Connect with us

Gulf

ദുബൈയില്‍ ദിവസവും ഇരുപതിനായിരം ടൂറിസ്റ്റ് വിസകള്‍ നല്‍കുന്നെന്ന്

Published

|

Last Updated

ദുബൈ: ഓരോ ദിവസവും ദുബൈയില്‍ ഇരുപതിനായിരം ടൂറിസ്റ്റ് വിസകള്‍ നല്‍കുന്നുണ്ടെന്ന് ദുബൈ ഇമിഗ്രേഷന്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അഹ്മദ് അല്‍ മറി അറിയിച്ചു. ഇക്കാര്യത്തില്‍ ലഭ്യമായ മുഴുവന്‍ ഇലക്‌ട്രോണിക് സൗകര്യങ്ങളും ഇമിഗ്രേഷന്‍ വിഭാഗം ഉപയോഗപ്പെടുത്തുന്നുണ്ടെന്നും അല്‍ മറി.
കുറഞ്ഞ സമയത്തിനുള്ളില്‍ പ്രയാസങ്ങളില്ലാതെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ സാധിപ്പിക്കുക എന്ന യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാട് നടപ്പില്‍ വരുത്തുന്നതില്‍ ദുബൈ ഇമിഗ്രേഷന്‍ ഏറെ മുമ്പോട്ട് പോയിട്ടുണ്ടെന്നും അല്‍ മറി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദുബൈയിലെത്താന്‍ ആഗ്രഹിക്കുന്ന ധാരാളമാളുകളുണ്ട്. അവര്‍ക്ക് ദുബൈയിലെത്താനുള്ള വാതില്‍ തുറന്നു കൊടുക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. ഇത് കൊണ്ട് തന്നെ ദുബൈയിലേക്കുള്ള സന്ദര്‍ശകരുടെയും വിനോദ സഞ്ചാരികളുടെയും ഒഴുക്കു നാള്‍ക്കുനാള്‍ കൂടിവരികയാണ്.
ആവശ്യക്കാരുടെ എണ്ണം ഇനിയും ഇരട്ടിയായി കൂടുമെന്നാണ് എക്‌സ്‌പോ 2020 പ്രഖ്യാപിക്കപ്പെട്ടതിനു ശേഷമുള്ള സാഹചര്യം പറയുന്നത്. നമ്മുടെ മുമ്പില്‍ ലഭ്യമായ മുഴുവന്‍ സാങ്കേതിക സൗകര്യങ്ങളും സംവിധാനങ്ങളും പൊതു ജനങ്ങളുടെ സൗകര്യത്തിനായി ഉപയോഗപ്പെടുത്തും, അല്‍ മറി പറഞ്ഞു.
നിയമപരമായി ദുബൈയില്‍ രജിസ്റ്റര്‍ ചെയ്ത ഏതൊരു ടൂറിസം സ്ഥാപനത്തിനും ലോകത്തിന്റെ ഏതു കോണില്‍ നിന്നും 24 മണിക്കൂറും വിസക്കുള്ള അപേക്ഷ സമര്‍പ്പിക്കാവുന്ന തുറന്ന സൗകര്യമാണ് ദുബൈ ഒരുക്കുന്നത്. സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു പറ്റം ഉദ്യോഗസ്ഥര്‍ രാപ്പകല്‍ സേവന നിരതരായി പ്രവര്‍ത്തിക്കുന്നു എന്നതിനാലാണ് ഇത് സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.