സംസ്ഥാനത്ത് റോഡപകട മരണങ്ങള്‍ കുറഞ്ഞുവെന്ന് ഗതാഗത കമ്മീഷണര്‍

Posted on: April 25, 2014 11:14 pm | Last updated: April 25, 2014 at 11:14 pm

കാസര്‍കോട്: എല്ലാ ഇരുചക്രവാഹനയാത്രക്കാരും ഹെല്‍മറ്റ് ധരിച്ചാല്‍ വാഹനമോടിച്ചാല്‍ സംസ്ഥാനത്ത് 95 ശതമാനം റോഡപകടമരണങ്ങളും ഒഴിവാക്കാനാകുമെന്ന് ഗതാഗത കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു. വിദ്യാനഗര്‍ എ ആര്‍ കോണ്‍ഫറന്‍സ് ഹാളില്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ട്രാഫിക് ബോധവത്ക്കരണ പരിശീലന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗതാഗത കമ്മീഷണര്‍.
ഹെല്‍മറ്റ് സ്ട്രാപ്പ് നിര്‍ബന്ധമായും ഉപയോഗിക്കണം ഹെല്‍മറ്റിനു പകരം പ്ലാസ്റ്റിക് തൊപ്പികളും മറ്റും ധരിച്ച് യാത്ര ചെയ്യുന്നവര്‍ക്കെതിരെ ഹെല്‍മറ്റ് ഇല്ലാത്തവര്‍ക്കുളള പിഴ തന്നെ ഈടാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചതിന് പിടികൂടിയാല്‍ വാഹനത്തിന്റെ ആര്‍ സി ബുക്ക് ഉടമക്കും കുട്ടിയുടെ മാതാപിതാക്കള്‍ക്കും ബോധവത്കരണ ക്ലാസ് നല്‍കും. ഡ്രൈവര്‍മാരുടെ അശ്രദ്ധയാണ് റോഡപകടങ്ങള്‍ വര്‍ധിക്കാനിടയാക്കുന്നത്.
ഗതാഗത വകുപ്പിന്റെയും പോലീസിന്റെയും നടപടികളെതുടര്‍ന്ന് കഴിഞ്ഞവര്‍ഷത്തേക്കാള്‍ സംസ്ഥാനത്ത് 150 റോഡപകട മരണങ്ങള്‍ കുറക്കാന്‍ സാധിച്ചിട്ടുണ്ട്. ശബരിമല സീസണില്‍ ഒരു അയ്യപ്പഭക്തന്‍പോലും റോഡപകടത്തില്‍ മരിക്കാതിരുന്നതും ഈ നടപടികളുടെ നേട്ടമാണ്. കുറഞ്ഞ വിസ്തൃതി പരിഗണിച്ചാല്‍ ലോകത്ത് ഏറ്റവും റോഡപകടങ്ങളുണ്ടാകുന്ന പ്രദേശമാണ് കേരളമെന്ന് അദ്ദേഹം ചുണ്ടിക്കാട്ടി.
കൊലപാതകങ്ങളും കവര്‍ച്ചകളും അന്വേഷിക്കുന്ന ഗൗരവത്തോടെ റോഡ് സുരക്ഷാ കേസുകളിലും പോലീസ് അന്വേഷണം നടത്തണം. റോഡുകളുടെ നിര്‍മാണത്തിലെ അപാകതമൂലം അപകടങ്ങള്‍ ഉണ്ടാകുന്നത് തടയണം. ഇതിനായി പൊതുമരാമത്ത് വകുപ്പുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. ദേശീയപാതയില്‍ മഞ്ചേശ്വരം മുതല്‍ എറണാകുളം വരെ ക്യാമറകള്‍ സ്ഥാപിച്ചു. നിയമലംഘകരെ പിടികൂടാന്‍ ഇനി എളുപ്പം സാധിക്കും. കാസര്‍കോട് പോലീസ് നടപ്പാക്കിയ ഷാഡോ പോലീസിങ്ങ് വിജയകരമാണ്. ഇത് മറ്റ് ജില്ലകളില്‍കൂടി വ്യാപിപ്പിക്കാന്‍ ജില്ലാ പോലീസ് മോധാവികള്‍ക്ക് നിര്‍ദേശം നല്‍കും. റോഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ വാഹനപകടങ്ങള്‍ ഗണ്യമായി കുറക്കാന്‍ കഴിയുമെന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നതെന്നും ഗതാഗത കമ്മീഷണര്‍ പറഞ്ഞു.
ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് അധ്യക്ഷത വഹിച്ചു. ആര്‍ ടി ഒ പ്രകാശ് ബാബു സ്വാഗതവും എ ആര്‍ ക്യാമ്പ് ഇന്‍സ്‌പെക്ടറുടെ ചുമതല വഹിക്കുന്ന സി കെ വിശ്വനാഥന്‍ നന്ദിയും പറഞ്ഞു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി ജെ തങ്കച്ചന്‍ ക്ലാസ്സെടുത്തു. റോഡ് സുരക്ഷാ സന്ദേശകാവ്യം അവതരിപ്പിച്ചു. ഡി വൈ എസ് പി.മാരായ പി തമ്പാന്‍, രഘുറാം എന്നിവരും സിവില്‍ പോലീസ് ഉദ്യോഗസ്ഥരും സംബന്ധിച്ചു.