27 വില്ലേജുകളില്‍ ടാങ്കര്‍ലോറി വഴി കുടിവെള്ള വിതരണം

Posted on: April 28, 2014 10:30 am | Last updated: April 28, 2014 at 10:30 am

കോഴിക്കോട് : ജില്ലയില്‍ രൂക്ഷമായി അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമത്തിന് പരിഹാരവുമായി ജില്ലാ ഭരണകൂടം രംഗത്ത്. വേനല്‍ കടുത്തതോടെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളമില്ലാതെ ജനങ്ങള്‍ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് നടപടികളുമായി ജില്ലാ ഭരണകൂടം രംഗത്തെത്തുന്നത്.

ജലക്ഷാമം ഏറെ അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ ടാങ്കര്‍ലോറികള്‍ വഴി കുടിവെള്ള വിതരണം നടത്താനാണ് തീരുമാനം. ജില്ലയിലെ 27 വില്ലേജുകളിലെ 1020 പ്രദേശങ്ങളില്‍ ടാങ്കര്‍ലോറികള്‍ വഴി കുടിവെള്ള വിതരണം നടത്താന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ കലക്ടര്‍ സി എ ലത അറിയിച്ചു
കോഴിക്കോട് താലൂക്കിലെ കോട്ടൂളി, കരുവന്‍തിരുത്തി, കക്കോടി, നെല്ലിക്കോട്, മടവൂര്‍, ഫറോക്ക്, വളയനാട്, നീലേശ്വരം വില്ലേജുകളിലെ 314 പ്രദേശങ്ങളിലും വടകര താലൂക്കിലെ ചെക്യാട്, വില്ല്യാപ്പള്ളി, കായക്കൊടി, കുറ്റിയാടി, തൂണേരി, മരുതോങ്കര, വാണിമേല്‍, പുറമേരി, കാവിലുംപാറ, വിലങ്ങാട്, വില്ലേജുകളിലായി 381 പ്രദേശങ്ങളിലും കൊയിലാണ്ടി താലൂക്കിലെ കായണ്ണ, മേപ്പയ്യൂര്‍, ഉണ്ണികുളം, നടുവണ്ണൂര്‍, നൊച്ചാട്, എരവട്ടൂര്‍, മേഞ്ഞാണ്യം, കോട്ടൂര്‍ വില്ലേജുകളിലെ 299 പ്രദേശങ്ങളിലും താമരശ്ശേരി താലൂക്കിലെ ശിവപുരം വില്ലേജിലെ 26 പ്രദേശങ്ങളിലുമാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്.
ജില്ലയില്‍ വരള്‍ച്ച തടയുന്നതിനും ശുദ്ധജലം വിതരണം ചെയ്യുന്നതിനും സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണിത്. റവന്യൂ ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള പരിശോധനയിലൂടെ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നതായികണ്ടെത്തിയ പ്രദേശങ്ങളിലാണ് ജലവിതരണം നടത്തുന്നത്. തിരഞ്ഞടുക്കപ്പെട്ട വില്ലേജുകളില്‍ വില്ലേജ് ഓഫീസര്‍മാര്‍ മുഖേനെ ആഴ്ചയില്‍ രണ്ട് ദിവസമാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്.
ഇതില്‍ യാതൊരു വിധ പരാതികളും ഉണ്ടാകാന്‍ ഇടവരുത്തരുതെന്നും വിതരണം ചെയ്യുന്ന കുടിവെള്ളവും ടാങ്കറുകളും മാലിന്യമുക്തമാണെന്ന് വാട്ടര്‍ അതോറിറ്റി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ശുദ്ധജലവിതരണവുമായി ബന്ധപ്പെട്ട് താലൂക്ക് ജില്ലാതലങ്ങളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുമെന്നും കലക്ടര്‍ പറഞ്ഞു.