കിണറുകളില്‍ ഉപ്പുവെള്ളം കയറുന്നു

Posted on: April 9, 2014 10:18 am | Last updated: April 9, 2014 at 10:18 am

വെങ്കിടങ്ങ്: പയക്കര, കൊല്ലംകുളങ്ങര ക്ഷേത്രപരിസരത്ത്്് കിണറുകളില്‍ ഉപ്പുവെള്ളം. കനോലി കനാലില്‍ നിന്ന് എല്ലാ പുളിക്കെട്ടുകളും തകര്‍ന്ന് കണ്ണളം തോട്ടിലൂടെ എത്തിയ ഉപ്പ് വെള്ളം വെങ്കിടങ്ങ് പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലെ നിരവധി വീടുകളിലെ കുടിവെള്ളം മുട്ടിച്ചു.
പഞ്ചായത്തില്‍ വര്‍ഷങ്ങളായി പരാതി നല്‍കിയിട്ടും അധികാരികള്‍ ശാശ്വത നടപടികള്‍ എടുത്തില്ല. കണ്ണളം തോടിന് ഇരുവശങ്ങളിലുള്ളവരാണ് ഇതിന്റെ ദുരിതം അനുഭവിക്കുന്നത്. ശക്തമായ വേലിയേറ്റത്തില്‍ പുഴയോരം തകര്‍ന്ന് മറ്റൊരു തോട് രൂപം കൊള്ളുകയായിരുന്നു.
ഇത് സംബന്ധിച്ച് വെങ്കിടങ്ങ് മത്സ്യത്തൊഴിലാളി സഹകരണസംഘം സെക്രട്ടറി കെ വി മനോഹരന്‍ പഞ്ചായത്ത് ഭരണസമിതിക്ക് പരാതി നല്‍കിയിരുന്നു. പുഴയോരം കെട്ടാന്‍ നിയമപരമായ ബുദ്ധിമുട്ട് ഉണ്ടെന്നാണ് മറുപടി ലഭിച്ചത്. ഈ മേഖലയിലെ തെങ്ങുകളും നശിച്ചു.