Connect with us

Ongoing News

മിസോറാമില്‍ കനത്ത പോളിംഗ്‌

Published

|

Last Updated

ഐസ്വാള്‍: ബഹിഷ്‌കരണത്തിനും ബന്ദിനും ഇടയില്‍ മിസോറാമില്‍ ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ അറുപത് ശതമാനം പേര്‍ വോട്ട് ചെയ്തു. ഏക ലോക്‌സഭാ സീറ്റിലേക്കും പര്‍വത മിസോറാം മേഖലയിലെ ഒരു നിയമസഭാ മണ്ഡലത്തിലേക്കും നടന്ന തിരഞ്ഞെടുപ്പിലാണ് തരതമ്യേന മെച്ചപ്പെട്ട പോളിംഗ്. എട്ട് ജില്ലകളിലെ പോളിംഗ് കണക്കുകള്‍ സൂക്ഷ്മമായി പരിശോധിച്ച ശേഷം വരുന്ന അന്തിമ കണക്കില്‍ പോളിംഗ് ശതമാനം വര്‍ധിക്കുമെന്നാണ് സൂചന.
പോളിംഗ് സമയം കഴിഞ്ഞ ശേഷവും വോട്ട് ചെയ്യാനായി നിരവധി പേര്‍ ബൂത്തുകളില്‍ കാത്തുനില്‍ക്കുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ചില ബൂത്തുകളില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം പണിമുടക്കിയതിനാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ തടസ്സം നേരിട്ടുവെന്ന് മിസോറാം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശ്വനി കുമാര്‍ പറഞ്ഞു. തകരാറിലായ യന്ത്രങ്ങള്‍ മാറ്റിയാണ് ഇവിടെ വോട്ടിംഗ് പൂര്‍ത്തിയാക്കിയത്. വോട്ടിംഗ് സമാധാനപരമായിരുന്നുവെന്നും ഒരിടത്തും അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മ്യാന്‍മര്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായും ത്രിപുര, അസം എന്നീ സംസ്ഥാനങ്ങളുമായും അതിര്‍ത്തി പങ്കിടുന്ന മണ്ഡലത്തിലാണ് വോട്ടെടുപ്പ് നടന്നതെന്നതിനാല്‍ കനത്ത സുരക്ഷാ സന്നാഹം ഒരുക്കിയിരുന്നു. 2009ല്‍ 51 ശതമാനം പോളിംഗാണ് മിസോറാമില്‍ രേഖപ്പെടുത്തിയത്. ത്രിപുരയില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് മീസോ സംഘടനകള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. മൂന്ന് ദിവസത്തെ ബന്ദും ഈ ആവശ്യമുന്നയിച്ച് നടത്തി. കോണ്‍ഗ്രസിലെ സി എല്‍ റൗലയും യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ റോബര്‍ട്ട് റൊമാവിയ റോയട്ടും ആം ആദ്മി പാര്‍ട്ടിയുടെ ലാല്‍മന്‍സുലയുമാണ് മത്സരരംഗത്തുള്ളത്.

---- facebook comment plugin here -----