Connect with us

Kozhikode

ലീഗിന്റെ മൗനം പൊട്ടിത്തെറിക്ക് മുമ്പുള്ള ശാന്തത

Published

|

Last Updated

കോഴിക്കോട്: സ്വന്തം സ്ഥാനാര്‍ഥികള്‍ക്കെതിരെ പാര പണിത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തന്ത്രപരമായ മൗനം പാലിക്കുന്ന ലീഗ് ഫലം വന്നതിനു ശേഷം പ്രതികരിക്കും. പൊന്നാനിയില്‍ ലീഗ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബഷീറിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ശ്രമം നടത്തിയെന്ന പ്രാഥമിക വിലയിരുത്തലുകള്‍ക്കിടയിലും ലീഗ് പരസ്യമായി പ്രതികരിക്കാത്തത് ഇതിന്റെ ഭാഗമാണ്.

ഇ ടിക്കെതിരെ പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കും നേതാക്കള്‍ക്കുമെതിരെ കെ പി സി സിയും ഡി സി സിയും എന്തു നടപടിയെടുക്കുന്നെന്ന് ലീഗ് കാത്തിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത് വരെ നടപടിയുണ്ടായില്ലെങ്കില്‍ ശേഷം ശക്തമായ നടപടികളുമായി മുന്നോട്ട് പോകും. ഇന്നലെ നടന്ന നേതൃയോഗത്തില്‍ ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് നേതാക്കള്‍ അവസരം നല്‍കിയില്ല. പൊന്നാനിയില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ പലരും നിസ്സഹകരിച്ചെന്ന് ഡി സി സി പോലും കെ പി സി സിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ ഘട്ടത്തിലാണ് കോണ്‍ഗ്രസിനെതിരെ ഇപ്പോള്‍ പരാതിയില്ലെന്ന നിലപാട് ലീഗ് സ്വീകരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത് വരെ ഇത്തരം ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയും ലീഗ് നിലപാടിനെ സാധൂകരിക്കുന്നതാണ്.
ലീഗ് സ്ഥാനാര്‍ഥികള്‍ക്കെതിരെ പരസ്യമായി പ്രതികരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും പ്രദേശിക ഘടകങ്ങള്‍ക്കെതിരെയും ലീഗ് മലപ്പുറം ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസ് -കോണ്‍ഗ്രസ് തര്‍ക്കം പോലെ പരസ്യമായി ഇപ്പോള്‍ പ്രതികരിക്കേണ്ടതില്ലെന്നും തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തി പ്രതികരിക്കാമെന്നുമാണ് ലീഗ് നിലപാട്.
തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ സ്ഥാനാര്‍ഥിക്കെതിരെ പ്രവര്‍ത്തിച്ചിരുന്ന പ്രാദേശിക കമ്മിറ്റികളുടെയും നേതാക്കളുടെയും വിവരങ്ങള്‍ ഡി സി സിക്ക് കൈമാറിയിരുന്നു. ഇതേ തുടര്‍ന്ന് കോട്ടക്കല്‍ മുനിസിപ്പാലിറ്റിയിലെ വില്ലൂര്‍ യൂനിറ്റ് കമ്മിറ്റി പിരിച്ചുവിടുകയും രണ്ട് പ്രാദേശിക നേതാക്കളെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
പൊന്‍മുണ്ടത്ത് ആറ് പ്രാദേശിക നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി അബ്ദുര്‍റഹ്മാന് അനുകൂലമായി പ്രവര്‍ത്തിച്ചതിനാണ് നടപടിയുണ്ടായത്. ഇതിനു ശേഷവും പത്തോളം പ്രാദേശിക കമ്മറ്റികള്‍ക്കെതിരെയും നിരവധി നേതാക്കള്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ട് ലീഗ് നേതൃത്വം ഡി സി സിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടുകളില്‍ കെ പി സി സിയും ഡി സി സിയും എന്തു നടപടിയെടുക്കുന്നു എന്ന് ഫലം വരുന്നത് വരെ കാത്തിരിക്കാനാണ് ലീഗിന്റെ തീരുമാനം.
പൊന്നാനി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി എല്‍ ഡി എഫ് സ്ഥാനാര്‍ഥി അബ്ദുര്‍റഹ്മാന് അനുകൂലമായി രംഗത്തെത്തിയത്. ഇത് ആദ്യ ഘട്ടത്തില്‍ ലീഗ് തുറന്നു സമ്മതിക്കുകയും പരാതിയുമായി കോണ്‍ഗ്രസിനെ സമീപിക്കുകയും ചെയ്തിരുന്നു.
പിന്നീടുള്ള ലീഗിന്റെ മൗനം തന്ത്രപരമായ നീക്കമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ചില നേതാക്കളുടെയും പ്രവര്‍ത്തനം സ്വന്തം സ്ഥാനാര്‍ഥിയെ ബാധിച്ചതായി യോഗത്തില്‍ ആശങ്ക രേഖപ്പെടുത്തിയെങ്കിലും പുറത്തുപറയാന്‍ നേതാക്കള്‍ തയ്യാറായിട്ടില്ല.