കേരളത്തില്‍ 74.04 ശതമാനം പോളിംഗ്‌

Posted on: April 11, 2014 7:10 am | Last updated: April 11, 2014 at 6:06 pm

AS India Elections

തിരുവനന്തപുരം: കേരളത്തിന്റെ ഉയര്‍ന്ന ജനാധിപത്യ ബോധം ഒരിക്കല്‍ കൂടി വ്യക്തമാക്കി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 74.04 ശതമാനം പോളിംഗ്. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 73.37 ശതമാനമായിരുന്നു പോളിംഗ്. അങ്കത്തട്ടിലിറങ്ങിയ 269 പേരില്‍ പാര്‍ലിമെന്റിലെത്തുന്ന 20 പേര്‍ ആരെന്നറിയാന്‍ 36 ദിവസം കാത്തിരിക്കണം. മെയ് 16നാണ് വോട്ടെണ്ണല്‍. ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്തത് വടകരയിലാണ്. 81.4 ശതമാനം. കുറവ് പത്തനംതിട്ടയിലും. 65.8 ശതമാനം. വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് ചിലയിടങ്ങളില്‍ വോട്ടിംഗ് വൈകിയതും ചെറിയ സംഘര്‍ഷങ്ങളും ഒഴിച്ച് നിര്‍ത്തിയാല്‍ വോട്ടിംഗ് പൊതുവില്‍ സമാധാനപരമായിരുന്നു. ഉയര്‍ന്ന പോളിംഗ് ശതമാനം തങ്ങള്‍ക്ക് അനുകൂലമാണെന്ന് ഇരു മുന്നണികളും ബി ജെ പിയും ഒരുപോലെ അവകാശപ്പെടുന്നു. വോട്ടിംഗ് തുടങ്ങിയ രാവിലെ മുതല്‍ തന്നെ ഉയര്‍ന്ന പോളിംഗാണ് രേഖപ്പെടുത്തിയത്. എന്നാല്‍, വൈകുന്നേരത്തോടെ ചിലയിടങ്ങളില്‍ പെയ്ത കനത്ത മഴ വോട്ടെടുപ്പിനെ ബാധിച്ചു.

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന വടക്കന്‍ കേരളത്തിലെ കണ്ണൂര്‍, വടകര മണ്ഡലങ്ങളിലാണ് ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്. ഇവിടെ രണ്ടിടത്തും 80 ശതമാനത്തിലധികം പേര്‍ വോട്ട് ചെയ്തു. ത്രികോണ മത്സരത്തിന്റെ പ്രതീതിയുള്ള കാസര്‍കോട്ട് 78.1 ശതമാനവും തിരുവനന്തപുരത്ത് 68.6 ശതമാനവുമാണ് പോളിംഗ്. മറ്റു മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം ഇപ്രകാരമാണ്. കണ്ണൂര്‍- 80.9, വയനാട്-73.2, കോഴിക്കോട്-79.6, മലപ്പുറം-71.4, പൊന്നാനി-74.1, പാലക്കാട്-75.4, ആലത്തൂര്‍-76.5, തൃശൂര്‍-72.1, ചാലക്കുടി-77, എറണാകുളം-72.8, ഇടുക്കി-70.5, കോട്ടയം-71.4, ആലപ്പുഴ-78.8, മാവേലിക്കര-71, പത്തനംതിട്ട-65.8, കൊല്ലം-71.6, ആറ്റിങ്ങല്‍-68.8.

കണ്ണൂര്‍ പരിയാരത്തും ശ്രീകണ്ഠാപുരത്തും തിരുവനന്തപുരത്ത് വേളിയിലും കോഴിക്കോട് കടലുണ്ടിയിലും സംഘര്‍ഷങ്ങളുണ്ടായി. കണ്ണൂര്‍ ശ്രീകണ്ഠാപുരം മലപ്പട്ടത്ത് കോണ്‍ഗ്രസ്, സി പി എം സംഘര്‍ഷമുണ്ടായി. മലപ്പട്ടം കൊളന്തയില്‍ ബൂത്തിലെ വോട്ടിംഗ് യന്ത്രം അക്രമികള്‍ എറിഞ്ഞ് തകര്‍ത്തു.
മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലുള്‍പ്പെട്ട കൈനകരിയിലെ 14, 15 ബൂത്തുകളില്‍ റീപോളിംഗ് വേണമെന്നാവശ്യപ്പെട്ട് യു ഡി എഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ് വരണാധികാരിക്ക് പരാതി നല്‍കി. വടകര താഴെ അങ്ങാടിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എ എന്‍ ഷംസീറിനെ കൈയേറ്റം ചെയ്തതായി പരാതി ഉയര്‍ന്നു. കുത്തുപറമ്പ് മുനിസിപ്പാലിറ്റിയിലും കോട്ടയം, മൊകേരി പഞ്ചായത്തുകളിലും വ്യാപകമായി കള്ളവോട്ട് നടന്നെന്ന് ആരോപിച്ച് വടകര മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി മുല്ലപ്പള്ളി രാമചന്ദ്രന്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി.

പോളിംഗ് യന്ത്രത്തിന്റെ തകരാറ് മൂലം വോട്ടിംഗ് തുടങ്ങാന്‍ വൈകിയ സ്ഥലങ്ങളില്‍ രാത്രി എട്ട് മണി വരെ പോളിംഗിന് സമയം നല്‍കി. ഉച്ചക്ക് ശേഷമാണ് പലയിടത്തും ശക്തമായ മഴ പെയ്തത്. വോട്ടെടുപ്പിന്റെ അവസാന ഘട്ടത്തില്‍ തിരുവനന്തപുരത്തും ഇടുക്കിയിലും കൊല്ലത്തും മഴ പെയ്തു.
ഇടുക്കി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, ചെറുതോണി മേഖലകളില്‍ നാലു മണിയോടെയാണ് സാമാന്യം കനത്ത മഴയെത്തിയത്. കോട്ടയം മണ്ഡലത്തിലെ കിഴക്കന്‍മേഖലയായ പാലായിലും ശക്തമായ മഴയുണ്ടായി. വൈകുന്നേരത്തോടെ തിരുവനന്തപുരത്തും നല്ല മഴ ലഭിച്ചു.
സ്ഥാനാര്‍ഥികളും പ്രമുഖ നേതാക്കളുമെല്ലാം രാവിലെ തന്നെ അതാത് ബൂത്തുകളില്‍ വോട്ട് ചെയ്തു. മികച്ച വിജയമുണ്ടാകുമെന്ന പ്രതീക്ഷയാണ് എല്ലാവരും പങ്കുവെച്ചത്.