Connect with us

Ongoing News

സയ്യിദ് അബ്ദുല്ലാഹില്‍ ഹൈദ്രൂസി തങ്ങള്‍ അന്തരിച്ചു

Published

|

Last Updated

പോര്‍ട്ട്ബ്ലയര്‍: പ്രമുഖ സൂഫിവര്യനും നിരവധി ത്വരീഖത്തുകളുടെ ശൈഖുമായ സയ്യിദ് അബ്ദുല്ലാഹില്‍ ഹൈദ്രൂസി തങ്ങള്‍ പാനിക്കാട് (75) ആന്‍ഡമാനില്‍ അന്തരിച്ചു. പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം. പൊന്നാനി സയ്യിദ് കുടുംബത്തില്‍ പെട്ട അദ്ദേഹം നാല്‍പ്പത് വര്‍ഷത്തോളമായി ആന്‍ഡമാനിലാണ് താമസം. ആന്‍ഡമാനിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും പള്ളികള്‍ നിര്‍മിക്കുകയും സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
ആന്‍ഡമാനില്‍ “പാനിക്കാട് തങ്ങളുപ്പാപ്പ” എന്ന പേരില്‍ അറിയപ്പെടുന്ന തങ്ങള്‍ക്ക് ഇന്ത്യക്കകത്തും പുറത്തും നിരവധി സ്‌നേഹജനങ്ങളുണ്ട്. നിരവധി കറാമത്തുകളുടെ ഉടമയായ അദ്ദേഹം രോഗികള്‍ക്കും വിഷമമനുഭവിക്കുന്നവര്‍ക്കും അത്താണിയായിരുന്നു. മര്‍കസ് പ്രസിഡന്റായിരുന്ന അവേലത്ത് സയ്യിദ് അബ്ദുല്‍ ഖാദര്‍ അഹ്ദല്‍ തങ്ങളുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്നു. ഡോ. സയ്യിദ് അബ്ദുസ്സ്വബൂര്‍ ശിഷ്യനാണ്. ഭാര്യ: ആമിന ഹജ്ജുമ്മ, മക്കള്‍: അബ്ദുല്ലാഹില്‍ ഹദ്ദാദ് തങ്ങള്‍, അബ്ദുല്ലാഹില്‍ ഹമ്മാദ് തങ്ങള്‍.
മരണ വാര്‍ത്തയറിഞ്ഞ് ആന്‍ഡമാനിലെ ദ്വീപുകളില്‍ നിന്ന് നിരവധി പേര്‍ ജനാസ സന്ദര്‍ശിക്കാനും മയ്യിത്ത് നിസ്‌കരിക്കാനും എത്തി. തങ്ങള്‍ തന്നെ നിര്‍മിച്ച പാനിക്കാട് പള്ളിക്കടുത്താണ് മയ്യിത്ത് ഖബറടക്കിയത്. തങ്ങള്‍ക്ക് വേണ്ടി മയ്യിത്ത് നിസ്‌കരിക്കാനും പ്രത്യേക പ്രാര്‍ഥന നടത്താനും ഖിറാഅത്ത് നടത്താനും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭ്യര്‍ഥിച്ചു.