Connect with us

Kozhikode

മലാപ്പറമ്പ് സ്‌കൂള്‍ പൊളിച്ച സംഭവം മാനേജറെ കണ്ടെത്താനായില്ല

Published

|

Last Updated

കോഴിക്കോട്: മലാപ്പറമ്പ് എ യു പി സ്‌കൂള്‍ പൊളിച്ച മാനേജര്‍ പി കെ പത്മരാജനെ അന്വേഷണസംഘം ഇനിയും കണ്ടെത്തിയില്ല. സംഭവത്തിന് ശേഷം ഒളിവില്‍ പോയ മാനേജരെ കണ്ടെത്താന്‍ അഞ്ചംഗ അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഒമ്പത് ദിവസമായിട്ടും തുമ്പൊന്നുമില്ല.
നോര്‍ത്ത് അസി. കമ്മിഷണരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സൈബര്‍ സെല്‍ സഹായം തേടിയിട്ടുണ്ടെങ്കിലും സംഭവ ശേഷം മാനേജര്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. മാനേജരെ കൂടാതെ സഹോദരന്‍ വടകര അരൂര്‍ സ്വദേശി അജിത്തിനും സ്‌കൂള്‍ തകര്‍ത്ത സംഭവത്തില്‍ പങ്കുണ്ടെന്നാണു പോലീസ് കണ്ടെത്തല്‍. അജിത്ത് ഒളിവിലാണ്. മാനേജറുടെ കുടുംബാംഗങ്ങളുടെ വീടുകളില്‍ പരിശോധന നടത്തുന്നുണ്ടെങ്കിലും വിവരങ്ങളൊന്നുമില്ല.
തിരഞ്ഞെടുപ്പ് പോളിംഗ് കഴിഞ്ഞ് അര്‍ധരാത്രി മാനേജറുടെ സഹോദരന്‍ അജിത്താണ് മലാപറമ്പിലെ സ്‌കൂള്‍ മണ്ണുമാന്തിയന്ത്രം ഡ്രൈവര്‍ ജ്ഞാനപ്രകാശിനു കാണിച്ചുകൊടുത്തത്. കാറിലെത്തിയായിരുന്നു അജിത്ത് സ്‌കൂള്‍ കാണിച്ചു തന്നെതെന്നായിരുന്നു ഡ്രൈവറുടെ മൊഴി. സ്‌കൂള്‍ തകര്‍ക്കാന്‍ എസ്‌കവേറ്ററിന്റെ ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി പ്രകാശനൊപ്പം അകമ്പടി പോയ മാനേജറുടെ സഹോദന്റെ കാര്‍ കക്കട്ടിന് സമീപം അരൂരിലെ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം ചേവായൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ 10ന് രാത്രിയാണ് സ്‌കൂള്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തകര്‍ത്തത്.