Connect with us

Kerala

തിരുവനന്തപുരത്ത് ബി ജെ പിക്ക് വോട്ട് ചോര്‍ന്നെന്ന് ഡി സി സി

Published

|

Last Updated

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ത്രികോണ മത്സരം നടന്ന തിരുവനന്തപുരം മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടായതായി ഡി സി സിയുടെ റിപ്പോര്‍ട്ട്.
കഴിഞ്ഞ തവണ വോട്ടിംഗ് ശതമാനം വളരെ കുറവായിരുന്നിട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വന്‍ ഭൂരിപക്ഷം നല്‍കിയിരുന്ന തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ട് ചോര്‍ച്ച ഉണ്ടായിരിക്കുന്നത്. ചോര്‍ന്ന വോട്ടുകള്‍ ബി ജെ പി സ്ഥാനാര്‍ഥി ഒ രാജഗോപാലിനാണ് ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡെപ്യൂട്ടി സ്പീക്കര്‍ കൂടിയായ എന്‍ ശക്തനെതിരെ റിപ്പോര്‍ട്ട് ശക്തമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി സിറ്റിംഗ് എം പി കൂടിയായ ശശി തരൂരിന് വേണ്ടി ശക്തന്‍ സജീവമായി പ്രവര്‍ത്തിച്ചില്ല.
മന്ത്രിസ്ഥാനം കിട്ടാത്തതിലുള്ള അതൃപ്തിയും അമര്‍ഷവുമായിരുന്നു ശക്തന്റെ ഈ നിലപാടിന് പിന്നിലെന്നും സാമുദായിക പരിഗണന കണക്കിലെടുത്തായിരുന്നു ശക്തന്റെ പ്രചാരണ രീതികളെന്നുമാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. നേമം, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കാര്യമായ രീതിയില്‍ നടന്നിരുന്നില്ല.
ഇത് നാടാര്‍ വോട്ടുകള്‍ യു ഡി എഫിന് ലഭിക്കുന്നതില്‍ തിരിച്ചടിയായി. തിരുവനന്തപുരം, നേമം മണ്ഡലങ്ങളില്‍ നിന്ന് കഴിഞ്ഞ തവണ ലഭിച്ച വോട്ടുകള്‍ ഇത്തവണ പങ്കുവെക്കപ്പെടുന്നതിനാല്‍ കാട്ടാക്കട ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലെ വോട്ടുകള്‍ യു ഡി എഫ് പെട്ടിയിലെത്തിക്കുന്നതില്‍ ശക്തന്റെ നിലപാട് തടസ്സമായി.
അതേ സമയം നിലവിലെ സാഹചര്യത്തിലും തിരുവനന്തപുരത്ത് ഭൂരിപക്ഷം കുറഞ്ഞാലും ശശി തരൂരിന്റെ വിജയം ഉറപ്പാണെന്നാണ് ഡി സി സിയുടെ വിലയിരുത്തല്‍. കഴിഞ്ഞ തവണ ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലമാണ് തിരുവനന്തപുരം. അതോടൊപ്പം ആറ്റിങ്ങല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിന്ദുകൃഷ്ണയുടെ വിജയസാധ്യത തള്ളിക്കളയാനാകില്ലെന്നാണ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്.

Latest