മൂടാലില്‍ റോഡിന് കുറുകെ കണ്ടെയ്‌നര്‍ കുടുങ്ങി ഗതാഗതം മുടങ്ങി

Posted on: April 25, 2014 6:00 am | Last updated: April 25, 2014 at 12:17 am

വളാഞ്ചേരി: ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി കുടുങ്ങി മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. വളാഞ്ചേരിക്കും കുറ്റിപ്പുറത്തിനുമിടയില്‍ മൂടാല്‍ കയറ്റത്തിലാണ് നിയന്ത്രണം വിട്ട് ലോറി വിലങ്ങനെ കുടുങ്ങിയത്.
വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം. എറണാകുളത്ത് നിന്നും പ്ലൈവുഡ് കയറ്റി കോട്ടക്കലിലേക്ക് പോവുകയായിരുന്നു ലോറി. വളവും കയറ്റവും കൂടിയ ഇവിടെ വലിയ ലോറി നിയന്ത്രണം വിട്ട് അരികിലേക്ക് ഉരുണ്ട് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു.
തുടര്‍ന്ന് വളാഞ്ചേരിയില്‍ നിന്നും കുറ്റിപ്പുറത്ത് നിന്നും പോലീസെത്തി വാഹനം നീക്കുവാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ദേശീയപാതയില്‍ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. ഇതോടെ ഓഫീസുകളിലേക്കും മറ്റും പോകേണ്ടവര്‍ വഴിയില്‍ കുടുങ്ങി. തുടര്‍ന്ന് പതിനൊന്ന് മണിയോടെ കുന്ദംകുളത്ത് നിന്നും ക്രെയിന്‍ കൊണ്ടുവന്ന് ലോറി മാറ്റിയതോടെയാണ് ഗതാഗത സ്തംഭനമൊഴിവായത്.