ജിയോളജി വകുപ്പിന്റെ അനുമതിയുടെ മറവില്‍ അനധികൃത മണ്ണെടുപ്പ്; ജില്ലാ കലക്ടര്‍ ഇടപെട്ടു

Posted on: April 19, 2014 9:38 am | Last updated: April 19, 2014 at 9:38 am

കൂറ്റനാട്: ജിയോളജി വകുപ്പിന്റെ അനുമതിയുടെ മറവില്‍ അനധികൃതമായി മണ്ണെടുത്ത് വികൃതമാക്കിയ കുന്നിന്റെ സംരക്ഷണത്തിന് ജില്ലാ കലക്ടര്‍ ഇടപെട്ടു. കപ്പൂര്‍ വില്ലേജ് പരിധിയിലെ കല്ലടത്തൂര്‍ ഗോഖലെസ്‌കൂളിന് സമീപമുള്ളകുന്നാണ് നിരത്തിവന്നിരുന്നത്. നിരന്തരമായി ഇത്തരത്തില്‍ കുന്നുകള്‍ നശിപ്പിക്കുന്നതിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. പാലക്കാട് ജില്ലാ കലക്ടര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് നിജസ്ഥിതി വിലയിരുത്തിയത്. കലക്ടറുടെ പ്രത്യേകസ്‌കോഡ് കുന്നിടിക്കുകയായിരുന്ന മണ്ണുമാന്ത്രിയന്ത്രം, അഞ്ച് വലിയടിപ്പര്‍ ലോറികള്‍ എന്നിവ കസ്റ്റഡിയിലെടുത്തു. വരും ദിവസങ്ങളിലും കപ്പൂരിലും തൃത്താലമേഖലയിലെ വിവിധപ്രദേശങ്ങളിലെ കുന്നുകളും സ്‌ക്വാഡിന്റെ നിരീക്ഷണത്തിലാണ്. കപ്പൂരില്‍ മാത്രം ഇത്തരത്തില്‍ കുന്നുകള്‍ ഇടിച്ചുനിരത്തി മണ്ണെടുത്തുപോകുന്നതിന് നിരവധി അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്.
ഇവയെല്ലാം കലക്ടറുടെ മുന്നിലെത്തിച്ച് അവ ജിയോളജി വകുപ്പിനെ ചുമതലപെടുത്തുകയുമാണ്. എന്നാല്‍, ജിയോളജി വകുപ്പാകട്ടെ സ്ഥലം പരിശോധിക്കാതെയും സമീപവാസികളുടെസുരക്ഷയെകുറിച്ച് വിലയിരുത്താതെയുമാണ് സമ്മതപത്രം നല്‍കിവരുന്നത്. കൂടാതെ അപേക്ഷകളില്‍ പറഞ്ഞതീയതി പുതുക്കികൊടുക്കുന്നതും ഇത്തരം അനാസ്ഥയുടെ മറവിലാണ്.