Connect with us

Ongoing News

തിരുവനന്തപുരത്ത് മുന്നണികള്‍ക്ക് ഭയം

Published

|

Last Updated

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂരിന് നേടാനായ വിജയം തന്നെ ഇക്കുറിയും ആവര്‍ത്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. ഇത്തവണ ഭൂരിപക്ഷത്തിന്റെ വര്‍ധനയെ കുറിച്ച് മാത്രം ചര്‍ച്ച ചെയതാല്‍ മതിയെന്നാണ് നേതാക്കളുടെ പക്ഷം. എന്നാല്‍, എല്‍ ഡി എഫ് സ്ഥാനാര്‍ഥി ബെന്നറ്റ് എബ്രഹാമിന് വിജയിക്കാന്‍ അനുകൂലമായ സാഹചര്യമാണ് മണ്ഡലത്തിലുള്ളതെന്നാണ് എല്‍ ഡി എഫ് നേതാക്കള്‍ വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിടത്തു നിന്ന് എല്‍ ഡി എഫിന്റെ ഗ്രാഫ് വളരെ ഉയര്‍ന്നിട്ടുണ്ട്. യു ഡി എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ മത സ്പര്‍ദ ഉണ്ടാക്കുന്ന രീതിയില്‍ വസതിയില്‍ പാസ്റ്റര്‍മാരുടെ യോഗം വിളിച്ചത് പരാജയ ഭീതി മൂലമാണെന്ന് വ്യക്തമാണ്. ഇത് യു ഡി എഫിനെ തിരഞ്ഞെടുപ്പില്‍ ബാധിക്കുമെന്ന് ഇടത് നേതാക്കള്‍ പറയുന്നു.

അതേസമയം, കുറഞ്ഞ ഭൂരിപക്ഷത്തിലാണെങ്കിലും തിരുവനന്തപുരം മണ്ഡലത്തില്‍ ബി ജെ പി ഇത്തവണ അക്കൗണ്ട് തുറക്കുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. സ്ഥാനാര്‍ഥി ഒ രാജഗോപാലിന്റെ വിജയം സുനിശ്ചിതമാണ്. കഴിഞ്ഞ തവണ നേടാനായതിനേക്കാള്‍ എല്ലാ മണ്ഡലങ്ങളിലും ഇരുപത് ശതമാനത്തോളം വോട്ടുകള്‍ അധികമായി ലഭിക്കും. നല്ലൊരു ശതമാനം വ്യക്തിപരമായ വോട്ടുകള്‍ തന്നെ അദ്ദേഹത്തിന് നേടാനാകുമെന്നും ബി ജെ പി അവകാശപ്പെടുന്നു.