Connect with us

Ongoing News

രാജയോഗം ലക്ഷ്യമിട്ട് രാജന്‍മാര്‍

Published

|

Last Updated

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വ്യവസായ നഗരം. തമിഴകത്തില്‍ സി പി എമ്മിന് പ്രതീക്ഷയുള്ള ഏക സീറ്റ്. കോയമ്പത്തൂരില്‍ ഇത്തവണയും ചെങ്കൊടി പാറിക്കാന്‍ ഉറച്ചുതന്നെയാണ് സി പി എമ്മിന്റെ പ്രവര്‍ത്തനം. എന്ത് വിലകൊടുത്തും സീറ്റ് നിലനിര്‍ത്താന്‍ സി പി എം ശ്രമം നടത്തുമ്പോള്‍ ചെങ്കൊടി പറത്താന്‍ അനുവദിക്കില്ലെന്ന വാശിയാണ് കഴിഞ്ഞ ലോക്‌സഭാ കാലത്തെ സഖ്യ കക്ഷിയായ എ ഐ എ ഡി എം കെ. കോയമ്പത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 25 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ടെങ്കിലും പ്രധാന മത്സരം സി പി എമ്മും എ ഐ എ ഡി എം കെയും തമ്മിലാണ്.
സിറ്റിംഗ് എം പി. പി ആര്‍ നടരാജനെ തന്നെയാണ് സി പി എം ഇത്തവണയും രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ എ ഐ എ ഡി എം കെ മുന്നണിയിലായിരുന്നു സി പി എം മത്സരിച്ചത്. അന്ന് കോണ്‍ഗ്രസിലെ ആര്‍ പ്രഭുവിനെ 38,664 വോട്ടിനാണ് നടരാജന്‍ തോല്‍പ്പിച്ചത്. തൊഴിലാളികള്‍ക്കിടയിലും തമിഴ്‌നാട്ടിലെ മലയാളികള്‍ക്കിടയിലും പാര്‍ട്ടിക്കുള്ളിലും ഒരുപോലെയുള്ള സ്വാധീനമാണ് സി പി എമ്മിനെ കോയമ്പത്തൂരിലെ വിജയത്തിന് പിന്നിലെന്നാണ് പൊതുവെ പറയുന്നത്. സി ഐ ടി യുവിന് ശക്തമായ അടിത്തറയുള്ള മണ്ഡലം കൂടിയാണ് കോയമ്പത്തൂര്‍. ചെറുതും വലുതുമായ ആയിരക്കണക്കിന് ഫാക്ടറികള്‍, തുണിവ്യവസായത്തിലേര്‍പ്പെട്ട പതിനായിരക്കണക്കിന് തൊഴിലാളികള്‍ ഇവയെല്ലാമാണ് തിരഞ്ഞെടുപ്പിലെ നിര്‍ണായക ഘടകങ്ങള്‍.
സംസ്ഥാനത്തിന്റെ അതിര്‍ത്തിയില്‍ കിടക്കുന്ന കോയമ്പത്തൂരിലും കേരളത്തിലേത് പോലെയുള്ള ചിട്ടയുള്ള പാര്‍ട്ടി പ്രവര്‍ത്തനമാണ് സി പി എമ്മിന് ശക്തി പകരുന്നത്. തുണി മില്‍ തൊഴിലാളികള്‍ക്ക് ന്യായമായ വേതനം ലഭ്യമാക്കുന്നതിന് സി പി എം നടത്തിയ സമരവും പാര്‍ട്ടിക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നു. കോയമ്പത്തൂരില്‍ സി പി എമ്മിന്റെ വര്‍ധിച്ചു വരുന്ന സ്വാധീനം തകര്‍ക്കാതെയിരുന്നാല്‍ തമിഴകത്തിന് തന്നെ ഭീഷണിയാകുമെന്ന ഭയവും എ ഐ എ ഡി എം കെക്കുണ്ട്. അതുകൊണ്ട് എന്ത് വിലകൊടുത്തും സി പി എമ്മിന്റെ വിജയം തടയുക എന്ന ലക്ഷ്യത്തോടെയാണ് എ ഐ എ ഡി എം കെയുടെ പ്രവര്‍ത്തനം. ജയലളിതയടക്കമുള്ള എ ഐ എ ഡി എം കെ നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിക്കഴിഞ്ഞു.
1964നുശേഷം സി പി ഐ- സി പി എം പാര്‍ട്ടികള്‍ ഒരുമിച്ചു നിന്നാണ് ഇത്തവണ പോരാടുന്നതെങ്കിലും അതിനെല്ലാം അതിജീവിക്കാനാകുമെന്നാണ് ജയലളിതയുടെ കണക്കുകൂട്ടല്‍. അഡ്വ. എ പി നാഗരാജനാണ് എ ഐ എ ഡി എം കെ സ്ഥാനാര്‍ഥി. തനിച്ചു മത്സരിച്ച് ശക്തിതെളിയിക്കാനുള്ള ശ്രമത്തിലാണ് അവര്‍. ഏറെ ദുര്‍ബലമായ മുന്നണിയായാണ് ഡി എം കെ മത്സരിക്കുന്നത്. കെ ഗണേഷ് കുമാറാണ് സ്ഥാനാര്‍ഥി. രണ്ട് തവണ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത സി പി രാധാകൃഷ്ണനെയാണ് ബി ജെ പി രംഗത്തിറക്കിയത്. 1998ലും 1999ലും രാധാകൃഷ്ണന്‍ മണ്ഡലത്തില്‍ നിന്ന് പാര്‍ലിമെന്റിലെത്തിയിട്ടുണ്ട്.
പ്രമുഖ വ്യവസായിയായ ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ തുടക്കത്തില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. ആര്‍ പ്രഭുവാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. മുന്നണിയില്ലാതെ തനിച്ചു മത്സരിക്കുന്ന കോണ്‍ഗ്രസിന് വിജയം നോക്കെത്താത്ത ദൂരത്തിലാണിപ്പോള്‍. ദ്രാവിഡ കക്ഷികള്‍ രൂപപ്പെട്ടശേഷം ആദ്യമായാണ് മുന്നണികളില്ലാതെ കോണ്‍ഗ്രസിന്റെ മത്സരം. ബി ജെ പി മാത്രമാണ് ചെറുകക്ഷികളെ കൂട്ടുപിടിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മോദിയടക്കമുള്ളവര്‍ ബി ജെ പിയുടെ പ്രചാരണത്തിനെത്തിയിരുന്നു. സി പി എം സ്ഥാനാര്‍ഥിക്കായി കേരളത്തിലെ നേതാക്കളടക്കം പ്രചാരണ രംഗത്തുണ്ട്.
മലയാളികള്‍ കൂടുതലുള്ള കോയമ്പത്തൂരില്‍ ആര്‍ക്കാണ് വിജയമെന്നതിനെക്കുറിച്ച് തമിഴനാടിനെ പോലെ കേരളവും ഉറ്റുനോക്കുകയാണ്. പതിനാറ് ലക്ഷം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ അഞ്ച് ലക്ഷം പുതിയ വോട്ടര്‍മാരുണ്ട്. കോയമ്പത്തൂര്‍ നോര്‍ത്ത്, കോയമ്പത്തൂര്‍ സൗത്ത്, കൗണ്ടംപാളയം, സിങ്കനെല്ലൂര്‍, സൂലുര്‍, പല്ലടം എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് കോയമ്പത്തൂര്‍ ലോക്‌സഭാ മണ്ഡലം.

Latest