ചൂട് സഹിക്കാനാകുന്നില്ല; തൊഴില്‍ സമയം അര്‍ധ രാത്രിയിലേക്ക് മാറുന്നു

Posted on: April 24, 2014 10:08 am | Last updated: April 24, 2014 at 10:08 am

വണ്ടൂര്‍: കനത്ത ചൂട് സഹിക്കവയ്യതായതിനെ തുടര്‍ന്ന് തൊഴില്‍ സമയങ്ങളില്‍ കാര്യമായ മാറ്റം വന്നുതുടങ്ങി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ചെങ്കല്‍-കരിങ്കല്‍ ക്വാറികളില്‍ തൊഴിലെടുക്കുന്നവരാണ് തങ്ങളുടെ ജോലി സമയം അര്‍ധരാത്രി മുതല്‍ രാവിലെ പതിനൊന്ന് വരെയാക്കി പുനക്രമീകരിക്കുന്നത്.
പുലര്‍ച്ചെ മൂന്നിന് ആരംഭിക്കുന്ന തൊഴില്‍ രാവിലെ പതിനൊന്നോടെയാണ് അവസാനിക്കുന്നത്. തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ ചില ക്വോറികളില്‍ ഈ സമയക്രമാണ് ആഴ്ചകളായി തുടരുന്നത്. കല്ലുകള്‍ കയറ്റാനെത്തുന്ന വാഹനങ്ങളുടെ ബാറ്ററികളില്‍ നിന്നാണ് ഇവര്‍ വെളിച്ച സൗകര്യമൊരുക്കുന്നത്.ഹെഡ് ലൈറ്റ് ഉപയോഗിച്ച് പണിയെടുക്കുന്നവരും ഉണ്ട്. രാവിലെ പതിനൊന്ന് മണിയാകുന്നതോടെ കനത്ത ചൂട് ആരംഭിക്കുന്നതിനാല്‍ ക്വാറികളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ഇരട്ടി ചൂടാണ് അനുഭവപ്പെടുന്നത്.
രണ്ട് വിഭാഗമായിട്ടാണ് ക്വാറിയില്‍ തൊഴിലെടുക്കുന്നത്. ഒരു വിഭാഗം പകല്‍ സമയങ്ങളില്‍ വന്ന് കുഴികളുണ്ടാക്കി വെടിപൊട്ടിച്ചും പാറക്കഷ്ണങ്ങളാക്കിയ ശേഷം ജോലി അവസാനിച്ചുപോകുന്നു. ലോഡിംഗ് ചെയ്യുന്ന തൊഴിലാളികളാണ് പുലര്‍ച്ചെ സമയം ജോലിക്കായി മാറ്റിവെക്കുന്നത്. ഈ സമയം ലോറികളെല്ലാം ക്വാറികള്‍ക്ക് സമീപം പാര്‍ക്ക് ചെയ്യുന്നുമുണ്ട്.
നേരം പുലരും മുമ്പ് അമിത വേഗത്തില്‍ കൂടുതല്‍ ലോഡ് കല്ലുകളിറക്കാമെന്നതും ഇവരെ അനുകൂലമാക്കുന്ന ഘടകങ്ങളാണ്. അര്‍ദ്ധരാത്രിയുള്ള ഈ തൊഴില്‍ ഏറെ അപകടം നിറഞ്ഞതാണ്.മതിയായ വെളിച്ച സൗകര്യമില്ലാത്തതിനാല്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യത ഏറെയാണ്. അതെസമയം നിര്‍മാണ മേഖലയിലെ തൊഴില്‍ സമയത്തില്‍ ഇപ്പോള്‍ കാര്യമായ മാറ്റം കാണുന്നില്ല.
കെട്ടിട നിര്‍മ്മാണ രംഗത്ത് ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ ചുവടുറപ്പിച്ച സ്ഥലങ്ങളില്‍ സമയക്രമത്തിലൊന്നും മാറ്റമില്ല.കൂടൂതല്‍ ചൂട് കൂടിയ പ്രദേശങ്ങളില്‍ ജോലിചെയ്തുള്ള പരിചയമുണ്ടായതിനാല്‍ ജില്ലയിലെ ഈ വെയിലൊന്നും ഇവരെ തളര്‍ത്തുന്നില്ല. തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമം അനുവദിക്കണമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കരാറുകാര്‍ ഈ നിയമത്തിന്റെ ആനുകൂല്യമൊന്നും അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് നല്‍കുന്നില്ല.