കാസര്‍ക്കോടിന്റെ ഭാവി നിര്‍ണയം ബലാബലത്തിലൂടെ

Posted on: April 8, 2014 11:56 pm | Last updated: April 8, 2014 at 11:56 pm

kasargod 1കാസര്‍കോട്ട് ഇത്തവണയും നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ ജനഹിതമറിഞ്ഞുള്ള പി കരുണാകരന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ കൂടുതല്‍ ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ കഴിയുമെന്നും പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മലയോര മേഖലകളിലുള്‍പ്പടെ ബഹുജന പങ്കാളിത്തവും പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശവും ഇടതു മുന്നണിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചുണ്ടെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ പറയന്നു.
മണ്ഡലത്തില്‍ അട്ടിമറി വിജയം നേടുമെന്ന പ്രതീക്ഷയാണ് യു ഡി എഫിന്. പുതിയ സാഹചര്യം ഐക്യ ജനാധിപത്യ മുന്നണിക്ക് അനുകൂലമാണെന്നും ടി സിദ്ദീഖ് മണ്ഡലത്തിലെ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യനായിരിക്കുകയാണെന്നും യു ഡി എഫ് നേതൃത്വം പറയുന്നു. ജനങ്ങള്‍ ഒരു മാറ്റത്തിന് കൊതിക്കുകയാണെന്നും അതുകൊണ്ടുതന്നെ ടി സിദ്ദിഖിലൂടെ മണ്ഡലം പിടിച്ചെടുക്കുന്നതിന് കഴിയുമെന്നും യു ഡി എഫ് കണ്‍വീനര്‍ പറഞ്ഞു.
കേരളത്തില്‍ താമര വിരിയിക്കാന്‍ അനുകൂലമായ മണ്ണെന്ന് ബി ജെ പി കരുതുന്ന കാസര്‍കോട്ട് കെ സുരേന്ദ്രനാണ് രംഗത്തുള്ളത്. ശക്തമായ ത്രികോണ മത്സരത്തിലൂടെ കാസര്‍കോട് മണ്ഡലത്തില്‍ താമര വിരിയിക്കാന്‍ കഴിയുമെന്നാണ് ബി ജെ പി കരുതുന്നത്. ജനകീയ പ്രശ്‌നങ്ങളില്‍ ഇടപ്പെട്ട് മണ്ഡലത്തിലെ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യനായിരിക്കുകയാണ് ബി ജെ പി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍. അതിനാല്‍ ഇടത്, വലത് മുന്നണികളെ മടുത്തിരിക്കുന്ന ജനങ്ങള്‍ സുരേന്ദ്രന് വന്‍ ഭൂരിപക്ഷത്തോടെ വിജയം സമ്മാനിക്കുമെന്നും ബി ജെ പി ജില്ലാ നേതൃത്വം അവകാശപ്പെടുന്നു.