പാക് – താലിബാന്‍ ചര്‍ച്ച രണ്ട് ദിവസത്തിനകം

Posted on: April 15, 2014 8:54 am | Last updated: April 16, 2014 at 7:02 am

ഇസ്‌ലാമാബാദ്: പാക് സര്‍ക്കാറും താലിബാന്‍ നേതാക്കളും തമ്മിലുള്ള സമാധാന ചര്‍ച്ച രണ്ട് ദിവസത്തിനകം ആരംഭിക്കുമെന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. ചര്‍ച്ചക്ക് മുന്നോടിയായി പാക് ജയിലില്‍ കഴിയുന്ന 12 താലിബാന്‍കാരെ വിട്ടയക്കുമെന്നും വിശാല അര്‍ഥത്തിലുള്ള ഔദ്യോഗിക ചര്‍ച്ച ഉടനുണ്ടാകുമെന്നും ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍ വ്യക്തമാക്കി. ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളെ കുറിച്ചും അജന്‍ഡകളെ കുറിച്ചും മന്ത്രിമാരും ഉദ്യോഗസ്ഥന്‍മാരും തമ്മില്‍ ചര്‍ച്ച ചെയ്യുമെന്ന് ചൗധരി അറിയിച്ചു.
പാക്കിസ്ഥാനിലെ നിരോധിത സംഘടനയായ തഹ്‌രീകെ താലിബാന്‍ പാക്കിസ്ഥാന്‍ (ടി ടി പി)യുമായുള്ള സമാധാന ചര്‍ച്ചയെ ഏറെ ഗൗരവകരമായിട്ടാണ് പാക് നേതൃത്വം കാണുന്നത്. രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹരിക്കാന്‍ ഈ ചര്‍ച്ചക്ക് ആകുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍, ചര്‍ച്ചക്ക് മുന്നോടിയായി പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ലംഘിച്ചതിന് പിന്നില്‍ താലിബാനിലെ സമാധാന ചര്‍ച്ചയുടെ ഗൗരവം അറിയാത്ത വിഭാഗമാണെന്നും ആഭ്യന്തര മന്ത്രി ആരോപിച്ചു. വെടിനിര്‍ത്തല്‍ എന്നതിന് പകരം ആക്രമണങ്ങളുടെ വിരാമം എന്ന് പ്രയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.