Connect with us

Ongoing News

മഹാസമുന്ദിലെത്ര ചന്ദുലാല്‍ സാഹുമാരുണ്ട് ?

Published

|

Last Updated

റായ്പൂര്‍: സ്ഥാനാര്‍ഥികളുടെ പേര് കൊണ്ട് മാത്രം വ്യത്യസ്തമാകുകയാണ് ഇവിടെ ഒരു മണ്ഡലം. ഛത്തീസ്ഗഢിലെ മഹാസമുന്ദ് മണ്ഡലമാണ് സ്ഥാനാര്‍ഥികളുടെ പേര് കൊണ്ട് വേറിട്ട് നില്‍ക്കുന്നത്. ഇവിടെ നിന്ന് ജനവിധി തേടുന്ന ഒരു ഡസനോളം സ്ഥാനാര്‍ഥികള്‍ക്ക് ഒരേ പേരാണ്. ചന്ദുലാല്‍ സാഹു. മുന്‍ മുഖ്യമന്ത്രി അജിത് ജോഗിക്കെതിരെ മത്സരിക്കുന്ന ബി ജെ പി സ്ഥാനാര്‍ഥിയും സിറ്റിംഗ് എം പിയുമായ ചന്ദുലാല്‍ സാഹുവിനാണ് ഇതേ പേരുള്ള പത്ത് അപരന്മാരുടെ ശല്യമുള്ളത്. ചന്ദുലാല്‍ സാഹുവെന്ന പേരുള്ള പത്ത് സ്വതന്ത്രന്മാരും മണ്ഡലത്തില്‍ നിന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു കഴിഞ്ഞു.
പ്രധാന എതിരാളിയായി കോണ്‍ഗ്രസാണ് ഇതിന് പിന്നിലെന്ന് ആരോപിച്ച് ബി ജെ പി രംഗത്തെത്തിയിട്ടുണ്ട്. സ്വതന്ത്രന്മാരായ എല്ലാ ചന്ദുലാല്‍ സാഹുമാരുടെയും പത്രിക തള്ളണമെന്നാണ് ബി ജെ പിയുടെ ആവശ്യം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ അവസാന ദിവസമാണ് പത്ത് പേരും പത്രിക നല്‍കിയത്. പത്രിക പിന്‍വലിക്കേണ്ട അവസാന ദിവസമായപ്പോള്‍ പത്ത് പേരും ഒളിവിലായിരുന്നുവെന്നും ബി ജെ പി ആരോപിക്കുന്നു.
38 സ്ഥാനാര്‍ഥികളാണ് മണ്ഡലത്തില്‍ ജനവിധി തേടുന്നത്. ഇതില്‍ ബി ജെ പി സ്ഥാനാര്‍ഥിയാണ് ഏറ്റവും കൂടുതല്‍ വിമത ഭീഷണി നേരിടുന്നത്. ഒരേ പേരുള്ള സാഹുമാര്‍ക്ക് പുറമെ രണ്ട് മോട്ടിലാല്‍ സാഹുമാരും ബി ജെ പിക്ക് അപരരായുണ്ട്. മെയ് പതിനേഴിനാണ് ഇവിടെ തിരഞ്ഞെടുപ്പ്. ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ടുള്ള മത്സരം നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഛത്തീസ്ഗഢ്.

Latest