Connect with us

Gulf

ആവശ്യപ്പെട്ടത് എ ഫോര്‍പേപ്പര്‍; കിട്ടിയത് കല്ലും കട്ടയും!

Published

|

Last Updated

ദുബൈ: ആവശ്യപ്പെട്ട ചരക്കുകള്‍ക്ക് പകരം വ്യാപാരികള്‍ക്ക് കണ്ടയിനറില്‍ ലഭിച്ചത് കല്ലും കട്ടയും. ചൈനയില്‍ നിന്നും ജബല്‍ അലി തുറമുഖത്ത് എത്തിയ കണ്ടയിനറിലാണ് കല്ലും കട്ടയും ലഭിച്ചത്.
എ ഫോര്‍ സൈസ് കടലാസുകള്‍, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവ ഓര്‍ഡര്‍ ചെയ്ത വ്യാപാരികള്‍ കണ്ടെയ്‌നര്‍ തുറന്നതോടെ ഞെട്ടി. തുറമുഖത്തുനിന്ന് കണ്ടയ്‌നറുകള്‍ ഗോഡൗണുകളില്‍ എത്തിച്ചു പരിശോധിച്ചപ്പോഴാണ് വ്യാപാരികള്‍ക്ക് ചതി ബോധ്യമായത്.
ചരക്ക് അയച്ച ചൈനീസ് കമ്പനികളില്‍ ബന്ധപ്പെട്ടപ്പോള്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് ഉറപ്പ് ലഭിച്ചതായി വ്യാപാരിയായ യൂസുഫ് സുലൈമാന്‍ വ്യക്തമാക്കി. എവിടെ വെച്ചാണ് ചരക്കുകള്‍ മാറ്റി കല്ലും കട്ടയും കയറ്റിയതെന്നാണ് വ്യാപാരികള്‍ക്കും ചരക്ക് കയറ്റി അയച്ചവര്‍ക്കും വ്യക്തമാവാത്തത്.
58,000 ദിര്‍ഹം വിലവരുന്ന എ ഫോര്‍ സൈസ് കടലാസിനായിരുന്നു യൂസുഫ് ഓര്‍ഡര്‍ നല്‍കിയത്. ഏപ്രില്‍ 13 നായിരുന്നു കണ്ടയിനര്‍ എത്തിയതെന്നും പതിവിന്‍ പടി സീല്‍ ചെയ്ത നിലയിലായിരുന്നു എത്തിയതെന്നും അദ്ദേഹം പറഞ്ഞു. പോലീസില്‍ പരാതിപ്പെട്ടിട്ടും ഏറെ വൈകിയാണ് അവര്‍ എത്തിയതെന്ന് ഈ വ്യാപാരി അരോപിച്ചു.
ജബല്‍ അലി തുറമുഖ അധികൃതരോട് അന്വേഷിച്ചപ്പോള്‍ ലഭിക്കുന്ന വസ്തുക്കള്‍ ഉടമകള്‍ക്ക് കൈമാറുന്നതില്‍ ഒതുങ്ങും തങ്ങളുടെ ഉത്തരവാദിത്വമെന്ന മറുപടിയാണ് ലഭിച്ചതെന്നും യൂസുഫ് പറഞ്ഞു.
ആവശ്യമായ അന്വേഷണങ്ങള്‍ക്ക് ശേഷം ദുബൈ കസ്റ്റംസ് ഉള്‍പ്പെടെയുള്ളവരില്‍ നിന്നു ഇതുമായി ബന്ധപ്പെട്ട് പ്രതികരണമുണ്ടാവുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

Latest