കല്‍ബയില്‍ രണ്ടു റോഡുകളില്‍ 6 നടപ്പാലങ്ങള്‍ സ്ഥാപിക്കും

Posted on: April 8, 2014 9:00 pm | Last updated: April 8, 2014 at 9:26 pm

കല്‍ബ: നഗരത്തിലെ പ്രധാനപ്പെട്ട രണ്ടു നിരത്തുകളില്‍ ഷാര്‍ജ റോഡ് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം ആറ് സ്ഥലങ്ങളില്‍ പുതുതായി നടപ്പാലങ്ങള്‍ നിര്‍മിക്കും. ആറു പുതിയ സിഗ്‌നലുകളും സ്ഥാപിക്കും. കല്‍ബ നഗരസഭയുമായി ചേര്‍ന്ന് അടുത്ത മാസം നിര്‍മാണം പൂര്‍ത്തിയാക്കും.
നഗരമധ്യത്തിലെ ശൈഖ് സഈദ് റോഡ്, കോര്‍ണീഷ് റോഡ് എന്നിവിടങ്ങളിലാണ് പുതിയ നടപ്പാലങ്ങളും സിഗ്‌നലുകളും സ്ഥാപിക്കുക. സമീപ ഭാവിയില്‍ നഗര പുരോഗതിക്കായി പദ്ധതിയിട്ട സ്ട്രാറ്റജിയുടെ ഭാഗമാണിത്. നിര്‍മാണം പദ്ധതിയിട്ട സ്ഥലങ്ങളില്‍ ഷാര്‍ജ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തിലെ ഉന്നതതല സ്ഥലം സന്ദര്‍ശനം നടത്തി. 10 കി. മി നീളമുള്ള കോര്‍ണിഷ് റോഡില്‍ കോര്‍ണിഷ് പാര്‍ക്ക് മുതലാണ് ഇവ സ്ഥാപിച്ചു തുടങ്ങുക. വിദ്യാലയങ്ങളും ഗവണ്‍മെന്റ് സ്ഥാപനങ്ങളും പൊതുജനങ്ങള്‍ക്ക് നിരന്തരം ആവശ്യം വരുന്ന മറ്റുസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് നടപ്പാലം നിര്‍മിക്കുകയെന്ന് അധികൃതര്‍ പറഞ്ഞു.