Connect with us

Ongoing News

പിന്തുണ പ്രഖ്യാപിച്ച സ്ഥാനാര്‍ഥി എല്‍ ഡി എഫിനൊപ്പം; വെല്‍ഫയര്‍ പാര്‍ട്ടിക്ക് തിരിച്ചടി

Published

|

Last Updated

തൊടുപുഴ: ഇടുക്കി ലോക് സഭ മണ്ഡലത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ കക്ഷിയായ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ പിന്തുണ പ്രഖ്യാപിച്ച സ്ഥാനാര്‍ഥി മത്സര രംഗത്തുനിന്ന് പിന്‍മാറി എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിക്കൊപ്പം കൂടി. ഇതോടെ വെല്‍ഫെയര്‍ പാര്‍ട്ടി കുരുക്കിലായി.
ഇടുക്കി ലോക്‌സഭ മണ്ഡലത്തില്‍ മത്സരിക്കാതെ തങ്ങളുടെ നിലപാടുകളോട് യോജിക്കുന്ന സ്ഥാനാര്‍ഥിയെ പിന്തുണക്കാനാണ് ആദ്യമേ വെല്‍ഫെയര്‍ പാര്‍ട്ടി തീരുമാനമെടുത്തത്. ഇതേ തുടര്‍ന്ന് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ പിന്തുണയോടെ സ്ഥാനാര്‍ഥിയായ ഷോബി ജോസഫിനെ പിന്തുണക്കാന്‍ പാര്‍ട്ടി ജില്ലാ ഘടകം സംസ്ഥാന കമ്മിറ്റിയുമായി ആലോചിച്ച് ഉറപ്പിക്കുകയായിരുന്നു. ഇക്കാര്യം ജില്ലാ നേതാക്കള്‍ പ്രഖ്യാപിക്കുകയും ചെയ്തു.
വെല്‍ഫെയര്‍ പാര്‍ട്ടി വിവിധ നിയോജക മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ആരംഭിച്ചു. അതേസമയം, സ്ഥാനാര്‍ഥിയും യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രവര്‍ത്തകരും തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയിരുന്നുമില്ല. മുന്നണികളെ മാറിമാറി സമീപിച്ച് തങ്ങളുടെ ഡിമാന്‍ഡുകള്‍ സാധിച്ചെടുക്കാനുള്ള പരക്കം പാച്ചിലിലായിരുന്നു അവര്‍. പറഞ്ഞുറപ്പിച്ച ധാരണകള്‍ മുന്‍നിര്‍ത്തി ഷോബി ജോസഫ് മത്സരിക്കാതെ ജോയ്‌സ് ജോര്‍ജിനു പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
ഇടുക്കി പാര്‍ലിമെന്റ് മണ്ഡലത്തില്‍ 20,000 വോട്ടുകള്‍ തങ്ങള്‍ക്കുണ്ടെന്നും ഇത് ജോയ്‌സ് ജോര്‍ജിന് രേഖപ്പെടുത്തുമെന്നും പൊതു പ്രശ്‌നങ്ങളില്‍ യോജിച്ചു പ്രവര്‍ത്തിക്കുമെന്നുമാണ് ഷോബിയുടെയും യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെയും തീരുമാനം. എന്നാല്‍, ഗൗരവമായ ചര്‍ച്ചകള്‍ നടത്താതെ പിന്തുണ പ്രഖ്യാപിച്ച വെല്‍ഫെയര്‍ പാര്‍ട്ടി ഇനിയെന്തെന്ന ഉത്തരം കിട്ടാതെ കുഴങ്ങുകയാണ്. ഷോബി ജോസഫിന് പിന്തുണ അറിയിച്ചപ്പോഴേ ജമാഅത്തെ ഇസ്്‌ലാമിയുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും ചില ഘടകങ്ങള്‍ വേറിട്ട അഭിപ്രായങ്ങളുമായി രംഗത്തുവന്നിരുന്നു.