പമ്പ്ഹൗസ് ജീവനക്കാര്‍ പണിമുടക്കി; അഞ്ച് പഞ്ചായത്തുകളില്‍ കുടിവെള്ളം മുടങ്ങി

Posted on: April 24, 2014 10:09 am | Last updated: April 24, 2014 at 10:09 am

തിരൂരങ്ങാടി: പമ്പ് ഹൗസ്ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങി. ജിവനക്കാര്‍ ജോലിക്കെത്തിയില്ല. അഞ്ചു പഞ്ചായത്തുകളില്‍ കുടിവെള്ളം മുടങ്ങി. തിരൂരങ്ങാടി പഞ്ചായത്തിലെ കക്കാട് വാക്കിക്കയം, ഏ ആര്‍ നഗര്‍ പഞ്ചായത്തിലെ പനമ്പുഴ, വേങ്ങര പഞ്ചായത്തിലെ കല്ലക്കയം എന്നീപമ്പ് ഹൗസുകളിലാണ് പമ്പിംഗ് വാള്‍വ്ഓപ്പറേറ്റര്‍മാര്‍ ഇന്നലെ ജോലിക്ക് എത്താതിരുന്നത്. കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ശമ്പളമാണ് ഇവര്‍ക്ക് ലഭിക്കാനുള്ളത്. അതിനുമുമ്പുള്ള ഏതാനും മാസങ്ങളിലെ 20ശതമാനവും ലഭിക്കാനുണ്ട്.പമ്പിംഗ് ജോലിക്കാരന് 396രൂപയും വാള്‍വ് ഓപ്പറേറ്റര്‍ക്ക് 377 രൂപയുമാണ് ദിവസശമ്പളം.
സര്‍ക്കാറിന്റെ കയ്യില്‍ പണമില്ലാത്തതാണത്രെ ശമ്പളം മുടങ്ങാന്‍ കാരണം.ഈമൂന്ന് പമ്പ് ഹൗസുകളിലായി 10ജീവനക്കാരാണുള്ളത്. ഇവര്‍ ജോലിക്ക് എത്താത്തതിനാല്‍ നിരവധി കുടുംബങ്ങളുടെ കുടിവെള്ളമാണ് മുടങ്ങിയിട്ടുള്ളത്. കക്കാട് വാക്കിക്കയം പമ്പ് ഹൗസില്‍ നിന്നാണ് കക്കാട്,തിരൂരങ്ങാടി,വെന്നിയൂര്‍,കാച്ചടി ഭാഗങ്ങളില്‍ കുടിവെള്‌ലം എത്തിക്കുന്നത്.
പനമ്പുഴ പമ്പ് ഹൗസില്‍നിന്ന് ഏആര്‍നഗര്‍ പഞ്ചായത്തിന്റെ ഭാഗങ്ങളിലേക്കും വേങ്ങര കല്ലക്കയം പമ്പ് ഹൗസില്‍നിന്ന് വേങ്ങര, ഊരകം, കണ്ണമംഗലം,പറപ്പൂര്‍ പഞ്ചായത്തുകളിലേക്കുമാണ് ശുദ്ധജലം എത്തിക്കുന്നത്.
ആയിരക്കണക്കിന് കുടുംബങ്ങളാണ് ഇതുമൂലം കുടിവെള്ളം ലഭിക്കാതെ പ്രയാസപ്പെടുന്നത്.