ജോണ്‍ ഇരുപത്തിമൂന്നാമനെയും ജോണ്‍ പോള്‍ രണ്ടാമനും വിശുദ്ധരായി പ്രഖ്യാപിച്ചു

Posted on: April 27, 2014 2:14 pm | Last updated: April 27, 2014 at 2:14 pm

jon pol marpappaവത്തിക്കാന്‍ സിറ്റി: മുന്‍ മാര്‍പ്പാപ്പമാരായ ജോണ്‍ പോള്‍ രണ്ടാമനേയും ജോണ്‍ 23ാമനേയും വിശുദ്ധരായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നു നടന്ന നാമകരണ ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും മുന്‍ഗാമി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും പങ്കെടുത്തു. ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ 25 രാഷ്ട്ര നേതാക്കന്മാര്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് പേര്‍ വത്തിക്കാനിലെത്തിയിരുന്നു.

മേജര്‍ ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവാ ഉള്‍പ്പെടെ 150 കര്‍ദിനാള്‍മാരും 850 ഓളം മെത്രാന്മാരും 6000 വൈദികരും കര്‍മ്മങ്ങളില്‍ സംബന്ധിച്ചു. കേന്ദ്രമന്ത്രിമാരായ കെ.വി. തോമസും ഓസ്‌കാര്‍ ഫെര്‍ണാണ്ടസും അടങ്ങുന്ന സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്.