യുവതിയെ ക്രൂരമായി പീഡിപ്പിച്ച സംഭവം;രണ്ട് പേര്‍ കൂടി റിമാന്‍ഡില്‍

Posted on: April 12, 2014 11:40 am | Last updated: April 12, 2014 at 10:40 am

rapeതാമരശ്ശേരി: ആദിവാസി യുവതിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിലെ രണ്ട് പേര്‍ കൂടി റിമാന്‍ഡില്‍. അടിവാരം പൊട്ടിക്കൈ അഷ്‌റഫ് (മാന്തള്‍ അഷ്‌റഫ് 42), പോത്തുണ്ടി കുന്തളംതേര് ഷമീര്‍ (35) എന്നിവരെയാണ് താമരശ്ശേരി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കിനാലൂര്‍ ഏഴുകണ്ടിയില്‍ നിന്ന് അടുത്തിടെ അടിവാരത്തെത്തി താമസമാക്കിയ ഇരുവരും വ്യാഴാഴ്ച പോലീസില്‍ കീഴടങ്ങുകയായിരുന്നു. നേരത്തെ കിനാലൂര്‍ ഏഴുകണ്ടി സുല്‍ഫിക്കററും (34) റിമാന്‍ഡിലായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് മുക്കത്തു നിന്ന് ആദിവാസി യുവതിയെ അടിവാരത്തെത്തിച്ച് ക്രൂരമായി പീഡിപ്പിച്ച് തോട്ടില്‍ തള്ളിയത്. അടിവാരം നൂറാംതോട് റോഡിലെ പോത്തുണ്ടി പാലത്തിന് സമീപത്തെ റബ്ബര്‍ തോട്ടത്തിലെത്തിച്ചാണ് നാല് പേര്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചത്. സുല്‍ഫിക്കറിനെ യുവതി അക്രമിച്ചതിനെ തുടര്‍ന്ന് നാല് പേരും ചേര്‍ന്ന് യുവതിയെ മര്‍ദിക്കുകയും റോഡരികിലെ തോട്ടില്‍ തള്ളുകയായിരുന്നു. തിങ്കളാഴ്ച രാവിലെ പാലത്തിന് സമീപം അവശ നിലയില്‍ കണ്ടെത്തിയ യുവതിയെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.
ചുണ്ടിനും മുഖത്തും മുറിവേറ്റ യുവതിയുടെ ഇടതു കൈയിന്റെ എല്ല് പൊട്ടിയിരുന്നു.
സംഭവത്തില്‍ ഒരാളെ കൂടി പിടികിട്ടാനുണ്ട്. ഇയാളെ കുറിച്ച് പോലീസിന് വ്യക്തമായ വിവരങ്ങള്‍ കിട്ടിയതായാണ് സൂചന.