വിദേശ നിക്ഷേപത്തില്‍ 20 ശതമാനം വര്‍ധനക്ക് സാധ്യതയെന്ന്

Posted on: April 14, 2014 5:32 pm | Last updated: April 14, 2014 at 5:32 pm

dubai

ദുബൈ: വിദേശ നിക്ഷേപത്തില്‍ 20 ശതമാനം വളര്‍ച്ച ദുബൈ ഈ വര്‍ഷം കൈവരിക്കുമെന്ന് പ്രമുഖ നിക്ഷേപ സ്ഥാപനമായ ഫോര്‍ട്രസ് അഭിപ്രായപ്പെട്ടു. മധ്യപൗരസ്ത്യദേശം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫോര്‍ട്രസിന്റെ കണക്കു പ്രകാരം 2013ല്‍ 1,200 കോടി ഡോളര്‍ വിദേശ നിക്ഷേപമാണ് ദുബൈ ആകര്‍ഷിച്ചത്. ഇത് ഈ വര്‍ഷം 1,440 കോടി ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫോര്‍ട്രസ് എം ഡി ഹാമിദ് മുഖ്താര്‍ വ്യക്തമാക്കി.
2008 മായി താരതമ്യപ്പെടുത്തുമ്പോള്‍ 2014ല്‍ 260 ശതമാനം വര്‍ധനവാണ് വിദേശ നിക്ഷേപത്തില്‍ ദുബൈ കൈവരിക്കുക. യു എ ഇയില്‍ നടന്നുവരുന്ന വന്‍ വികസന പ്രവര്‍ത്തനങ്ങളാണ് നിക്ഷേപം ഒഴുകി എത്താന്‍ ഇടയാക്കുന്നത്.
ആഗോള നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ദുബൈ ഏറ്റവും അനുയോജ്യമായ നിക്ഷേപ നഗരമായി മാറിക്കഴിഞ്ഞിരിക്കയാണ്. ഐ ടി, വിദ്യാഭ്യാസം, വിനോദസഞ്ചാരം, വിനോദോപാധികള്‍ തുടങ്ങിയവയില്‍ പണം ഇറക്കാനാണ് വിദേശ നിക്ഷേപകര്‍ക്ക് കൂടുതല്‍ താത്പര്യം.
വേള്‍ഡ് എക്‌സ്‌പോ 2020നായി ദുബൈ ചമയാന്‍ ആരംഭിച്ചിരിക്കുന്നതും നിക്ഷേപകര്‍ക്ക് മികച്ച അവസരങ്ങളാണ് ഒരുക്കുന്നത്. 690 കോടി യു എസ് ഡോളര്‍ നിക്ഷേപമാണ് എക്‌സ്‌പോയുമായി ബന്ധപ്പെട്ട് മാത്രം ദുബൈയില്‍ അടുത്തകാലത്ത് വിവിധ പശ്ചാത്തല വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യമായി വരിക.
നിര്‍മാണ മേഖലയില്‍ മാത്രമായി വികസനം അവസാനിക്കില്ല. അനുബന്ധമായി വിനോദ സഞ്ചാരം, ഹോട്ടല്‍ മേഖല, ചില്ലറ വില്‍പ്പന തുടങ്ങിയ രംഗങ്ങളില്‍ നിരവധി നിക്ഷേപ സാധ്യതകളാല്‍ ദുബൈ മുന്നോട്ടുവെക്കുന്നത്.
ഏത് മേഖലയില്‍ നിക്ഷേപിക്കാന്‍ തുടങ്ങുമ്പോഴും വിശദമായി പഠിച്ചു വേണം തീരുമാനം കൈക്കൊള്ളാന്‍. സാമ്പത്തിക രംഗത്തെ വിദഗ്ധരുടെ സഹായവും, നിക്ഷേപകര്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.