Connect with us

Ongoing News

എല്‍ ഡി എഫ് വോട്ടര്‍മാര്‍ വിട്ടുനിന്നതിനാല്‍ ഇടുക്കിയില്‍ പോളിംഗ് കുറഞ്ഞു: യു ഡി എഫ്

Published

|

Last Updated

തൊടുപുഴ: തൊടുപുഴ അടക്കമുളള യു ഡി എഫ് ശക്തികേന്ദ്രങ്ങളില്‍ പോളിംഗ് കുറഞ്ഞത് എല്‍ ഡി എഫുകാര്‍ വോട്ടിംഗില്‍ നിന്നും വിട്ടു നിന്നതുകൊണ്ടാണെന്ന് യു ഡി എഫ് തിരഞ്ഞെടുപ്പ് സമിതി. യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ് 40,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ഇന്നലെ തൊടുപുഴ റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗം പ്രവചിച്ചു. അതേ സമയം എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജ് 30,000 വോട്ടിന്റെ മേല്‍ക്കൈയോടെ വിജയിക്കുമെന്നാണ് സി പി എം ജില്ലാ കമ്മിറ്റി ഇന്നലെ യോഗം ചേര്‍ന്ന് വിലയിരുത്തിയത്. ഇടുക്കിയിലെ ഏഴ് നിയോജകമണ്ഡലങ്ങളില്‍ പോളിംഗ് ഏറ്റവും കുറഞ്ഞത് തൊടുപുഴയിലാണ്. 2009 നേക്കാള്‍ 7.8 ശതമാനം വോട്ടുകള്‍ ഇക്കുറി ഇവിടെ കുറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിട്ടുനിന്നതായുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് യു ഡി എഫ് യോഗത്തിന്റെ കണ്ടെത്തല്‍. ഇടുക്കിയില്‍ പോളിംഗ് ശതമാനം കുറഞ്ഞതിന്റെ സാഹചര്യങ്ങളായിരുന്നു ഇന്നലെ ചേര്‍ന്ന യോഗം പ്രധാനമായും ചര്‍ച്ച ചെയ്തത്. കേരളാ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ തൊടുപുഴ – ഇടുക്കി നിയമസഭാ മണ്ഡലങ്ങളില്‍
പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫില്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്. മന്ത്രി പി ജെ ജോസഫിന്റെ പുറപ്പുഴയിലെ ബൂത്തില്‍ പോലും വോട്ട് കുറഞ്ഞതാണ് വിവാദം കൊഴുപ്പിച്ചത്. യുഡിഎഫ് അനുകൂല മണ്ഡലങ്ങളില്‍ വോട്ടുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് ആരോപണങ്ങളുമായി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പോളിംഗ് കുറഞ്ഞതും, ആരെങ്കിലുമൊക്കെ വോട്ട് ചെയ്യാതിരുന്നിട്ടുണ്ടെങ്കില്‍ അതും ഉള്‍പ്പെടെ എല്ലാ കുറവുകളും എല്‍ ഡി എഫിന്റെ തലയില്‍ കെട്ടിവെച്ചാണ് ഇന്നലെ യു ഡി എഫ് യോഗം പിരിഞ്ഞത്. ഇനി യു ഡി എഫ് സ്ഥാനാര്‍ഥി ജയിച്ചാലും പരാജയപ്പെട്ടാലും കോണ്‍ഗ്രസുകാര്‍ക്കോ ഘടക കക്ഷികള്‍ക്കോ ഒന്നും ഭയപ്പെടാനില്ല. മന്ത്രി പി ജെ ജോസഫിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ് അശോകന്‍ അധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ് ജോര്‍ജ്ജ്, കെ പി സി സി ജനറല്‍ സെക്രട്ടറി ജോസഫ് വാഴയ്ക്കന്‍ എം എല്‍ എ , ജോണി നെല്ലൂര്‍, സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ്, ഡിസിസി പ്രസിഡന്റ് റോയി കെ. പൗലോസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
സി പി എം ജില്ലാ കമ്മറ്റി യോഗത്തില്‍ ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍, ജില്ലാ സെക്രട്ടറി എം എം മണി, കെ കെ ജയചന്ദ്രന്‍ എം എല്‍ എ തുടങ്ങിയവര്‍ പങ്കെടുത്തു. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ഭൂരിപക്ഷം ലഭിക്കുമെന്നാണ് എല്‍ ഡി എഫിന്റെ വിശ്വാസം. ഇടുക്കി, ഉടുമ്പന്‍ചോല മണ്ഡലങ്ങളില്‍ മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നാണ് അവരുടെ വിലയിരുത്തല്‍.

---- facebook comment plugin here -----

Latest