്നെ രാജ്യത്തെ ന്യൂനപക്ഷങ്ങളെ നിരന്തരം ഭയപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു എന്നതാണ് കൂടുതല്‍ അലോസരപ്പെടുത്തുന്ന കാര്യം.
വിഭജനാനന്തരം ഇന്ത്യയിലെ പൊതുജനത്തെ എപ്പോഴും ഭയപ്പെടുത്തിക്കൊണ്ടിരുന്ന രാജ്യമാണ് പാക്കിസ്ഥാന്‍. തീവ്രവാദവും ഭീകരവാദവും നുഴഞ്ഞുകയറ്റങ്ങളും പട്ടാള അട്ടിമറികളും പാശ്ചാത്യ മാധ്യമങ്ങള്‍ അനുവദിച്ചുനല്‍കുന്ന പദാവലികളുടെ അകമ്പടിയോടെ അവിടെ നിന്ന് നിരന്തരം കേട്ടുകൊണ്ടിരിക്കുമ്പോള്‍ തികച്ചും ഭയപ്പെടേണ്ടതു തന്നെയാണ് ഈ രാജ്യമെന്ന് വിചാരിക്കുന്നതിലും തെറ്റില്ല. പക്ഷേ ഇന്ത്യയിലെ മുസ്‌ലിംകളിലേക്ക് ചേര്‍ത്തുവെക്കുമ്പോള്‍ പാക്കിസ്ഥാനെന്ന രാജ്യം ഇവകള്‍ക്ക് പുറമെ മറ്റു പല ഭയങ്ങളും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. കാരണം ഇന്ത്യയോട് ചേര്‍ന്ന് അങ്ങനെയൊരു ദേശം, അതായത് സഊദിയിലേക്ക് പോകുന്നത് പോലെ കടല്‍ കടന്നോ വിമാനത്തില്‍ കയറിയോ പോകേണ്ട ആവശ്യമില്ലാത്ത കാശ്മീര്‍, നേപ്പാള്‍ അതിര്‍ത്തിവഴികളിലൂടെ വേണമെങ്കില്‍ നടന്നുതന്നെ പോകാവുന്ന ദേശം, ഉള്ളതു കൊണ്ടാണല്ലോ ഇന്ത്യയിലെ മുസ്‌ലിംകളോട് ഫാസിസം നിരന്തരമായി പാക്കിസ്ഥാനിലേക്ക് പോകാന്‍ പറയുന്നത്? അപ്പോള്‍ ആ നിലക്ക് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം പാക്കിസ്ഥാന്‍ ഒരേസമയം പേടിയും “ആശ്ചര്യവും” നല്‍കുന്നുമുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദിയെ അനുകൂലിക്കാത്തവര്‍, അതായത് ഫാസിസത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകള്‍ പാക്കിസ്ഥാനിലേക്ക് കുടിയേറിപ്പാര്‍ക്കണമെന്നാണ് ഉത്തരവ്. നേരത്തെ പറഞ്ഞതുപോലെ കുറുവടി കൊണ്ട് മുമ്പ് അടയാളപ്പെടുത്തിവെച്ച ഭൂപട പരിധിക്കുള്ളില്‍ “നിങ്ങള്‍” നിന്നുപോകരുതെന്നും പകരം പാക്കിസ്ഥാനിലേക്ക് “നിങ്ങള്‍” കുടിയേറിപ്പാര്‍ക്കണമെന്നും അര്‍ഥം. യഥാര്‍ഥത്തില്‍ മോദിയെ പ്രതിരോധിക്കുന്നതിലും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നതിലും മുസ്‌ലിംകളോടൊപ്പം മഹാഭൂരിപക്ഷം വരുന്ന അമുസ്‌ലിംകളും പങ്കാളികളാകുന്നുണ്ട്. രാജ്യത്തെ മോദിവിരുദ്ധരായ മുസ്‌ലിംകളുടെ എണ്ണത്തേക്കാള്‍ എത്രയോ ഇരട്ടി വരും മോദിവിരുദ്ധരായ അമുസ്‌ലിംകളുടെ എണ്ണം. അവരും പാക്കിസ്ഥാനിലേക്ക് പോകേണ്ടിവരുമോ? അങ്ങനെ അവരെല്ലാം പാക്കിസ്ഥാനിലേക്ക് പോകേണ്ടിവന്നാല്‍ പാക്കിസ്ഥാനെന്ന ചെറിയ രാജ്യത്തിന് അത് താങ്ങാനാകുമോ? എന്ന കടന്ന ചിന്തകള്‍ക്കൊന്നും പ്രസക്തിയില്ല. ഗുജറാത്തില്‍ ഫാസിസത്തിന്റെ തനതു രീതിയില്‍ നടന്ന വംശീയശുദ്ധീകരണത്തിന് ശേഷം അവിടെ പ്രചരിച്ചിരുന്ന ഒരു ലഘുലേഖയിലെ സന്ദേശം ഇതായിരുന്നു, ഹിന്ദു ജാഗോ, ക്രിസ്തി ഭാഗോ(ഹിന്ദു ഉണരുക, ക്രിസ്ത്യാനിയെ പുറത്താക്കുക). വംശങ്ങളെ ഒന്നൊന്നായി ശുദ്ധീകരിച്ചെടുക്കുന്ന പ്രക്രിയ സവര്‍ണ ഫാസിസത്തിന്റെ അജന്‍ഡയുടെ ഭാഗമായി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
തങ്ങളുടെ താത്പര്യങ്ങളെ എന്തു വില കൊടുത്തും സംരക്ഷിക്കാന്‍ സവര്‍ണത എന്നും തയ്യാറായിരിക്കും. ചരിത്രങ്ങളില്‍ അതിന് വേണ്ടുവോളം ഉദാഹരണങ്ങള്‍ എടുത്തുകാണിക്കാനുണ്ട്. വര്‍ണാശ്രമ വ്യവസ്ഥ നിലനിന്നിരുന്ന “പ്രാചീന” ഇന്ത്യന്‍ കാലഘട്ടങ്ങളില്‍ വര്‍ണാധിപത്യം സംരക്ഷിക്കുക സവര്‍ണതയുടെ മുഖ്യലക്ഷ്യമായിരുന്നു. ജാതിമതമില്ലാത്ത വര്‍ണ ധര്‍മം മാത്രം നിലനിന്നിരുന്ന ആ കാലത്ത് അര്‍ജുനന്റെ വര്‍ണാധിപത്യം പരിരക്ഷിക്കാനാണ് ദ്രോണാചാര്യരെന്ന ഗുരു, ഏകലവ്യന്റെ പെരുവിരല്‍ മുറിച്ചെടുത്തെന്നും ഗുരുദക്ഷിണയുടെ പേരിലായതിനാല്‍ അതിനെ മഹത്വവത്കരിക്കുകയാണ് ഉണ്ടായതെന്നും എം എന്‍ വിജയന്‍ നിരീക്ഷിക്കുന്നുണ്ട്. ജാതിയില്‍ താഴെയെന്ന് വിളിക്കപ്പെട്ട ഒരാള്‍ അശുദ്ധനാണെന്ന കെട്ടിപ്പടുത്തുണ്ടാക്കിയ വ്യാജമായ സങ്കല്‍പ്പത്തിന്റെ പേരില്‍ കിണറില്‍ നിന്ന് വെള്ളം കോരാനാകാതെ ദാഹിച്ചുമരിക്കുന്ന ദുരവസ്ഥകളും സവര്‍ണതയുടെ പേരില്‍ മുമ്പ് ഇവിടെ കഴിഞ്ഞുപോയിട്ടുണ്ട്. മുസ്‌ലിംകള്‍ തകര്‍ത്തുവെന്ന് ആരോപിക്കപ്പെടുന്ന അയോധ്യയിലെ രാമക്ഷേത്രത്തില്‍ അധഃസ്ഥിതര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ലെന്നാണ് രേഖകള്‍. (എന്നിട്ടും അത് പൊളിച്ച് പണിത പള്ളിയെന്ന് സംഘ്പരിവാര്‍ നിരന്തരം ആരോപണം ഉന്നയിക്കുന്ന ബാബരി മസ്ജിദ് തകര്‍ക്കാന്‍ അധഃസ്ഥിതരെയും പങ്കാളികളാക്കാന്‍ ഫാസിസത്തിന് കഴിഞ്ഞു). 1883ല്‍ വ്യാപകമായി പകര്‍ച്ചപ്പനി ബാധിച്ച് പാവങ്ങള്‍ വഴിയില്‍ മരിച്ചുവീണപ്പോള്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ബ്രാഹ്മണരുടെ സഞ്ചാരസ്വാതന്ത്ര്യത്തെ കുറിച്ചായിരുന്നു ഉത്കണ്ഠപ്പെട്ടത്. അതായത് അയോഗ്യരായ ആളുകളോട് അങ്ങനെ മാത്രമേ പെരുമാറാവു എന്നും അവരെ തങ്ങളുടെ ഭൂപടപരിധിക്കുള്ളില്‍ നിന്ന് പുറത്തെത്തിക്കണമെന്നും തീണ്ടാപ്പാടകലം എപ്പോഴും കാത്തുപോരണമെന്നും സവര്‍ണത നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കും. സവര്‍ണതക്ക് പുറത്തുപോയി അയോഗ്യരായ ആളുകളെ യോഗ്യരാക്കാന്‍ വേദിക് കാലഘട്ടത്തില്‍ “വ്രത്യസ്താമോ” എന്ന പേരില്‍ ഒരു യാഗം തന്നെ നിലവിലുണ്ടായിരുന്നു.
തലയെണ്ണി കാര്യങ്ങള്‍ തീരുമാനിക്കുന്നു, തലവെട്ടി കാര്യങ്ങള്‍ തീരുമാനിക്കുന്നു എന്നതാണ് ജനാധിപത്യവും ഫാസിസവും തമ്മിലുള്ള പ്രധാന അന്തരം. അന്യായമെന്നും അധര്‍മമെന്നും വ്യാഖ്യാനിക്കപ്പെടുന്ന ഏതിനെയും അന്യന്റെ ചോര കൊണ്ടും സ്വന്തം ചോരകൊണ്ടും കഴുകിക്കളയാന്‍ ഫാസിസം അതിന്റെ ഉപാസകരെ പഠിപ്പിച്ചുകൊണ്ടിരിക്കും. 1990 കളില്‍ ബോംബെയില്‍ ഫാസിസ്റ്റുകള്‍ നടത്തിയ ന്യൂനപക്ഷ വേട്ടയില്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ചേലാകര്‍മം കഴിക്കേണ്ടി വന്ന രാമപ്രസാദ് എന്ന ഹിന്ദുയുവാവിനെ മുസ്‌ലിമെന്ന് കരുതി വെട്ടിക്കൊന്നു. അധര്‍മമെന്ന വ്യാഖ്യാനത്തിന്റെ പരിതിക്ക് പുറത്തായിട്ടും അയാള്‍ കൊല ചെയ്യപ്പെട്ടു. ഗുജറാത്തില്‍ 2002ല്‍ 2000 ലധികം തലകള്‍ വെട്ടി ഫാസിസം ശരിക്കും പറഞ്ഞാല്‍ അതിന്റെ ഉഗ്രരൂപം പുറത്തെടുത്തു. അതിന്റെ മൈലേജിലാണ് ഫാസിസം കുറെ ദൂരം മുന്നോട്ടോടിയത്. ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ വെട്ടി താഴെയിട്ടതില്‍ നിന്ന് ലഭിച്ച ഊര്‍ജത്തിലായിരുന്നു ഫാസിസം 2002ല്‍ ഗുജറാത്ത് വരെ ഓടിയെത്തിയത്. സ്വാതന്ത്ര്യാനന്തരം രാഷ്ട്രപിതാവിന്റെ നെഞ്ച് തുളച്ച ആവേശത്തില്‍ ഓടിത്തുടങ്ങിയ ഈ ഫാസിസം പൊട്ടിവിരിയാനുള്ള അതിന്റെ അടുത്ത ഊഴം തിരഞ്ഞുകൊണ്ട് നടക്കുകയാണ്. അതിനിടെയാണ് കലാപം നടക്കുന്ന വേളയില്‍ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നിട്ടും കലാപകാരികളെ പ്രതിരോധിക്കാന്‍ ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാതെ അവര്‍ക്ക് പിന്തുണ നല്‍കിയ മോദിയെന്ന കോര്‍പറേറ്റ് രാഷ്ട്രീയത്തിന്റെ നേതാവ് തിരഞ്ഞെടുപ്പില്‍ സജീവമാകുന്നതും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ സാധ്യത ചില മാധ്യമങ്ങള്‍ കല്‍പ്പിച്ചുനല്‍കുന്നതും. അതൊരവസരമായി കാണാനാണ് ഇപ്പോള്‍ ഫാസിസം ശ്രമം നടത്തുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണകോലാഹലങ്ങള്‍ക്കിടയില്‍ മതേതരത്വ വിശ്വാസിയുടെ ഉള്ളുലക്കുന്ന ചില പോട്ടിത്തെറിക്കലുകള്‍ കടന്നുവരുന്നത് ഈ സാഹചര്യത്തിലാണ്. ചിലരുടെ ഉള്ളിലുറങ്ങിക്കിടക്കുന്ന ഫാസിസമെന്ന ആശയങ്ങള്‍ നേരത്തെ തന്നെ പുറത്തേക്ക് തലനീട്ടിയിരുന്നെങ്കിലും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതരത്വ രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് വേളയില്‍ തന്നെ അത് പ്രത്യക്ഷമായി തല പുറത്തേക്ക് നീട്ടുന്നത് വലിയൊരു മുന്നറിയിപ്പാണ്. ചിലരുടെ വെറും വാക്കുകള്‍ എന്ന് പറഞ്ഞ് തള്ളിക്കളയാമെങ്കിലും ഇതില്‍ ചില ആപത്തുകളുണ്ട്. മുസ്‌ലിം മതത്തില്‍പ്പെട്ടവര്‍ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ നിന്ന് അയല്‍രാജ്യമായ പാക്കിസ്ഥാനിലേക്ക് പോകണമെന്ന് പറയുന്നത് വംശീയവും മതപരവും ജാതീയവുമായ ഒരു അവകാശം സ്ഥാപിച്ചെടുക്കലിന്റെ ഭാഗമാണ്. ഫാസിസം ചിലപ്പോള്‍ അങ്ങനെയാണ്, അതിന്റെ ഭാഷ ചിലയിടങ്ങളില്‍ ജാതിയും മതവുമായിരിക്കും. ശ്രീലങ്കയിലെത്തുമ്പോള്‍ അത് ഭാഷയായി മാറുന്നു. അമേരിക്കയിലെത്തുമ്പോള്‍ അത് വെളുപ്പും കറുപ്പും വര്‍ണായി മാറുന്നു.
ഫാസിസം ഒരു തരം ഭ്രാന്തമായ അഭിനിവേശമാണ്. ഒരു ഉത്കൃഷ്ഠ ജനതയില്‍ വിശ്വസിക്കും. മറ്റുള്ളവരോട് തരിമ്പും ധാര്‍മിക ബാധ്യത പുലര്‍ത്തില്ല. ചുറ്റുമുള്ളതൊന്നും കാണാതിരിക്കുകയും തങ്ങളുടെ ലക്ഷ്യത്തെ മാത്രം അത് സാധൂകരിക്കുകയും ചെയ്യും. നിലവില്‍ ഇന്ത്യ നേരിടുന്ന പ്രശ്‌നം ബാബരി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം ഉയരാത്തതാണെന്നും ഇവിടുത്തെ മുസ്‌ലിംകള്‍ പാക്കിസ്ഥാനിലേക്ക് പോകാത്തതാണെന്നും നമ്മുടെ ദൈവമായി കരുതിപ്പോരുന്ന ഗോക്കളെ അറുത്തുതിന്നുന്നതാണെന്നും ഫാസിസം നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കും. യഥാര്‍ഥത്തില്‍ പട്ടിണിയും അഴിമതിയും ന്യൂനപക്ഷങ്ങളോടുള്ള തൊട്ടുകൂടായ്മകളും തുടങ്ങി ചര്‍ച്ച ചെയ്യേണ്ട അനേകായിരം പ്രതിസന്ധികള്‍ക്ക് നടുവിലാണ് ഇന്ത്യാ മഹാരാജ്യം. ശരണ്‍കുമാര്‍ ലിംബാളെ എഴുതിയ അക്കര്‍മാശിയില്‍ ചാണകത്തില്‍ നിന്ന് ഗോതമ്പ് വേര്‍തിരിച്ചെടുത്ത് ചപ്പാത്തി ചുട്ടുതിന്നുന്ന ദളിതരെ കാണാം. ഇത്രയൊക്കെ വംശത്തെ കുറിച്ചും മതത്തെ കുറിച്ചും ആകുലത കൊള്ളുന്ന ഫാസിസത്തിന് വിസര്‍ജ്യത്തില്‍ നിന്ന് ആഹാരം കണ്ടെത്തുന്ന ഈ ദളിതരെ കുറിച്ച് ഒന്നും പറയാനുണ്ടാകില്ല. കാരണം അവര്‍ തങ്ങളുടെ കുറുവടി കൊണ്ട് വരഞ്ഞ ഭൂപടത്തില്‍ നിന്ന് പണ്ടേ ആട്ടിയോടിക്കപ്പെട്ടവരാണ്.
ചരിത്രപരമായി ഫാസിസത്തിന് വളര്‍ന്നുവലുതാകാന്‍ ഇടമൊരുക്കിയ ദേശമല്ല ഭാരതം. ഇപ്പോഴും ഇന്ത്യയിലെ മഹാഭൂരിപക്ഷവും മതേതരത്വത്തിന് വേണ്ടി ദാഹിക്കുന്നവരാണ്. യഥാര്‍ഥ ചരിത്രത്തെ അതുകൊണ്ടാണ് ഫാസിസം ഭയപ്പെടുന്നത്. ചരിത്രങ്ങളെ വളച്ചൊടിച്ചും ഊഹങ്ങളെ ചരിത്രങ്ങളാക്കിയുമാണ് അത് വളര്‍ന്നുവലുതാകുന്നത് തന്നെ. അങ്ങനെയാണ് തിരഞ്ഞെടുപ്പ് കാലത്ത് ഊഹങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തിയെടുത്ത അയോധ്യയിലെ രാമക്ഷേത്രം ഫാസിസം വീണ്ടും വീണ്ടും ഉരുവിട്ടുകൊണ്ടിരിക്കുന്നത്. മുസല്‍മാനും ഹിന്ദുവും ക്രിസ്ത്യാനിയും തോളോടു തോള്‍ ചേര്‍ന്ന് രൂപപ്പെടുത്തിയെടുത്ത മതേതരത്വ ഭാരതത്തിന്റെ ചരിത്രം മറക്കാന്‍ അത് നമ്മെ ഉണര്‍ത്തിക്കൊണ്ടിരിക്കുന്നു. “ആകാശത്തുനിന്നൊരു മാലാഖ ഇറങ്ങിവന്ന് കുത്തബ് മീനാറിന്റെ മുകളില്‍ നിന്ന് സ്വരാജ് വേണോ ഹിന്ദു മുസ്‌ലിം ഐക്യം വേണോ എന്നു ചോദിച്ചാല്‍ ഞാന്‍ ഹിന്ദു മുസ്‌ലിം ഐക്യം തിരഞ്ഞെടുക്കുമെ”ന്ന് പ്രഖ്യാപിച്ച ആസാദിനെപ്പോലെയുള്ള ദേശീയവാദികളുടെ ചരിത്രം അത്ര പെട്ടെന്ന് മറന്നു കളയാന്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഫാസിസ്റ്റ്‌വിരുദ്ധര്‍ക്ക് കഴിയില്ലെന്ന് ആശ്വസിക്കാം.

Latest